ജൈവിക വിഷം മറവിരോഗത്തിനു കാരണമാകുമെന്ന് പഠനം

Posted on: January 22, 2016 10:08 pm | Last updated: January 22, 2016 at 10:08 pm
SHARE
ഡോ. റിനീ റിഷര്‍
ഡോ. റിനീ റിഷര്‍

ദോഹ: പാരിസ്ഥിതിക ജൈവിക വിഷം മറവിരോഗത്തിനും തളര്‍വാതത്തിലേക്ക് നയിക്കുന്ന അമിയോട്രോഫിക് ലാറ്ററല്‍ സിലോറിസിസി (എ എല്‍ എസ്)നും ആക്കംകൂട്ടുമെന്ന പഠനവുമായി ഖത്വര്‍ വീല്‍ കോര്‍ണല്‍ മെഡിസിനിലെ മുന്‍ പ്രൊഫസര്‍. ഗള്‍ഫ് യുദ്ധ സമയത്തെ ജൈവിക വിഷങ്ങളെ സംബന്ധിച്ച് പഠിച്ചാണ് ഡോ. റിനീ റിഷര്‍ ഈ കണ്ടുപിടിത്തത്തിലെത്തിയത്. ഒന്നാം ഗള്‍ഫ് യുദ്ധത്തില്‍ പങ്കെടുത്ത അമേരിക്കന്‍ സൈനികരില്‍ ചിലര്‍ക്ക് ഒരു പതിറ്റാണ്ടിന് ശേഷം അസാധാരണ തളര്‍വാത ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ജൈവിക വിഷത്തെ സംബന്ധിച്ച് അവര്‍ പഠിച്ചത്. സമാന പരിശീലനം ലഭിച്ച എന്നാല്‍ ഗള്‍ഫ് മേഖലയിലേക്ക് പോകാത്ത സൈനികരേക്കാള്‍ രണ്ടിരട്ടിയായിരുന്നു ഗള്‍ഫിലെത്തിയ സൈനികരിലെ തളര്‍വാത ലക്ഷണങ്ങള്‍.
ഗള്‍ഫ് മരുഭൂമിയിലെ നിരപ്പായ സ്ഥലങ്ങളില്‍ ഉണങ്ങിയ സിയാനോബാക്ടീരിയകളുടെ സാന്നിധ്യമുണ്ടാകും. ജൈവചാക്രികത പൂര്‍ത്തിയാകാന്‍ ശൈത്യകാല മഴ കാത്തിരിക്കുകയാകും ഇവ. ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന ബാക്ടീരിയകളാണ് ഇവ. സാധാരണ വെള്ളത്തിലാണ് കാണപ്പെടാറുള്ളതെങ്കിലും വിവിധ അന്തരീക്ഷത്തില്‍ ഇവയുടെ സാന്നിധ്യമുണ്ടാകും. ഈ ബാക്ടീരിയകള്‍ അടങ്ങിയ മണ്ണിലൂടെ സൈനിക വാഹനങ്ങളും ടാങ്കുകളും പോകുമ്പോള്‍, ന്യൂറോടോക്‌സിന്‍ (ബി എം എ എ) അടങ്ങിയ പൊടിയായി മാറും. പൊടി ശ്വസിക്കുകയും ശരീരത്തില്‍ പറ്റിപ്പിടിക്കുകയും ചെയ്ത് കാലങ്ങള്‍ക്ക് ശേഷം ഇവയുടെ പ്രവര്‍ത്തനഫലമായി നാഡീവ്യൂഹം തകരാറിലാകുന്നു. ന്യൂറോടോക്‌സിനുകള്‍ നാഡീസംബന്ധിയായ രോഗങ്ങള്‍ക്ക് പ്രധാന കാരണമായി തീരും. ന്യൂറോടോക്‌സിന്റെ കാലങ്ങളായുള്ള മാറ്റം നാഡീവ്യൂഹ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പഠനത്തിന്റെ കാതല്‍. ഇത് ശാസ്ത്രജ്ഞര്‍ മുമ്പെ സംശയിച്ചതാണെങ്കിലും ഇപ്പോഴാണ് തെളിവ് ലഭിച്ചത്. നാഡീവ്യൂഹത്തെ തകരാറിലാക്കി തളര്‍വാതത്തിലേക്ക് നയിക്കുന്നതാണ് ന്യൂറോടോക്‌സിന്‍ പൊടിപടലമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഗവേഷണം നടത്തുമ്പോഴാണ് ഖത്വറില്‍ വെച്ച് പഠനത്തിന്റെ ലീഡ് ഓതറും എത്‌നോ മെഡിസിന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ എത്‌നോബോട്ടാണിസ്റ്റുമായ പോള്‍ അലന്‍ കോക്‌സിനെ പരിചയപ്പെടുന്നത്. പോസ്റ്റ്‌ഡോക്ടറല്‍ വിദ്യാര്‍ഥിയായിരുന്ന ഡോ. അസ്പ ഷത്സിഫ്തിമോയും അടങ്ങിയ മൂവര്‍സംഘം മരുഭൂമിയിലെ ബാക്ടീരിയകളടങ്ങിയ ജൈവികവിഷങ്ങളെ സംബന്ധിച്ച് വ്യാപക അന്വേഷണം ആരംഭിച്ചു.
ഖത്വറിലെ മരുഭൂമിയില്‍ 87 ശതമാനം പ്രദേശത്തും ഇത്തരം ബാക്ടീരിയകളുണ്ടെന്ന് ഇവരുടെ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ ബാക്ടീരിയകള്‍ ഉത്പാദിപ്പിക്കുന്ന ജൈവികവിഷം അവക്ക് അടിയിലുള്ള മണ്ണിലാണ് ഉണ്ടാകുക. ന്യൂറോടോക്‌സിനുകള്‍ അള്‍ഷിമേഴ്‌സിനും തളര്‍വാതത്തിനും കാരണമാകുമെന്ന് തെളിയിക്കാന്‍ രണ്ട് പരീക്ഷണങ്ങളും ഇവര്‍ നടത്തിയിട്ടുണ്ട്. ഖത്വറിനെ പോലെ സിയാനോബാക്ടീരിയകള്‍ വ്യാപകമായി കാണപ്പെടുന്ന മരുഭൂ പ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതിലേക്ക് ഈ പഠനം സൂചിപ്പിക്കുന്നു. മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളിലെ മരുഭൂമികളിലും മിഷിഗണ്‍ തടാകത്തിന്റെ തീരത്തുള്ള മരീനറ്റ്, വിസ്‌കോന്‍സിന്‍ തുടങ്ങിയയിടങ്ങളിലും ഈ ബാക്ടീരിയകളുടെ സാന്നിധ്യമുണ്ട്. നാഡീവ്യൂഹസംബന്ധിയായ ആരോഗ്യത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണമേന്മ വളരെ പ്രധാനമാണെന്നും പഠനം സൂചിപ്പിക്കുന്നതായി ഡോ. റിഷര്‍ പറഞ്ഞു. ലണ്ടന്‍ റോയല്‍ സൊസൈറ്റിയുടെ ബയോളജിക്കല്‍ റിസര്‍ച്ച് ജേണലില്‍ ഈയാഴ്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here