Connect with us

Ongoing News

ത്രിപുട താളത്തില്‍ ഹാട്രിക് തികച്ച് ശ്രാവണിന്റെ മടക്കം

Published

|

Last Updated

തിരുവനന്തപുരം: മാന്ത്രിക വിരലുകള്‍ മിശ്ര ത്രിപുട താളത്തില്‍ അത്ഭുതം സൃഷ്ടിച്ചപ്പോള്‍ മൂന്നാം തവണയും മൃദംഗ കിരീടം ശ്രാവണിനൊപ്പം. മൃദംഗത്തില്‍ ഹാട്രിക് തികച്ച് സ്‌കൂള്‍കലോത്സവ വേദിയോട് വിടചൊല്ലാന്‍ തീരുമാനമെടുത്താണ് ശ്രാവണിന്റെ മടങ്ങുന്നത്. ഇനി പൂര്‍ണമായും സംഗീത ലോകത്ത് വ്യാപരിക്കാനാണ് ശ്രാവണിന്റെ തീരുമാനം. കൊല്ലം കൊട്ടറ എസ് എം എച്ച് എസ് എസിലെ പ്ലസ്ടു വിദ്യാര്‍ഥിയായ ശ്രാവണ്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി മൃദംഗവേദിയില്‍ ഒന്നാമനാണ്. ശ്രാവണിന്റെ ജീവിതം തന്നെ സംഗീത മുഖരിതമായ അന്തരീക്ഷത്തിലാണ. അച്ഛനും അമ്മയും സംഗീതാധ്യാപകര്‍. സഹോദരിയും പാട്ടുകാരി. ശ്രാവണ്‍ ശാസ്ത്രീയ സംഗീതത്തിലും അഗ്രഗണ്യന്‍. വീട്ടുപേരാകട്ടെ “ശ്രുതി”.
അച്ഛന്‍ കൊട്ടറ രാജീവും അമ്മ ശശികലയും ശ്രാവണും ചേര്‍ന്നാണ് കച്ചേരികള്‍ നടത്തുന്നത്. ഒരേ വേദിയില്‍തന്നെ പാട്ടും മൃദംഗവും കൈകാര്യം ചെയ്യാറുള്ള ശ്രാവണ്‍ കേരളത്തിന് പുറത്തും കച്ചേരി അവതരിപ്പിക്കാറുണ്ട്. എട്ട്, ഒമ്പത് ക്ലാസുകളില്‍ സംസ്ഥാനതലത്തില്‍ രണ്ടാംസ്ഥാനവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഒന്നാംസ്ഥാനവും കരസ്ഥമാക്കാന്‍ ശ്രാവണിനെ പാകപ്പെടുത്തിയത് ഗുരു മുളങ്കാടകം കെ ആര്‍ ഭാസിയാണ്. കലോത്സവവേദിയിലെ അവസാന കിരീടം ഗുരിവിന് സമര്‍പ്പിക്കുമെന്ന് ശ്രാവണ്‍ പറഞ്ഞു.
അഞ്ചാംകാസ് മുതല്‍ ശാസ്ത്രീയ സംഗീതപഠനം തുടങ്ങി. ആറുവര്‍ഷമായി മൃദംഗവും അഭ്യസിക്കുന്നു. മത്സരവേദികളില്‍ അധികമാരും ഉപയോഗിക്കാത്ത മിശ്ര ത്രിപുടയാണ് എല്ലാ വര്‍ഷവും ശ്രാവണ്‍ വായിക്കുന്നത്. അച്ഛനും അമ്മയും “ഗാനപ്രവീണ” പാസായ തിരുവനന്തപുരം സംഗീത കോളേജില്‍ നടന്ന മത്സരത്തില്‍തന്നെ ഒന്നാംസ്ഥാനം നേടാനായതിന്റെ സന്തോഷവും ശ്രാവണ്‍ മറച്ചുവയ്ക്കുന്നില്ല.

Latest