ഈ താരങ്ങള്‍ മര്‍കസിന്റെ സംഭാവനകള്‍

Posted on: January 23, 2016 3:36 am | Last updated: January 22, 2016 at 11:39 pm
SHARE

karanthoor markasile Kashmir vidhyarthikalതിരുവനന്തപുരം: ഇവര്‍ക്ക് സ്‌കൂള്‍ കലോത്സവത്തിന്റെ നിറങ്ങള്‍ പരിചയമില്ല. സദാസമയം മുഴങ്ങിക്കേള്‍ക്കുന്നത് കലാപത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ആരവങ്ങള്‍ മാ്രതം. വര്‍ഷങ്ങള്‍ക്ക് മുമ്പെ കോഴിക്കോട് കാരന്തൂര്‍ മര്‍കസില്‍ പഠനത്തിനായി എത്തിയ ഇവര്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നേടിയത് അഭിമാനാര്‍ഹമായ വിജയം. ജമ്മുവിലെ പുഞ്ച് സ്വദേശിയായ മെഹമ്മൂദ് അഹമ്മദ്, കാശ്മീര്‍ ബാരമുള്ള സ്വദേശിയായ ത്വാഹിര്‍ സുല്‍ത്താന്‍, കാശ്മീര്‍ ബഡ്ഗാം സ്വദേശിയായ സാബിത്തുള്ള നജാര്‍, ഉത്തര്‍പ്രദേശ് രാംപൂര്‍ സ്വദേശിയായ മെഹറാജ് അഹമ്മദ് എന്നിവരാണ് കലോത്സവത്തില്‍ താരങ്ങളായത്. ഹൈസ്‌കൂള്‍ വിഭാഗം ഉറുദു പ്രസംഗം, ഹയര്‍സെക്കന്‍ഡറി വിഭാഗം, കഥാരചന, കവിതാ രചന, ഉപന്യാസം എന്നീ ഇനങ്ങളിലാണ് ഈ നാല്‍വര്‍ സംഘം മത്സരിച്ചത്. ഉറുദു പ്രസംഗത്തില്‍ മെഹമ്മൂദ് അഹമ്മദും ഉറുദു കവിതാ രചനയില്‍ ത്വാഹിര്‍ സുല്‍ത്താനും ഉറുദു പ്രസംഗത്തില്‍ മെഹരാജ് അഹമ്മദും നേടിയത് ഫസ്റ്റ് എ ഗ്രേഡാണ്. ഉറുദു കഥാരചനയില്‍ സാബിത്തുള്ള സജാര്‍ സെക്കന്‍ഡ് എ ഗ്രേഡ് കരസ്ഥമാക്കി. അഴിമതിയുടെ വ്യാപനം എന്നതായിരുന്നു പ്രസംഗ മത്സര വിഷയം. എന്റെ ദേശത്തിലെ വിചിത്ര സംഭവം എന്നതായിരുന്നു കഥാരചനക്ക് നല്‍കിയ വിഷയം. കവിതക്ക് എന്റെ അമ്മ എന്നും ഉപന്യാസ രചനക്ക് എന്റെ സ്വപ്‌നത്തിലെ ഇന്ത്യ എന്നും വിഷയം നല്‍കി. ത്വാഹിറിന് കഴിഞ്ഞ തവണ നടന്ന സംസ്ഥാന കലോത്സവത്തിലും ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചിരുന്നു. കാരന്തൂര്‍ മര്‍കസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇവര്‍. മെഹമ്മൂദ് അഹമ്മദ് എട്ടാം തരത്തിലും ത്വാഹിര്‍ സുല്‍ത്താന്‍ പ്ലസ് വണിനും സാബിത്തുള്ള പ്ലസ് ടുവിനും മെഹരാജ് പ്ലസ് വണിനുമാണ് പഠിക്കുന്നത്. ഇവരുടെ പഠനച്ചെലവ് മുഴവന്‍ വഹിക്കുന്നത് മര്‍കസാണ്.
കേരളത്തില്‍ നടക്കുന്നത് പോലെയുള്ള ഇത്തരം കലോത്സവങ്ങള്‍ കാശ്മീരില്‍ നടന്നിരുന്നുവെങ്കില്‍ വര്‍ഗീയ കലാപങ്ങളും വെടിയൊച്ചകളും തങ്ങളുടെ ജന്മനാട്ടില്‍ അരങ്ങേറുകയില്ലായിരുന്നുവെന്ന് കലോത്സവ നഗരിയില്‍ വെച്ച് കുട്ടികള്‍ പറഞ്ഞു. മഞ്ഞ്മലകള്‍ തീര്‍ക്കുന്ന കൊടുംതണുപ്പില്‍ കലാ പ്രവര്‍ത്തനങ്ങള്‍ അപ്രാപ്യമായിത്തീര്‍ന്നിരിക്കുകയാണെന്ന് ഇവര്‍ പറയുന്നു. മര്‍കസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഉറുദു അധ്യാപകന്‍ പി കെ സി മുഹമ്മദിന്റെ ശിക്ഷണത്തിലാണ് ഇവര്‍ ഉറുദുസാഹിത്യത്തില്‍ നൈപുണ്യം നേടിയത്.
2004 മുതലാണ് കാശ്മീരില്‍ നിന്നും കാരന്തൂര്‍ മര്‍കസിലേക്ക് കുട്ടികള്‍ പഠനത്തിന് എത്താന്‍ തുടങ്ങിയത്. കാശ്മീരില്‍ ഉടലെടുത്ത വര്‍ഗീയ കലാപങ്ങളും കൊടിയ ദാരിദ്ര്യവും കാരണം അന്നത്തെ കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ അഭ്യര്‍ഥന മാനിച്ചാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കുട്ടികളെ ഏറ്റെടുക്കാന്‍ തുടങ്ങിയത്. കാശ്മീരില്‍ നിന്ന് വന്ന കുട്ടികള്‍ ഇപ്പോള്‍ കോഴിക്കോട് ഫറൂഖ് കോളജിലും എന്‍ ഐ ടിയിലും പഠനം നടത്തുന്നുണ്ട്. ഉത്തരേന്ത്യയില്‍ നിന്ന് വരുന്ന കുട്ടികള്‍ കേരളത്തിലെ വിവിധ വിദ്യാലയങ്ങളില്‍ പഠിച്ച് വരുന്നത് കാരണം ഉറുദു മത്സര വേദികളില്‍ പലപ്പോഴും അനുഭവപ്പെടുന്നത് കടുത്ത മത്സരമാണെന്ന് പി കെ സി മുഹമ്മദ് സിറാജിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here