Connect with us

Gulf

തൊഴിലിനെ പ്രണയിക്കൂ; ആത്മസംഘര്‍ഷം കുറക്കൂ

Published

|

Last Updated

മാനസിക സംഘര്‍ഷം അനുഭവിക്കാത്തവര്‍ ലോകത്താരുമില്ല. ഇക്കാര്യത്തില്‍ സമ്പന്നനെന്നോ ദരിദ്രനെന്നോയില്ല. ഗതാഗതക്കുരുക്കില്‍പ്പെട്ടാല്‍, ഉറ്റവര്‍ അകന്നാല്‍, വരുമാനത്തില്‍ കുറവുവന്നാല്‍ ഒക്കെ സംഘര്‍ഷമായി. പക്ഷേ, ഗള്‍ഫിലെ വിദേശികളുടെ പ്രശ്‌നം, നിരന്തരം അനുഭവിക്കേണ്ടിവരുന്നു എന്നതാണ്. ജീവിത ശൈലിയാണ് പ്രധാന കാരണം.
തൊഴില്‍ സംബന്ധമായ അരസികതയാണ് ഇവിടെ പലരെയും വലക്കുന്നത്. ഈയിടെ, ഒരു പത്രം നടത്തിയ പഠനത്തില്‍ ഇക്കാര്യമാണ് 51 ശതമാനം പേര്‍ ചൂണ്ടിക്കാട്ടിയത്. മനസിനിണങ്ങാത്ത ജോലി ചെയ്യേണ്ടിവരുന്നു. ഉല്ലസിക്കാന്‍ മതിയായ സമയം ലഭിക്കുന്നില്ല, ജോലിയില്‍ പുരോഗതിയില്ല, ഭാവി ജീവിതം ഭദ്രമാക്കാന്‍ കഴിയുമോയെന്ന ആശങ്കയും. ഇതെല്ലാം ചേരുമ്പോള്‍ മനസ് വലിഞ്ഞുമുറുകും.
മനസ് ഒരു പ്രഹേളികയാണ്. ചിലപ്പോള്‍ ആഗ്രഹിക്കാത്ത വഴികളിലേക്ക് അത് ആളുകളെ കൊണ്ടുപോകും. ചിട്ടയായ ജീവിതചര്യയാണ് അതിന് പ്രതിവിധി. മദ്യം, പുകവലി, ഉറക്കമിളച്ചുള്ള ചാറ്റിംഗ്, ആഡംബര ജീവിതത്തിന് വായ്പവാങ്ങല്‍ എന്നിവ സ്വഭാവ ദൂഷ്യങ്ങളാണ്. അവയുടെ പിടിയില്‍ നിന്ന് കുതറിമാറാന്‍ കഴിയണം. ഏത് തൊഴിലായാലും ഇഷ്ടത്തോടെ ചെയ്യണം. തന്റേതായ രീതിയില്‍ ആകര്‍ഷകമാക്കാന്‍ കഴിയണം. നാളെയെന്നത് ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത കാര്യം. എല്ലായ്‌പോഴും അതിനെക്കുറിച്ചുള്ള ആപത് ചിന്തപാടില്ല. ഉത്തരവാദിത്തങ്ങള്‍ എങ്ങിനെ പാലിക്കാമെന്ന് ചിന്തിക്കുകയും അതിന് പരിഹാരം തേടുകയുമാണ് വേണ്ടത്. ചിലനാട്ടിന്‍ പുറത്തുകാര്‍ പറയുന്നത് പോലെ, ചിന്തിച്ചാല്‍ ഒരു അന്തവുമില്ല, ചിന്തിച്ചില്ലേല്‍ ഒരു കുന്തവുമില്ല.
ഗള്‍ഫില്‍ വിദേശികള്‍ക്കിടയില്‍ മാനസിക സംഘര്‍ഷത്തിന് മറ്റു രണ്ടു കാരണങ്ങള്‍ ഏകാന്തതയും (33 ശതമാനം) കുടുംബത്തിലെ ആസ്വാരസ്യങ്ങലും (16 ശതമാനം). ഏകാന്തത, സ്വയം സൃഷ്ടിക്കുന്നതാണ്. സമൂഹത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഒറ്റപ്പെട്ടുനില്‍ക്കുന്നത് കൊണ്ട് ആര്‍ക്കും ഗുണം ലഭിക്കില്ല. മനസിനിണങ്ങിയ സാമൂഹിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നത് വലിയ ആശ്വാസം നല്‍കും.
കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എളുപ്പമല്ലെങ്കിലും തുറന്ന മനസോടെയുള്ള സമീപനം ഒരു പരിധിവരെയുള്ള പരിഹാരമാണ്. പങ്കാളിയുടെ ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും ചെവികൊടുക്കുകയാണ് വേണ്ടത്.
നടത്തം, പുതിയ ഭാഷ പഠിക്കാനുള്ള ശ്രമം, നീന്തല്‍ തുടങ്ങിയവ മാനസിക സംഘര്‍ഷം കുറക്കാനുള്ള മാര്‍ഗങ്ങളാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യാതൊരു ചെലവുമില്ലാത്ത കാര്യമാണിത്. ജോലി കഴിഞ്ഞാല്‍ ദീര്‍ഘ നടത്തം ശീലമാക്കേണ്ടതുണ്ട്.
മാനസിക സംഘര്‍ഷം അര്‍ബുദ രോഗത്തിനും കാരണമാകുന്നതായി പലരും വിശ്വസിക്കുന്നു. രക്തസമ്മര്‍ദം വര്‍ധിക്കുമെന്നതിന് യാതൊരു സംശയവുമില്ല.

Latest