Connect with us

First Gear

വാഹനപ്രദര്‍ശനത്തിന്റെ തലസ്ഥാനമാകാന്‍ ദോഹ

Published

|

Last Updated

ദോഹ: ലോക വാഹന നിര്‍മാതാക്കളുടെ തലസ്ഥാനമാകാന്‍ ദോഹ ഒരുങ്ങി. ഈ മാസം 28 മുതല്‍ നടക്കുന്ന അഞ്ച് ദിവസത്തെ ഖത്വര്‍ മോട്ടോര്‍ ഷോയില്‍ ലോകത്തെ വാഹന നിര്‍മാതാക്കളുടെ ആഡംബര, സ്‌പോര്‍ട്‌സ്, ഇടത്തരം വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കും. ദോഹ എക്‌സിബിഷന്‍, കണ്‍വെന്‍ഷ് സെന്ററിലാണ് പ്രദര്‍ശനം.
ആറാമത് ഖത്വര്‍ മോട്ടോര്‍ ഷോയില്‍ 40 കമ്പനികള്‍ പങ്കെടുക്കും. ഇലാന്‍ ഇവന്റ്‌സ്, ഫിറ ബാഴ്‌സലോന എന്നിവക്കൊപ്പം ഖത്വര്‍ ടൂറിസം അതോറിറ്റിയാണ് മോട്ടോര്‍ ഷോയുടെ സംഘാടകര്‍. വാഹന പ്രേമികളെ ആവേശം കൊള്ളിക്കാന്‍ എല്ലാ ദിവസവും നഗരത്തില്‍ വിവിധ വാഹനങ്ങളുടെ പരേഡും ഉണ്ടാകും. വെസ്റ്റ് ബേ കേന്ദ്രീകരിച്ചായിരിക്കും പരേഡ്. 18 ശതമാനം കൂടുതല്‍ ബ്രാന്‍ഡുകളാണ് ഇത്തവണത്തെ ഷോക്കുള്ളത്.
ഓഡി, ബി എം ഡബ്ല്യു, ബോഷ്, കാഡില്ലാക്, കാസ്‌ട്രോള്‍, ഫെറാരി, റോള്‍സ് റോയ്‌സ് തുടങ്ങി നിരവധി പ്രദര്‍ശകരാണ് ഉണ്ടാകുക. ഫോര്‍മുല വണ്‍ ഡ്രൈവിംഗ് പരിചയപ്പെടുത്തുന്നതടക്കം നിരവധി വ്യത്യസ്ത അനുഭവങ്ങളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. മോട്ടോ ഗ്രാന്‍ഡ്പ്രിക്‌സ്, ഫോര്‍മുല വണ്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ഒരു കൂട്ടം പ്രൊഫഷനലുകളുടെ സ്വപ്‌നസാക്ഷാത്കാരമായ കാര്‍ബണ്‍ഡ്രോണിന്റെ പ്രദര്‍ശനവും ഉണ്ടാകും. വിവിധ വാഹനങ്ങള്‍ ഓടിക്കാനുള്ള അവസരവും സംഘാടകള്‍ ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. 24ന് മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള സൗകര്യം തുടങ്ങും. ഇവര്‍ക്ക് പ്രവേശനത്തില്‍ മുന്‍ഗണന ലഭിക്കും.

Latest