റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ ഇന്ത്യയുടെ ‘സങ്കല്‍പ്പ്’ ഖത്വറിലേക്ക്

Posted on: January 22, 2016 10:11 pm | Last updated: January 22, 2016 at 10:11 pm
SHARE
ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ 'സങ്കല്‍പ്പ്' കപ്പല്‍
ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡിന്റെ ‘സങ്കല്‍പ്പ്’ കപ്പല്‍

ദോഹ: 67 ാം ഇന്ത്യന്‍ റിപബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ‘ഐ സി ജി എസ് സങ്കല്‍പ്പ്’ ഖത്വര്‍ സന്ദര്‍ശിക്കുന്നു. ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി ദോഹ പോര്‍ട്ടിലെത്തുന്ന കപ്പല്‍ 24 മുതല്‍ 28 വരെയാണ് ഇവിടെയുണ്ടാവുക. പര്യടനത്തില്‍ ഖത്വര്‍ കൂടാതെ സഊദി അറേബ്യ, യു എ ഇ, ഒമാന്‍ രാജ്യങ്ങളാണ് സന്ദര്‍ശിക്കുന്നതെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യന്‍ തീരസംരക്ഷണ സേനയുടെ അഞ്ചാമത് ആധുനിക കപ്പലാണ് സങ്കല്‍പ്പ്. ഗോവ ഷിപ്യാര്‍ഡില്‍ 2008ല്‍ കമ്മീഷന്‍ ചെയ്ത കപ്പല്‍ കോസ്റ്റ്ഗാര്‍ഡിന്റെ മുതല്‍ക്കൂട്ടാണ്. കമാന്‍ഡ് ഓഫ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുകുള്‍ ഗാര്‍ഗിന്റെ നേതൃത്വത്തില്‍ 16 ഓഫീസര്‍മാരും 97 സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കപ്പലിലുണ്ടാകുക. മുംബൈ ആസ്ഥാനമായാണ് കപ്പല്‍ പ്രവര്‍ത്തിക്കുന്നത്.
105 മീറ്റര്‍ നീളമുള്ള കപ്പലില്‍ അത്യാധുനിക നാവിഗേഷനല്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ സെന്‍സര്‍ സംവിധാനം, ഹെലി പാഡ് എന്നിവയുള്ളു സുരക്ഷാ കപ്പലിന് തുടര്‍ച്ചയായി 6500 നോട്ടിക്കല്‍ മൈല്‍ സഞ്ചരിക്കുന്നതിനും ഇന്ധനം നിറക്കാതെയും മറ്റു സാങ്കേതിക സേവനങ്ങളില്ലാതെയും 25 ദിവസം തുടര്‍ച്ചയായി കടലില്‍ നങ്കൂരമിടാനും ശേഷിയുണ്ട്. കേരളമുള്‍പ്പെടെയുള്ള തീരങ്ങളില്‍ സങ്കല്‍പ്പ് സമുദ്ര സുരക്ഷാ ദൗത്യം നിര്‍വഹിച്ചിട്ടുണ്ട്. ലക്ഷദ്വീപ്, മിനികോയ് ദ്വീപ് എന്നിവിടങ്ങളിലും സുരക്ഷാ പട്രോളിംഗ് നടത്തി. ആസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ മൂന്നാമത് കപ്പിലാണ് ദോഹയിലെത്തുന്നത്. നേരത്തേ 2013ലും 2014ലും ഐ സി ജി എസ് സമുദ്രപ്രഹരി, ഐ സി ജി എസ് വിജിത് എന്നീ കപ്പലുകളാണ് ദോഹ പോര്‍ട്ടിലെത്തിയത്. ദോഹയിലെത്തുന്ന സങ്കല്‍പ്പിന് എംബസിയുടെ നേതൃത്വത്തില്‍ വരവേല്‍പ്പ് ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here