Connect with us

Gulf

അല്‍ ജസീറ അമേരിക്കയില്‍ 197 ജീവനക്കാരെ പിരിച്ചു വിടുന്നു

Published

|

Last Updated

ദോഹ: അടച്ചു പൂട്ടാന്‍ തീരുമാനിച്ച അല്‍ ജസീറ അമേരിക്ക അവിടെ ജോലി ചെയ്തു വന്ന 197 പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. അമേരിക്കന്‍ തൊഴില്‍ നിമയം അനുസരിച്ചാണ് കമ്പനി നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 100ലധികം ജീവനക്കാരെ പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ 60 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് അമേരിക്കന്‍ നിയമം. ഏപ്രില്‍ 13നും 30നുമിടയിലുള്ള ദിവസങ്ങളില്‍ ജീവനക്കാര്‍ പിരിഞ്ഞു പോകണമെന്നാണ് കത്തില്‍ പറയുന്നത്.
പ്രവര്‍ത്തനമാരംഭിച്ച് മൂന്നു വര്‍ഷം തികയും മുമ്പുള്ള അല്‍ ജസീറ അമേരിക്കയുടെ അടച്ചുപൂട്ടാനുള്ള പ്രഖ്യാപനം ഈ മാസം ആദ്യമാണ് വന്നത്. കഴിഞ്ഞ വര്‍ഷം കമ്പനിക്ക് അവിടെ 800 ജീവനക്കാരുണ്ടായിരുന്നതായി പത്രം പറയുന്നു. അമേരിക്കയിലെ മീഡിയ രംഗം നേരിടുന്ന സാമ്പത്തിക വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് അല്‍ ജസീറ പൂട്ടാന്‍ തീരുമനിച്ചത്. ഏപ്രില്‍ 30 ഓടെ പ്രവര്‍ത്തനം പൂര്‍ണമായും ഇല്ലാതാകും.
ഖത്വര്‍ അല്‍ ജസീറ മീഡിയ നെറ്റ് വര്‍ക്ക് കമ്പനിയുടെ കീഴിലാണ് അമേരിക്കയിലും അല്‍ ജസീറ ആരംഭിച്ചത്. മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് അല്‍ ഗോറിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന കറന്റ് ടി വി വിലക്കു വാങ്ങിയാണ് അല്‍ ജസീറ അമേരിക്കയില്‍ സ്ഥാനമുറപ്പിച്ചത്.
സി എന്‍ എന്‍ ചാനലില്‍ നിന്നുള്‍പ്പെടെ മികച്ച മാധ്യമ പ്രവര്‍ത്തകരെ ഉപയോഗിച്ചായിരുന്നു അല്‍ ജസീറ പ്രവര്‍ത്തനം തുടങ്ങിയത്. മാറി വരുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്കു മാറുകയാണെന്നും അമേരിക്കയിലെ സാന്നിധ്യം തുടരുമെന്നും നേരത്തേ അല്‍ ജസീറ വ്യക്തമാക്കിയിരുന്നു.

Latest