Connect with us

Ongoing News

ഇവരുടെ ലക്ഷ്യം പ്രിയ സുഹൃത്തിനായി ഒരു വിജയം

Published

|

Last Updated

തിരുവനന്തപുരം: അകാലത്തില്‍ പിരിഞ്ഞ് പോയ തങ്ങളുടെ പ്രിയ സുഹൃത്തിനെ മനസില്‍ കണ്ട് വിജയം നേടി സമര്‍പ്പിക്കാനായി ഇന്ന് ഹയര്‍സെക്കന്‍ഡറി വിഭാഗം അറബന മുട്ടിന് തയ്യാറെടുക്കുകയാണ് കൊണ്ടോട്ടി ഇ എം ഇ എ എച്ച് എസ് എസിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍. കഴിഞ്ഞ ഒക്‌ടോബര്‍ 12നാണ് സ്‌കൂള്‍ അറബനമുട്ടിന്റെ ടീം ലീഡറായിരുന്ന പ്ലസ്ടു ഹയര്‍സെക്കന്‍ഡറി പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിയായിരുന്ന നാസിം അഹമ്മദിന് വേണ്ടിയാണ് ടീം ഇന്ന് രിഫായി ബൈത്തിന്റെ ഈണത്തില്‍ വേദിയില്‍ കൊട്ടികയറുക. ടീം ലീഡര്‍ ബാസിം മാച്ചയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാശിയോടെ പൊരുതുക. ഇര്‍ഫാന്‍ കെ പി, മുഹമ്മദ് റിഷാന്‍, ബിന്‍ഷാദ്, ഷമീറലി, നമീം റഹ്മാന്‍, ഹാരിസ് കെ കെ, സല്‍മാന്‍, മുബഷിര്‍ എന്നിവര്‍ ഇവക്ക് പിന്തുണയേക്കും. വീട്ടിലേക്ക് നടന്ന് പോകുന്ന വഴി റോഡിലൂടെ വന്ന കാര്‍ വൈദ്യുതി തൂണിലിടിച്ച് വൈദ്യുതി തൂണ്‍ മറിഞ്ഞ് വീണാണ് നാസിം അഹമ്മദ് മരണപ്പെട്ടത്. ശാസ്ത്രമേളക്ക് സ്‌കൂളില്‍ ഒരുക്കങ്ങള്‍ നടത്തി മടങ്ങുകയായിരുന്നു. സ്‌കൂളില്‍ കലാകായിക മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച മിടുക്കനായിരുന്നു നാസിം. പഠനത്തിലും മുന്‍പന്തിയിലായിരുന്നു. എസ് എസ് എല്‍ സി പരീക്ഷയിലും പ്ലസ് വണ്‍ പരീക്ഷയിലും മുഴുവന്‍ വിഷയത്തിലും എപ്ലസ് കരസ്ഥമാക്കാന്‍ നാസിമിന് കഴിഞ്ഞിരുന്നു. ലോറി ഡ്രൈവറായിരുന്ന പിതാവ് കബീറിന്റെ പിന്തുണയായിരുന്നു നാസിമിന് കരുത്തേകിയത്. ഒമ്പതാം ക്ലാസ് മുതല്‍ സ്‌കൂള്‍ അറബനമുട്ട് ടീമില്‍ അംഗമായിരുന്നു നാസിം. ഈ മിടുക്കന്റെ നഷ്ടം വീട്ടുകാര്‍ക്കും സ്‌കൂളിനും തീരാത്ത വേദന സമ്മാനിച്ചു. ഇതെ തുടര്‍ന്ന് മത്സരങ്ങളില്‍ പങ്കെടുക്കാനായി പുറപ്പെടുമ്പോള്‍ ടീം നാസിമിന്റെ വീട്ടില്‍ കയറി കുടുംബത്തിന്റെ അനുഗ്രഹം വാങ്ങിയാണ് മത്സരത്തിന് ഇറങ്ങുന്നത്. ഇത് സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ എത്തിയപ്പോഴും മാറ്റം വരുത്തിയില്ല. മികച്ച പ്രതീക്ഷയിലാണ് ടീമെന്ന് ലീഡര്‍ അറിയിച്ചു. കൊണ്ടോട്ടി യൂനിറ്റ് എസ് എസ് എഫ് പ്രവര്‍ത്തകനാണ് മരണപ്പെട്ട നാസിം. കഴിഞ്ഞ വര്‍ഷ അഞ്ച് വര്‍ഷമായി മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് ഈ വിദ്യാലയമാണ് അറബനയില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷമൊഴിച്ച് ബാക്കിയെല്ലാ വര്‍ഷവും ഒന്നാം സ്ഥാനം നേടിയാണ് മടങ്ങിയത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനമാണ് നേടിയത്.

Latest