കലാരംഗത്തെ പരിചയ സമ്പന്നതയുമായി കലാഭവന്‍ നൗഷാദ്

Posted on: January 23, 2016 4:13 am | Last updated: January 25, 2016 at 1:50 pm
SHARE

kalabhavan-noushadതിരുവനന്തപുരം: മിമിക്രി- മോണോആക്ട് മത്സരങ്ങള്‍ അരങ്ങ്തകര്‍ക്കുമ്പോള്‍ സദസില്‍ നിറഞ്ഞ ആവേശത്തോടെ ഈ കലാകാരന്‍ ഉണ്ടാവും. ശബ്ദാനുകരണത്തിലും ഭാവാഭിനയത്തിലും നീണ്ട 22 വര്‍ഷം മിന്നുന്ന പ്രകടനം കാഴ്ച വെച്ച് ഇന്ത്യക്കകത്തും പുറത്തുമുള്ള കലാസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റിയ കലാഭവന്‍ നൗഷാദാണ് ഈ താരം. മൂവായിരത്തോളം വേദികളിലാണ് നൗഷാദ് ഇതിനകം മിമിക്രിയും മോണോആക്ടും അവതരിപ്പിച്ചത്. കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നൗഷാദിന് ലഭിച്ചത് നിരവധി പുരസ്‌കാരങ്ങളാണ്. ഇരിങ്ങാലക്കുട ചമയം നാടകവേദിയുടെ ആബേല്‍ പുരസ്‌കാരം, വലപ്പാട് പ്രതിഭാ പുരസ്‌കാരം, എസ് എന്‍ ട്രസ്റ്റ് പുരസ്‌കാരം എന്നിവ ഇതില്‍ ചിലതാണ്. 2005ല്‍ നടന്ന സ്‌കൂള്‍ കലോത്സവത്തിന്റെ കരിക്കുലം കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്‌കൂള്‍ കലോത്സവ വേദികളില്‍ നൗഷാദിന്റെ ശിഷ്യത്വം സ്വീകരിച്ചെത്തിയ മിമിക്രി കലാകാരന്മാരുടെ എണ്ണം രണ്ടായിരത്തോളമാണ്. ഇതില്‍ 22 പേരാണ് സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയത്. പുതിയ വിഷയങ്ങളും ആനുകാലിക സംഭവങ്ങളും ഗൗരവം ഒട്ടും ചോര്‍ന്നുപോകാത്ത വിധം ശക്തമായ ഭാഷയിലൂടെ രംഗത്തവതരിപ്പിക്കുന്നതിലാണ് മോണോആക്ടിന്റെ മികവ്. ശബ്ദാനുകരണകലയിലും നിരന്തരമായ പരിശീലനം ആവശ്യമാണെന്ന് നൗഷാദ് പറയുന്നു. ശബ്ദവും ഭാവവും ഒരുപോലെ സമ്മേളിപ്പിച്ച് അഭിനയത്തിന്റെ എല്ലാ മുഹൂര്‍ത്തങ്ങളും അഞ്ച് മിനുട്ടില്‍ ഒരുക്കിയെടുക്കുന്ന മോണോആക്ടില്‍ പുതിയ തലമുറ നല്ല ഭാവിയാണുള്ളതാണെന്ന് മത്സരങ്ങള്‍ വീക്ഷിച്ച ശേഷം നൗഷാദ് സിറാജിനോട് പറഞ്ഞു. കെ എസ് ആര്‍ ടി സിയില്‍ ഉദ്യോഗസ്ഥനാണ് കലാഭവന്‍ നൗഷാദ്. ഭാര്യ: സുബി നൗഷാദ്. മക്കള്‍: അഹ്ന, അലന്‍, ഇഷാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here