മുന്‍ ചാരനെ കൊല്ലാന്‍ റഷ്യന്‍ പ്രസിഡന്റ് അനുമതി നല്‍കിയെന്ന് വിവാദ റിപ്പോര്‍ട്ട്

Posted on: January 22, 2016 10:37 am | Last updated: January 22, 2016 at 10:38 am

vladimar putinലണ്ടന്‍: റഷ്യയുടെ ചാര സംഘടന കെ ജി ബിയിലെ മുന്‍ അംഗം അലക്‌സാണ്ടര്‍ ലിത്‌വിനെന്‍കോയെ കൊലപ്പെടുത്താന്‍ റഷ്യന്‍ പ്രസിഡന്റ് വലാദിമര്‍ പുടിന്‍ അനുമതി നല്‍കിയിട്ടുണ്ടാകാമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് അന്വേഷണ സംഘമാണ് ഇക്കാര്യം അവകാശപ്പെട്ട് രംഗത്തെത്തിയത്. 2006ലാകാം പുടിന്‍ ഇതിന് അനുമതി നല്‍കി ഒപ്പിട്ടതെന്നും അന്വേഷണ സംഘം പറയുന്നു. കെ ജി ബി ചാരസംഘടനക്ക് ശേഷം റഷ്യ രൂപം നല്‍കിയ എഫ് എസ് ബി ചാരസംഘടനയിലെ ആന്‍ഡ്രി ലുഗോവോയിയും ദിമിത്രി കോവ്തൂനും ലണ്ടനിലെ മില്ലേനിയം ഹോട്ടലില്‍ വെച്ച് 43 കാരനായ അലക്‌സാണ്ടര്‍ക്ക് റേഡിയോ ആക്ടീവ് പൊളോണിയം 210 നല്‍കിയെന്നാണ് വിശദീകരണം. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് റഷ്യ തള്ളിക്കളഞ്ഞു. റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്നാണ് റഷ്യയുടെ പ്രതികരണം. പൊളോണിയം നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്ന ലുഗോവോയി ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി ലണ്ടന്‍ റിപ്പോര്‍ട്ടില്‍ തിരിമറി നടത്തുകയാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
റഷ്യയില്‍ നിന്ന് പുറത്താക്കപ്പെട്ട അലക്‌സാണ്ടര്‍ 2006 നവംബറിലാണ് മരിച്ചത്. ഹോട്ടലില്‍ വെച്ച് രണ്ട് പേര്‍ ഇദ്ദേഹത്തിന് ഗ്രീന്‍ ടീ നല്‍കി മൂന്നാഴ്ചക്ക് ശേഷമായിരുന്നു മരണം.