ജോസ് കെ മാണിയുടെ സമരപ്പന്തലില്‍ പിന്തുണയുമായി മുഖ്യമന്ത്രിയെത്തി

Posted on: January 22, 2016 5:40 am | Last updated: January 22, 2016 at 12:42 am
Jose K Mani & Ommen Chandy
ജോസ് കെ മാണി എം പി കോട്ടയം തിരുനക്കര മൈതാനത്ത് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹപ്പന്തലില്‍ മുഖ്യമന്ത്രിയെത്തിയപ്പോള്‍

കോട്ടയം: റബര്‍ വിലയിടിവ് പിടിച്ചു നിര്‍ത്തുക, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് കെ മാണി എം പി കോട്ടയം തിരുനക്കര മൈതാനത്ത് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യഗ്രഹം അഞ്ചാം ദിവസത്തിലേക്ക് കടന്നു.
റബറിന്റെ വിലയിടിവു റബര്‍ കര്‍ഷകരെ മാത്രമല്ല തൊഴിലാളികളെയെല്ലാം സാരമായി ബാധിച്ചിട്ടുണ്ടെന്ന് സമരപന്തലില്‍ ജോസ് കെ മാണിയെ സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. റബര്‍ വിലയിടിവ് കേരളത്തിലെ ജനകീയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഒരു കിലോ റബറിനു 53 രൂപ സബ്‌സിഡി നല്‍കിയാണ് റബര്‍ സംഭരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ കെ എം മാണി നീക്കിവെച്ച 300 കോടി രൂപയുടെ റബര്‍ ഉത്തേജക പദ്ധതിയില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി തുക കര്‍ഷകര്‍ക്ക് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലിന് അതീതമായ ഈ സമരത്തിന് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകണമെന്നും അദ്ദഹം പറഞ്ഞു. ജോസ് കെ മാണിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 15 മിനിറ്റോളം ചര്‍ച്ച നടത്തി. കേന്ദ്ര സംസ്ഥാന സര്‍ക്കാറില്‍ നിന്ന് വ്യക്തമായ തീരുമാനം ഉണ്ടാകും വരെ സമരം തുടരുമെന്ന് ജോസ് കെ മാണി മുഖ്യമന്ത്രിയെ അറിയിച്ചു. ജോസ് കെ മാണിയുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച മെഡിക്കല്‍ സംഘവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. ടി കെ ജയകുമാര്‍ ജോസ് കെ മാണിയെ സമരപ്പന്തലില്‍ സന്ദര്‍ശിച്ചു പരിശോധനകള്‍ നടത്തി. നിരാഹാര സത്യഗ്രഹത്തിന് പിന്തുണ അറിയിച്ച് വിവിധ മതമേലധ്യക്ഷന്‍മാരും മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കളും ജോസ് കെ മാണിയെ സന്ദര്‍ശിച്ചു.