Connect with us

Gulf

വ്യവസായികാവശ്യത്തിനുള്ള ഭൂമിക്ക് ലഭിച്ചത് മുവായിരത്തിലേറെ അപേക്ഷകള്‍

Published

|

Last Updated

ദോഹ: അല്‍ വക്‌റ ഉള്‍പ്പെടുന്ന തെക്കന്‍ മേഖലയില്‍ നിന്ന് വിവിധ പദ്ധതികള്‍ക്കായി അംഗീകൃത നിര്‍മാതാക്കളില്‍ നിന്ന് മുവായിരത്തിലേറെ അപേക്ഷകള്‍ ലഭിച്ചതായി ഖത്വര്‍ സാമ്പത്തിക മേഖല കമ്പനി (മനാത്വിഖ്). നിലവില്‍ 1200 പ്ലോട്ടുകളാണ് ഉള്ളതെന്നും ബാക്കിയുള്ളവര്‍ക്ക് ഭൂമി നല്‍കാന്‍ സാധിക്കില്ലെന്നും മനാത്വിഖ് സി ഇ ഒ ഫഹദ് റാശിദ് അല്‍ കഅബി പറഞ്ഞു.
അല്‍ വക്‌റയിലും മറ്റ് പ്രദേശങ്ങളിലും ഭൂമിക്ക് വേണ്ടി വലിയ ആവശ്യക്കാരാണുള്ളത്. അതേസമയം, അപേക്ഷിച്ചിട്ടും ഭൂമി ലഭിക്കാത്തവര്‍ക്ക് മറ്റ് പ്രദേശങ്ങളില്‍ പ്ലോട്ട് അനുവദിക്കും. അല്‍ വക്‌റ, ബിര്‍ക അല്‍ വാമിര്‍, അബാ സലീല്‍ എന്നീ വാണിജ്യ പാര്‍ക്കുകള്‍ ഉള്‍പ്പെടുന്നതാണ് “ദക്ഷിണ മേഖല”. വെയര്‍ഹൗസ്, വര്‍ക്‌ഷോപ്പ്, സര്‍വീസ് ഹബ്ബുകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന് 63 ലക്ഷത്തിലധികം ചതുരശ്ര മീറ്ററിലേറെ സ്ഥലത്ത് 1583 പ്ലോട്ടുകള്‍ ആണുള്ളത്. 4000 മില്യനിലേറെ ചതുരശ്ര മീറ്റര്‍ പ്ലോട്ട് വികസിപ്പിക്കാന്‍ മനാത്വിഖിന് അനുമതി ലഭിച്ചിട്ടുണ്ട്.
റാസ് ബൂഫുന്‍ത്വാസ്, ഉം അല്‍ഹൗല്‍, അല്‍ കറാന, ജെറി അല്‍ സമൂര്‍ തുടങ്ങിയ സാമ്പത്തിക മേഖലകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ആരോഗ്യരക്ഷ, മെഡിക്കല്‍ ഉപകരണങ്ങള്‍, ഓട്ടോമോട്ടീവ്, എയ്‌റോസ്‌പേസ്, ലജിസ്റ്റിക്‌സ്, ഇലക്‌ട്രോണിക്‌സ്, ഫാഷന്‍, അഡ്വാന്‍സ്ഡ് ടെക്‌നോളജി തുടങ്ങിയ വ്യവസായങ്ങള്‍ക്കുള്ള മേഖലയായാണ് ഹമദ് ഇന്റര്‍നാഷനല്‍ വിമാനത്താവളത്തിന് അടുത്തുള്ള റാസ് ബൂഫുന്‍ത്വാസ് വികസിപ്പിക്കുന്നത്. അലുമിനിയം, മറ്റ് ലോഹ ഉത്പന്നങ്ങള്‍, ഹെവി മെഷിനറി, മറൈന്‍, നിര്‍മാണം, ഡൗണ്‍സ്ട്രീം പെട്രോകെമിക്കല്‍, ഭക്ഷ്യ- പാനീയം തുടങ്ങിയ വ്യവസായങ്ങള്‍ക്ക് വേണ്ടിയാണ് ഉം അല്‍ ഹൗല്‍ തുറന്നുകൊടുക്കുക. ഹമദ് തുറമുഖത്തിന് സമീപമുള്ള ഇവിടേക്ക് കടല്‍ മാര്‍ഗം എത്തുന്നതിന് സംവിധാനമൊരുക്കും. 43 ചതുരശ്ര കിലോമീറ്റര്‍ വിസ്താരത്തിലാണ് ഉം അല്‍ ഹൗല്‍ സിറ്റി വികസിപ്പിക്കുന്നത്.
സഊദി അറേബ്യ അതിര്‍ത്തിക്ക് സമീപമുള്ള അല്‍ കറാന സിറ്റിയില്‍ അരലക്ഷം ചതുരശ്ര മീറ്ററില്‍ അടിസ്ഥാനസൗകര്യ വികസനമാണ് നടത്തുക. കെട്ടിട നിര്‍മാണ സാമഗ്രികള്‍, ലോഹങ്ങള്‍, കെമിക്കലുകള്‍, പ്ലാസ്റ്റിക് വ്യവസായങ്ങള്‍ക്ക് യോജിച്ചതാണ്. ജി സി സിയിലെയും ആഗോള വിപണിയിലെയും നൂറ് മില്യനിലേറെ ഉപഭോക്താക്കളെ ഉള്‍ക്കൊള്ളുന്നതാണിത്. അല്‍ റയ്യാനിനും ലുസൈലിനും ഇടക്ക് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ട്രക്ക് റൂട്ടിന് അടുത്തുള്ള സിറ്റിയാകും ജെറി അല്‍ സമൂര്‍. ഭക്ഷണ- പാനീയം, ഓട്ടോ ടൂള്‍സ്, മെഷിനറി, നിര്‍മാണ സാമഗ്രികള്‍ തുടങ്ങിയവയുടെ സംഭരണത്തിനും വിതരണത്തിനും പ്രധാനപ്പെട്ടതാകും ഈ സിറ്റി.
വിവിധ നഗരങ്ങളില്‍ ലജിസ്റ്റിക്‌സ് പദ്ധതികള്‍ വ്യാപിപ്പിക്കാന്‍ മനാത്വിഖ് ലക്ഷ്യമിടുന്നുണ്ട്. വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്ലോട്ടുകള്‍ വികസിപ്പിക്കുകയാണ് മനാത്വിഖ് ചെയ്യുന്നതെന്ന് അല്‍ കഅബി പറഞ്ഞു. ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കി സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാന്‍ ലക്ഷ്യമിട്ട് 2011ലാണ് മനാത്വിഖിന് രൂപം നല്‍കിയത്. രാജ്യത്തെമ്പാടുമുള്ള വിവിധ സാമ്പത്തിക മേഖലകളുടെ വികാസത്തിന് മേല്‍നോട്ടം വഹിക്കുന്നത് മനാത്വിഖ് ആണ്.