Connect with us

Kerala

ലാവ്‌ലിന്‍ കമ്പനിക്കെതിരെ നടപടിക്ക് കോടതി അനുമതി വേണം

Published

|

Last Updated

കൊച്ചി: എസ് എന്‍ സി ലാവ്‌ലിന്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നടപടികള്‍ കോടതി അനുമതിക്ക് വിധേയമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കരിമ്പട്ടികയില്‍പ്പെടുത്തുന്നതിനായി സര്‍ക്കാര്‍ നല്‍കിയ നോട്ടീസ് ചോദ്യം ചെയ്ത് ലാവ്‌ലിന്‍ കമ്പനി സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുശ്താഖിന്റെ ഇടക്കാല ഉത്തരവ്.
സര്‍ക്കാര്‍ നടപടി മുന്‍വിധിയോടെയുള്ളതും സ്വാഭാവിക നീതിയുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലാവ്‌ലിന്‍ കമ്പനിയുടെ ഹരജി. കരിമ്പട്ടികയില്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ ആസ്പദമാക്കുന്ന രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കിയിട്ടില്ലെന്നും കാരണങ്ങള്‍ കൂടാതെയാണ് നടപടിയെന്നും ഹരജിയില്‍ ആരോപിക്കുന്നു. പന്നിയാര്‍ ചെങ്കുളം, പള്ളിവാസല്‍ പദ്ധതിയുടെ നവീകരണത്തിനായുള്ള കണ്‍സല്‍ട്ടന്‍സി കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായി പാലിച്ചുവെന്നും കരാര്‍ പൂര്‍ത്തിയാക്കിയതായും ഏതെങ്കിലും വ്യവസ്ഥ ലംഘിച്ചതായി ആരോപണമില്ലെന്നും ലാവ്‌ലിന്‍ കമ്പനിയുടെ ഇന്ത്യന്‍ പ്രതിനിധി ധന്‍സിംഗ് കാര്‍ക്കി സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.
മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള സാമ്പത്തിക സഹായം കരാറിന്റെ ഭാഗമല്ലെന്നും ഇക്കാര്യത്തില്‍ ധാരണാപത്രം മാത്രമാണ് ഒപ്പുവെച്ചിട്ടുള്ളതെന്നും ഹരജിയില്‍ പറയുന്നു. നിയമസാധുതയുള്ള കരാറല്ലാത്തതിനാല്‍ ധാരണാപത്രത്തിന്റെ ലംഘനത്തിന്റെ പേരില്‍ കരിമ്പട്ടികയില്‍പ്പെടുത്തുന്നത് നിയമപരമല്ലെന്നാണ് ലാവ്‌ലിന്‍ കമ്പനിയുടെ വാദം. കരിമ്പട്ടികയില്‍പ്പെടുത്താതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സെപ്തംബര്‍ 28ന് ഊര്‍ജ വകുപ്പ് നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.
അതേസമയം, മാലബാര്‍ ക്യാന്‍സര്‍ സെന്ററിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ധാരണാപത്രം ക്രിമിനല്‍ ഗുഢാലോചനകളുടെ ഭാഗമായിരുന്നുവെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ടി ആസഫ് അലി വാദിച്ചു.
ലാവ്‌ലിന്‍ കമ്പനിയുടെ ഹരജിയില്‍ പ്രാരംഭ വാദം കേട്ട കോടതി കമ്പനി ആവശ്യപ്പെട്ട രേഖകള്‍ നാല് ആഴ്ചക്കകം നല്‍കണമെന്നും ഇക്കാര്യത്തില്‍ ലാവ്‌ലിന്‍ കമ്പനി നാല് ആഴ്ചക്കകം വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചു. ലാവ്‌ലിന്‍ കമ്പനിക്ക് പ്രതികൂലമായ തീരുമാനമെടുക്കുന്ന പക്ഷം കോടതി അനുമതിയോടെ മാത്രമേ നടപ്പാക്കാവൂവെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തമിഴ്‌നാട് മുന്‍ അഡ്വക്കറ്റ് ജനറല്‍ പി എസ് രാമനാണ് എസ് എന്‍ സി ലാവ്‌ലിന്‍ കമ്പനിക്കു വേണ്ടി ഹാജരായത്.

 

---- facebook comment plugin here -----

Latest