Connect with us

Ongoing News

നാടകത്തിലെ പൊള്ളുന്ന ജീവിതം പറഞ്ഞ് 'സുമേഷ്'

Published

|

Last Updated

തിരുവനന്തപുരം: അനുഭവങ്ങളുടെ തീച്ചൂളയില്‍ പാകപ്പെടുന്ന ജീവിത സന്ദര്‍ഭങ്ങള്‍ പല നാടകങ്ങളിലും നാം ഒട്ടേറെ കണ്ടിട്ടുണ്ട്. എന്നാല്‍ നാടകം തന്നെ ഒരു ജീവിതവും അനുഭവവുമാകുന്ന പ്രമേയവുമായാണ് “സുമേഷ്” സംസ്ഥാന കലോത്സവത്തിലെ നാടകവേദിയെ പിടിച്ചുലച്ചത്. ഒരു കാലത്ത് നമ്മുടെ സമൂഹത്തില്‍ നിറ സാന്നിധ്യമായിരുന്ന നാടകം ഉത്സപ്പറമ്പുകളില്‍ നിന്നും ആര്‍ട്‌സ് ക്ലബുകളില്‍ നിന്നും പടിയിറങ്ങുന്ന കാലത്താണ് നാടകവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന അവസാന കണ്ണിക്കും പങ്കുവെക്കാന്‍ അനുഭവങ്ങളുണ്ടെന്ന് ഉറക്കെപ്പറഞ്ഞ് സുമേഷ് എത്തിയത്. നാടകങ്ങള്‍ രംഗത്ത് നിന്നും മായാതിരിക്കാന്‍ സ്വന്തം ജീവിത ചരട് നഷ്ടപ്പെടുത്തിയും കഷ്ടപ്പെടുന്നവരുടെ കഥയാണ് സുമേഷ് എന്ന നാടകത്തിന്റെ ഇതിവൃത്തം. നവ മാധ്യമങ്ങളുടെയും ആധുനിക സാങ്കേതിക വിദ്യകളുടെയും കടന്നു കയറ്റം കാരണം ആര്‍ക്കും വേണ്ടാതായ നാടകം എന്ന കലയെ പിടിച്ചു നിര്‍ത്താന്‍ സ്വന്തം ജീവിതം തന്നെ ഹോമിക്കുകയാണ് സുമേഷ്.
നാടകത്തില്‍ മറ്റെല്ലാ മേഖലയിലുള്ളവരെപ്പോലെ തന്നെ പ്രാധാന്യം കര്‍ട്ടന്‍ വലിക്കുന്നവനുമുണ്ട്. തന്റെ പിടിയൊന്നു വിട്ടാല്‍ അവിടെ തീരും ആ നാടകത്തിന്റെ ആയുസ് എന്ന് പറയാതെ പറയുകയാണ് സുമേഷ്. രംഗസജ്ജീകരണത്തിലും കലാസംവിധാനത്തിലും അഭിനയത്തിലും സംവിധാനത്തിലുമൊക്കെ ഒരു പോലെ മികവ് പുലര്‍ത്തിയ “സുമേഷ്” അര മണിക്കൂര്‍ നേരത്തേക്ക് കാണികളെ ആകാംക്ഷയോടെ പിടിച്ചിരുത്തി. പതിവ് സ്‌കൂള്‍ നാടക രീതിയില്‍ നിന്നും വ്യത്യസ്തമായി സ്റ്റേജ് ഉപയോഗിക്കുന്നതില്‍ പുതിയ രീതി അവലംബിച്ചത് സുമേഷിനെ കൂടുതല്‍ ശ്രദ്ധേയമാക്കി.
രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി യവനികയില്‍ നിന്നും മാഞ്ഞുതുടങ്ങിയ നാടകത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തുന്നതിനൊപ്പം സവര്‍ണമേധാവിത്വത്തിനെതിരെയും കീഴാളരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി മാറി നാടകം. രണ്ട് തവണ സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച നടനായ ഹരിഗോവിന്ദാണ് സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഹയര്‍സെക്കന്‍ഡറി വിഭാഗം നാടക മത്സരത്തില്‍ കണ്ണൂര്‍ ജില്ലയിലെ ഏടൂര്‍ സന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കലാലോകത്തേയും സാംസ്‌കാരിക കേരളത്തേയും ഒരുപോലെ ചിന്തിപ്പിച്ച സുമേഷിനെ അവതരിപ്പിച്ചത്. ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ജിനോ ജോസഫ് ആണ് നാടകത്തിന്റെ സംവിധായകന്‍. ജിനോയുടെ തന്നെ മത്തി, മാങ്ങാണ്ടി എന്നീ നാടകങ്ങള്‍ക്ക് കഴിഞ്ഞ കലോത്സവങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ജിനോയുടെ മത്തി എന്ന നാടകത്തിന് ദേശീയ- സംസ്ഥാന അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
നാടകം അന്യം നിന്നുപോകുമെന്ന അഭിപ്രായം തനിക്കില്ല. പുതിയ പരീക്ഷണങ്ങള്‍ ഉണ്ടാകണം, പഴഞ്ചന്‍ രീതി മാറണം. കാഴ്ചക്കാരനെ പിടിച്ചിരുത്താന്‍ ചില ബുദ്ധിമുട്ടുകള്‍ ഏറ്റെടുക്കണം. ഈ നാടകത്തില്‍ തന്നെ സാങ്കേതികപരമായ വലിയ ശ്രമങ്ങള്‍ നടത്തേണ്ടി വിന്നിട്ടുണ്ട്. പുതിയ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ഇത്തരം ശ്രമങ്ങള്‍ കൂടിയേ തീരൂവെന്ന് ജിനോ പറഞ്ഞു. കലോത്സവ വേദിയിലെ ഏറ്റവും ജനപ്രിയ ഇനം, ഏറ്റവുമധികം കുട്ടികള്‍ പങ്കെടുക്കുന്നതും ഏറ്റവും മുതല്‍മുടക്കുള്ളതും ദൈര്‍ഘ്യമേറിയതുമായ ഇനം . ഇത്രയധികം സവിശേഷതകള്‍ ഉണ്ടായിട്ടും വര്‍ഷങ്ങളായി കലോത്സവ വേദിയില്‍ നാടകത്തോടുള്ള അവഗണന തുടരുന്നുവെന്ന് ജിനോയും രക്ഷകര്‍ത്താക്കളും പറഞ്ഞു. മികച്ച സാങ്കേതിക വിദ്യകള്‍ പരീക്ഷിച്ച് നാടകം കൊഴിപ്പിക്കാനെത്തുന്ന സംഘങ്ങള്‍ക്ക് ഇടുങ്ങിയ സ്റ്റേജും വ്യക്തതയില്ലാത്ത മൈക്കും തുറന്ന വേദിയും കൊണ്ട് തൃപ്തിപ്പെടേണ്ടിവരുന്ന അവസ്ഥയാണുള്ളതെന്നും അവര്‍ പറഞ്ഞു. ഹരിഗോവിന്ദ്, ചഞ്ചല്‍, നജറിന്‍, ഡാനില്‍, ആകാശ്, സാഹില്‍, ആന്‍ മരിയ, ഐശ്വര്യ, ശ്യാം എന്നിവരാണ് അഭിനേതാക്കള്‍. സംസ്ഥാനതല നാടക മത്സരത്തില്‍ രണ്ട് തവണ ഒന്നാമതെത്താന്‍ സെന്റ് മേരീസ് സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്.

---- facebook comment plugin here -----

Latest