Connect with us

Ongoing News

കലോത്സവ നഗരിയില്‍ സഹായഹസ്തവുമായി ഫെസ്റ്റ് ഫോഴ്‌സ്

Published

|

Last Updated

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തലസ്ഥാന നഗരിയില്‍ എത്തിയവര്‍ക്ക് സഹായ ഹസ്തവുമായി “ഫെസ്റ്റ് ഫോഴ്‌സ് സജീവം. കുട്ടിപ്പോലീസിനെയാണ് ഫെസ്റ്റ് ഫോഴ്‌സ് എന്ന് നാമകരണം ചെയ്ത് വിവിധ വേദികളില്‍ കര്‍മസജ്ജരാക്കിയിരിക്കുന്നത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് കലോത്സവ നഗരികളില്‍ ഫെസ്റ്റ് ഫോഴ്‌സിനെ വിന്യസിച്ചിരിക്കുന്നത്. സംയുക്ത കായികാധ്യാപക സംഘടനയാണ് പോലിസ് സേനയെ സഹായിക്കാന്‍ കുട്ടിപ്പോലിസിനെ നിയോഗിച്ചത്.
തിരുവനന്തപുരം ജില്ലയിലെ 24 സ്‌കൂളുകളില്‍ നിന്നായി തിരഞ്ഞെടുത്ത ആയിരത്തോളം പ്ലസ്ടു വിദ്യാര്‍ഥികളാണ് ഫെസ്റ്റ് ഫോഴ്‌സില്‍ സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വരുന്നത്. ദിവസങ്ങള്‍ ദിവസങ്ങളോളം നീണ്ട പരിശീലനത്തിനൊടുവിലാണ് ഇവര്‍ പോലിസിനെ സഹായിക്കാനായി എത്തിയിരിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ ആരംഭിച്ച് മൂന്ന് ഷിഫ്റ്റുകളിലായാണ് കുട്ടിപോലിസ് കലോത്സവ വേദികളില്‍ “ഡ്യൂട്ടി” ചെയ്യുന്നത്. 200 പെണ്‍കുട്ടികളും ഫോഴ്‌സിലുണ്ട്. മത്സരാര്‍ത്ഥികള്‍ക്കും ഒഫീഷ്യല്‍സിനും അത്യാവശ്യമായി വ ചെയ്ത് കൊടുക്കേണ്ട സഹായങ്ങളും രക്ഷാകര്‍ത്താക്കള്‍ക്കും കാണികള്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കുക എന്നതാണ് ഇവരില്‍ അര്‍പ്പിതമായ ചുമതല.
കോഴിക്കോട് ഇരിങ്ങല്ലൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ കെ യു ബാബുവിന്റെ നേതൃത്വത്തിലാണ് ഫെസ്റ്റ് ഫോഴ്‌സ് പ്രവര്‍ത്തിക്കുന്നത്. ഓരോ വേദികളിലും ഒരു സബ് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശാനുസരണം 21 പേരടങ്ങുന്ന ഒരു പ്ലാറ്റൂണ്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കാവശ്യമായ യൂനിഫോം അടക്കമുള്ളവ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏബിള്‍ ഇന്റര്‍നാഷനല്‍ എന്ന സ്വകാര്യകമ്പനിയാണ് നല്‍കിയിരിക്കുന്നത്. കലോത്സവ സംഘാടക സമിതിയില്‍ നിന്നും പ്രത്യേക സാമ്പത്തിക സഹായങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന ഫെസ്റ്റ് ഫോഴ്‌സ് വേദികളുടെ നിയന്ത്രണമേറ്റെടുത്തതോടെ കേരള പോലിസിനും ജോലിഭാരം കുറഞ്ഞിട്ടുണ്ട്.

Latest