ലിവര്‍പൂള്‍, ടോട്ടനം നാലാം റൗണ്ടില്‍

Posted on: January 22, 2016 6:00 am | Last updated: January 22, 2016 at 12:30 am
SHARE
ഗോള്‍ നേടിയ ജോ അല്ലനെ  ബ്രാഡ് സ്മിത്ത് അഭിനന്ദിക്കുന്നു
ഗോള്‍ നേടിയ ജോ അല്ലനെ
ബ്രാഡ് സ്മിത്ത് അഭിനന്ദിക്കുന്നു

ലണ്ടന്‍: ലിവര്‍പൂളും ടോട്ടനം ഹോസ്പറും എഫ് എ കപ്പ് ഫുട്‌ബോളിന്റെ നാലാം റൗണ്ടില്‍ പ്രവേശിച്ചു. മൂന്നാം റൗണ്ടിലെ നിര്‍ണായകമായ രണ്ടാം പാദ മത്സരത്തില്‍ ദുര്‍ബലരായ എക്‌സറ്റര്‍ സിറ്റിയെ 3-0ത്തിന് കീഴടക്കിയാണ് ലിവര്‍പൂള്‍ നാലാം റൗണ്ടില്‍ കടന്നത്. പത്താം മിനുട്ടില്‍ ജോ അല്ലന്‍, 74ാം മിനുട്ടില്‍ ഒജോ, 82ാം മിനുട്ടില്‍ ടെയ്ക്‌സിറ എന്നിവരാണ് ലിവര്‍പൂളിനായി ഗോളുകള്‍ നേടിയത്. എക്‌സറ്ററിന്റെ ഹോം ഗ്രൗണ്ടായ സെന്റ് ജെയിംസ് പാര്‍ക്കില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ഇരു ടീമും രണ്ട് ഗോള്‍ വീതമിടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. തുടര്‍ന്ന് രണ്ടാം പാദ മത്സരം ഏറെ നിര്‍ണായകമായി. ഇരുപാദത്തിലുമായി 5-2ന്റെ മാര്‍ജിനിലാണ് ലിവര്‍പൂളിന്റെ മുന്നേറ്റം. ഈ മാസം 30 ന് നടക്കുന്ന നാലാം റൗണ്ട് മത്സരത്തില്‍ ലിവര്‍പൂള്‍ വെസ്റ്റ് ഹാം യുനൈറ്റഡിനെ നേരിടും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടരുന്ന ലിസസ്റ്റര്‍ സിറ്റിയെ രണ്ടാം പാദത്തില്‍ മടക്കമില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ടോട്ടനം നാലാം റൗണ്ടില്‍ കടന്നത്. 39ാം മിനുട്ടില്‍ സണ്‍ ഹ്യും മിഗിന്റെ തകര്‍പ്പന്‍ ഗോളിലൂടെ മുന്നിലെത്തിയ ടോട്ടനം 66ാം മിനുട്ടില്‍ ചാഡ്‌ലിയുട ഗോളിലൂടെ വിജയമുറപ്പിക്കുകയായിരുന്നു. ആദ്യ പാദ മത്സരം 2-2ന് സമനിലയില്‍ പിരിഞ്ഞതോടെ നിര്‍ണയകമായ മത്സരത്തില്‍ ടോട്ടനം വിജയം കാണുകയായിരുന്നു. നാലാം റൗണ്ടില്‍ കോള്‍ചെസ്റ്ററാണ് ടോട്ടനത്തിന്റെ എതിരാളികള്‍.