Connect with us

Uae

പ്രവാസി മന്ത്രാലയം നിര്‍ത്തലാക്കിയത് കൊടിയ അനീതി: എം എം ഹസന്‍

Published

|

Last Updated

ദുബൈ: പ്രവാസി മന്ത്രാലയം നിര്‍ത്തലാക്കുകവഴി മൂന്ന് കോടിയിലധികം വിദേശ ഇന്ത്യക്കാരെയും അവരെ ആശ്രയിക്കുന്ന കുടുംബങ്ങളെയും നരേന്ദ്രമോദി സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണെന്ന് കേരള മുന്‍ പ്രവാസികാര്യ മന്ത്രിയും കെ പി സി വൈസ് പ്രസിഡന്റുമായ എം എം ഹസന്‍ പറഞ്ഞു. ദുബൈയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാലത്ത് ഏറെ പ്രസിദ്ധിയുള്ള മന്ത്രാലയമാണ് അത്. വയലാര്‍ രവി 12 വര്‍ഷം അതിന്റെ മന്ത്രിയായിരുന്നു. എന്തൊക്കെ കുറവുകള്‍ ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും പല നല്ലകാര്യങ്ങളും ചെയ്തിട്ടുണ്ട്. നിരവധി രാജ്യങ്ങളുമായി തൊഴില്‍ കരാറുകള്‍ ഉണ്ടാക്കി. ക്ഷേമനിധി ഏര്‍പ്പെടുത്തി. ഇനിയും ധാരാളമായി പ്രവാസികള്‍ക്ക് വേണ്ടി ചെയ്യാനുണ്ടായിരുന്നു. എന്നാല്‍ കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാറിന് പ്രവാസികളോട് താല്‍പര്യമില്ല. കേന്ദ്രത്തില്‍ മൃഗ സംരക്ഷണത്തിനു പോലും വകുപ്പുണ്ട്. പ്രവാസികള്‍ക്ക് ആ പ്രാധാന്യം പോലും നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കിയില്ല.
വകുപ്പുകള്‍ കുറച്ച് കാര്യക്ഷമമാക്കുകയാണ് മന്ത്രിസഭയുടെ ലക്ഷ്യമെന്ന് നരേന്ദ്രമോദി പറയുന്നു. എന്നാല്‍ പ്രവാസി മന്ത്രാലയമല്ലാതെ മറ്റൊരു മന്ത്രാലയവും വേണ്ടെന്ന് വെച്ചിട്ടില്ല. പ്രവാസി മന്ത്രാലയം നിര്‍ത്തിലാക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി ആലോചനവേണ്ടിയിരുന്നു. ഗുജറാത്തിലടക്കം പ്രവാസികാര്യ മന്ത്രാലയമുണ്ട്. ഈ കേന്ദ്ര പ്രവാസികാര്യമന്ത്രാലയം പുനരാരംഭിക്കാന്‍ ഗള്‍ഫിലെ ഒ ഐ സി സി നടത്തുന്ന നീക്കങ്ങള്‍ കെ പി പി സിയുടെ പൂര്‍ണ പിന്തുണയുണ്ടായിരിക്കുമെന്ന് എം എം ഹസന്‍ പറഞ്ഞു. ഒ ഐ സി സി ഗ്ലോബല്‍ പ്രസിഡന്റ് സി കെ മേനോന്‍, ശരീഫ് കുഞ്ഞ്, യു എ ഇ ഇന്‍കാസ് പ്രസിഡന്റ് സി ആര്‍ ജി നായര്‍, സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest