Connect with us

National

രോഹിത് വെമൂലയുടെ മരണം: കേന്ദ്രം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

Published

|

Last Updated

രോഹിത് വെമുല

രോഹിത് വെമുല

ന്യൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ദളിത് ഗവേഷക വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയുള്‍പ്പെടെയുള്ള സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷനോട് നിര്‍ദേശിച്ചിരിക്കുന്നത്. രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവം രാജ്യവ്യാപകമായ പ്രതിഷേധത്തിന് വഴിവെച്ചതോടെയാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. രോഹിതിന്റെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം നിയമിച്ച രണ്ടംഗ സമിതി അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയതിനു പിന്നാലെയാണ് ജൂഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
കേന്ദ്ര മന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നിട്ടും മൗനം പാലിച്ചിരുന്ന പ്രധാനമന്ത്രി ഇന്നലെ ലക്‌നോവിലെ അംബേദ്കര്‍ സര്‍വകലാശാലയിലെ ചടങ്ങില്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. രോഹിത് വെമൂലയുടെ ആത്മഹത്യക്കിടയാക്കിയ മുഴുവന്‍ കാര്യങ്ങളും പരിശോധിച്ച് കമ്മീഷന്‍ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ക്യാമ്പസുകളില്‍ വിവേചനമുണ്ടാക്കുന്ന നടപടികള്‍ പാടില്ലെന്നും ചൂണ്ടിക്കാട്ടി എച്ച് ആര്‍ ഡി മന്ത്രാലയം സര്‍വകലാശാലാ വി സിമാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് രോഹിതിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഉത്തരവാദികളായ വി സി അപ്പാ റാവുവിനെയും കേന്ദ്ര തൊഴില്‍ മന്ത്രി ബന്ധാരു ദത്താത്രേയയെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി പ്രതിഷേധം തുടരുകയാണ്.

Latest