Connect with us

Kerala

പണക്കൊഴുപ്പിന്റെ പരാജയം; നീതിയുടെ വിജയം

Published

|

Last Updated

പ്രോസിക്യൂഷന്‍ സംഘം

തൃശൂര്‍: കത്തുന്ന വിവാദങ്ങളും സാക്ഷികളുടെ മൊഴിമാറ്റി പറച്ചിലും പോലീസിന്റെയും പ്രോസിക്യൂഷന്‍ അഭിഭാഷകരുടെയും മാധ്യമങ്ങളുടെയും ജാഗ്രതയോടെയുള്ള ഇടപെടലും കൊണ്ട് സംഭവബഹുലമായിരുന്നു ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസ്.
കേസില്‍ നിന്ന് രക്ഷപ്പെടാനായി പ്രതി മുഹമ്മദ് നിസാം സുപ്രീം കോടതിയെ സമീപിച്ചത് ഏഴ് തവണയാണ്. ഹൈക്കോടതിയെ 15 തവണയും. എന്നാല്‍ ഇതുകൊണ്ടൊന്നും കടുത്ത ശിക്ഷയെ മറികടക്കാനായില്ല. പണക്കൊഴുപ്പിന്റെ അഹങ്കാരത്തിനും നീതിയുടെ വാതിലുകള്‍ കൊട്ടിയടക്കാനായില്ല. തൃശൂരിലെ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ വിചാരണാ നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ നേരത്തെ പ്രതിക്കെതിരായി നല്‍കിയ മൊഴികള്‍ ഭീഷണിക്കും സമ്മര്‍ദത്തിനും അടിപ്പെട്ട് സാക്ഷികള്‍ മാറ്റിപ്പറഞ്ഞു. വിചാരണയുടെ തുടക്കത്തില്‍ ഒന്നാം ദൃക്‌സാക്ഷിയുടെ മൊഴിമാറ്റല്‍ പ്രോസിക്യൂഷനെ തെല്ലൊന്നുമല്ല ഉലച്ചതും വലച്ചതും.
ഇതിനെ പിന്തുടര്‍ന്ന് മറ്റ് സാക്ഷികളും മൊഴി മാറ്റി പറയുമെന്നും ഇത് കേസ് തോല്‍ക്കാന്‍ ഇടയാക്കുമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി പി ഉദയഭാനുവിന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം ഭയന്നു. എന്നാല്‍ പിറ്റേന്ന് സത്യസന്ധമായ മൊഴിയിലേക്ക് തന്നെ ഒന്നാം സാക്ഷി തിരിച്ചുപോയത് ന്യായം ജയിക്കുന്നതിലേക്ക് വഴിതുറക്കുകയായിരുന്നു. വാദി ഭാഗത്തിന്റെ ആശങ്കകള്‍ക്ക് വിരാമമാകുന്നതിനും ഇത് കാരണമായി. ഇതോടെ കേസില്‍ കടുത്ത ശിക്ഷ തന്നെ നിസാമിന് ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പാകുകയും ചെയ്തു. പണക്കൊഴുപ്പില്‍ ആറാടി ജീവിച്ചിരുന്ന നിസാമിന്റെ പേരില്‍ നേരത്ത തന്നെ പന്ത്രണ്ടോളം കേസുകള്‍ ഉണ്ടായിരുന്നു. ഇതൊക്കെ പണവും സ്വാധീനവുമുപയോഗിച്ച് ഒതുക്കിത്തീര്‍ക്കാന്‍ നിസാമിനായി.
വനിതാ എസ് ഐയെ കാറിലിട്ടു പൂട്ടിയതും പോലീസുകാരനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ആക്രമിച്ചതുമെല്ലാം ഇതില്‍ പെടുന്നു. പ്രായപൂര്‍ത്തിയെത്താത്ത മകനെക്കൊണ്ട് കാര്‍ ഓടിപ്പിച്ച് ഇത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചതും വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കുന്നതില്‍ നിസാം ഏറെ ആനന്ദം കണ്ടെത്തിയിരുന്നു. ചന്ദ്രബോസിനെ ഇടിക്കാന്‍ ഉപയോഗിച്ചത് ഒരുകോടിക്കടുത്ത് വിലവരുന്ന ഹമ്മര്‍ കാറായിരുന്നെങ്കില്‍ ഓസ്റ്റിന്‍ മാര്‍ട്ടിന്‍, ബെന്‍സ്, സ്‌കോഡ, റേഞ്ച് റോവര്‍, റോള്‍സ് റോയ്‌സ്, ഫെരാരി തുടങ്ങി നിരവധി ആഡംബര വാഹനങ്ങളുടെ ഉടമ കൂടിയായിരുന്നു നിസാം. അഞ്ച് ലക്ഷത്തോളം വിലവരുന്നതും പാമ്പിന്‍ തോല് കൊണ്ട് നിര്‍മിച്ചതുമായ ഷൂ കൊണ്ടാണ് ചന്ദ്രബോസിനെ നിസാം ചവിട്ടിയത്.
കേസില്‍ പ്രോസിക്യൂഷന് അനുകൂലമായ വിധിയുണ്ടാകുന്നതിന് സഹായിച്ച ഘടകങ്ങള്‍ നിരവധിയാണെങ്കിലും കക്ഷി വ്യത്യാസം മറന്നുള്ള രാഷട്രീയ- പൊതു പ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ജാഗ്രതയോടെയുള്ള ഇടപെടലുകള്‍ എടുത്തുപറയേണ്ടതാണ്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി പി ഉദയഭാനു, അന്വേഷണ ഉദ്യോഗസ്ഥനായ പേരാമംഗലം സി ഐ. ബിജുകുമാര്‍ മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ നിശാന്തിനി, നിശാന്തിനിക്ക് ശേഷം കമ്മീഷണര്‍ സ്ഥാനത്തെത്തിയ കെ ജി സൈമണ്‍, ഗുരുവായൂര്‍ അസി. കമ്മീഷണര്‍ ജയചന്ദ്രന്‍ പിള്ള, അഭിഭാഷകരായ ടി എസ് രാജന്‍, സി എസ് ഋത്വിക്, സലില്‍ നാരായണന്‍ എന്നിവരെല്ലാം നീതി ജയിക്കുന്നതിന് കൈ മെയ് മറന്ന് പ്രവര്‍ത്തിച്ചു. നന്മ കാംക്ഷിക്കുന്ന പൊതു സമൂഹവും നീതിപീഠവും കണ്ണുതുറന്ന് യാഥാര്‍ഥ്യ ബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ സമ്പത്തും സ്വാധീനവും കൊണ്ട് നിയമത്തെയും മനുഷ്യത്വത്തെയും വെല്ലുവിളിക്കുന്ന ക്രിമിനലുകള്‍ക്ക് കടുത്ത ശിക്ഷ തന്നെ വാങ്ങിക്കൊടുക്കാന്‍ കഴിയുമെന്ന വലിയ പാഠമാണ് ചന്ദ്രബോസ് വധക്കേസ് നല്‍കുന്നത്.

Latest