Connect with us

Kerala

അറസ്റ്റിന് തലേന്ന് സരിത മുഖ്യമന്ത്രിയുടെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചുവെന്ന് സലീം രാജ്‌

Published

|

Last Updated

കൊച്ചി: അറസ്റ്റിലാകുന്നതിന്റെ തലേദിവസം സരിത എസ് നായര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചിരുന്നതായി മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ആയിരുന്ന സലിംരാജ് സോളാര്‍ തട്ടിപ്പ് ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. പോലീസ് അറസ്റ്റ് ചെയ്യുന്നതിന്റെ തലേദിവസം 2013 ജൂണ്‍ രണ്ടിന് സരിതാ എസ് നായര്‍ തന്റെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചിരുന്നു. താന്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലുണ്ടെന്ന് മനസ്സിലാക്കിയ സരിത സന്ധ്യക്ക് ശേഷം അവിടുത്തെ ലാന്‍ഡ്‌ഫോണിലേക്കും വിളിച്ചു. അതേ ഫോണില്‍ താന്‍ സരിതയെ തിരിച്ച് വിളിക്കുകയും ചെയ്തു. ഇതുകൂടാതെ നിരവധി തവണ സരിതാ നായരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ലാന്‍ഡ് ഫോണില്‍ നിന്ന് വിളിച്ചിരുന്നതായും സലിം രാജ് സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഫോണില്‍ നിന്ന് സരിതയുടെ ഫോണിലേക്ക് വിളിച്ചതന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച അന്നത്തെ ഇന്റലിജന്‍സ് എഡി ജി പി. ടി പി സെന്‍കുമാര്‍ തന്നോട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചിരുന്നോ എന്നു ചോദിച്ചിരുന്നില്ല. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന എഡി ജി പി. എ ഹേമചന്ദ്രന്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്നുള്ള ഫോണ്‍ വിളികളെക്കുറിച്ച് തന്നോട് അന്വേഷണത്തിന്റെ ഭാഗമായി ചോദിച്ചിരുന്നു. വിളിക്കാനിടയായ സാഹചര്യം താന്‍ എ ഡി ജി പി ഹേമചന്ദ്രനോട് വിശദീകരിച്ചു.
സലിം രാജിന്റെ മൊബൈല്‍ നമ്പറില്‍ നിന്ന് സരിത ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പറിലേക്കും തിരിച്ചും 202 വിളികള്‍ നടത്തിയതിന്റെ രേഖകള്‍ കമ്മീഷന്‍ അഭിഭാഷകന്‍ കെ ഹരികുമാര്‍ സലിംരാജിനെ കാണിച്ചു. ഈ നമ്പറിലേക്ക് എസ് എം എസ്‌കളും സരിത അയച്ചിട്ടുണ്ട്. സരിതയുടെ നമ്പറില്‍ നിന്ന് സലിംരാജിന്റെ നമ്പറിലേക്കും തിരിച്ചും 214 തവണ വിളികള്‍ നടത്തിയതിന്റെ രേഖകളും കാണിച്ചു. ഇതു കൂടാതെയാണ് ലാന്‍ഡ്‌ഫോണില്‍നിന്ന് വിളിച്ചിട്ടുള്ളത്. എത്ര തവണ വിളിച്ചുവെന്നത് കൃത്യമായി ഇപ്പോള്‍ ഓര്‍മയില്ലെന്ന് സലീംരാജ് കമ്മീഷനില്‍ മൊഴി നല്‍കി. മുഖ്യമന്ത്രിക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ അദ്ദേഹം ആരെയെങ്കിലും വിളിക്കാന്‍ പേഴ്‌സനല്‍ സ്റ്റാഫിന്റെ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നത്. മറ്റ് മന്ത്രിമാര്‍ പതിവായി ഗണ്‍മാന്‍മാരുടെ ഫോണിലാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നത്. സര്‍ക്കാര്‍ ഡയറിയില്‍ പരസ്യപ്പെടുത്തിയിരുന്ന രണ്ടു നമ്പറുകള്‍ കൂടാതെ മുഖ്യമന്ത്രിക്ക് മാത്രം ഉപയോഗിക്കാനായി ഔദ്യോഗിക വസതിയില്‍ ഒരു ലാന്‍ഡ്‌ഫോണും ഉണ്ടായിരുന്നു. സരിത ആവശ്യപ്പെട്ടതനുസരിച്ച് പല ഉന്നതരുടെയും ഫോണ്‍ നമ്പറുകള്‍ താന്‍ ശേഖരിച്ചു നല്‍കിയിട്ടുണ്ട്. ബിസിനസ് കാര്യങ്ങള്‍ക്കായി സരിതയെ വിളിച്ചിട്ടില്ലെന്നും സലീംരാജ് കമ്മീഷനില്‍ മൊഴി നല്‍കി. സരിത എസ് നായരെ താന്‍ ആദ്യമായി കാണുന്നത് പാല കടപ്ലാമറ്റത്ത് മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടിയില്‍ വെച്ചായിരുന്നു. സരിതയെ താന്‍ സെക്രട്ടേറിയറ്റില്‍ വെച്ച് ഒരു തവണ പോലും കണ്ടിട്ടില്ല. സലിംരാജിനെ താന്‍ ആദ്യം പരിചയപ്പെട്ടത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനായി സെക്രട്ടേറിയറ്റില്‍ പോയപ്പോഴാണെന്ന സരിതയുടെ മൊഴി കമ്മീഷന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് വാസ്തവ വിരുദ്ധമാണെന്നും സലിംരാജ് സോളാര്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി.
കടകംപള്ളി ഭൂമി ഇടപാടുകേസില്‍ തന്റെ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും വോയ്‌സ് റെക്കോര്‍ഡും പിടിച്ചെടുക്കാനുള്ള ഹൈക്കോടതി സിംഗിള്‍ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി സ്റ്റേ വാങ്ങിയത് താനാവശ്യപ്പെട്ടിട്ടല്ലെന്നും ഫോണിലെ ചില സംഭാഷണങ്ങളില്‍ രാഷ്ട്രീയ പ്രാധാന്യമുള്ള ഭാഗങ്ങളുള്ളതിനാല്‍ അത് പുറത്തുവരുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ തന്നെ അപ്പീല്‍ നല്‍കിയതെന്നും വിസ്താരത്തിനിടെ സലിം രാജ് പറഞ്ഞു.