ചിലങ്കയില്‍ കണ്ണീര്‍… ഉപരോധം… കേരള നടനം

Posted on: January 22, 2016 5:22 am | Last updated: January 22, 2016 at 12:24 am
SHARE

HS Girls Kerala Nadanam 1st - Anunandhana M Nair (SANGAMESWARA N S S E M H S Irinjalakkuda- Thrishoor)തിരുവനന്തപുരം: സംസ്ഥാന കലോത്സവത്തിന്റെ മൂന്നാം ദിവസം കേരളനടന വേദിയായ ചിലങ്കയില്‍ കണ്ണീര്‍ വീണു. ഹയര്‍ സെക്കന്‍ഡറി വിഭാഗം കേരളനടനത്തില്‍ നിന്ന് അഞ്ച് മത്സരാര്‍ത്ഥികളെ വിലക്കിയതാണ് നാടകീയ രംഗങ്ങള്‍ക്ക് വഴിതുറന്നത്. രാവിലെ ഒന്‍പതിന് ആരംഭിച്ച മത്സരത്തില്‍ ഒന്നാമത്തെയും നാലാമത്തെയും ക്ലസ്റ്ററില്‍ മത്സരിക്കേണ്ട കുട്ടികള്‍ റിപ്പോര്‍ട്ടിംഗ് സമയം കഴിഞ്ഞാണ് വേദിയില്‍ പ്രവേശിച്ചതെന്ന് ആരോപിച്ചായിരുന്നു വിലക്ക്.
എന്നാല്‍, മത്സരം ആരംഭിക്കുന്നതിനും അരമണിക്കൂര്‍ മുമ്പ് സ്റ്റേജ് മാനേജരോട് കുട്ടികള്‍ ഗ്രീന്‍ റൂമിലുണ്ടെന്ന് രക്ഷിതാക്കള്‍ അറിയിച്ചിരുന്നു. മത്സരം തുടങ്ങുമ്പോള്‍ എത്തിയാല്‍ മതിയെന്നാണ് സ്റ്റേജ് മാനേജര്‍ നിര്‍ദേശിച്ചതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. നാല് മത്സരാര്‍ഥികളാണ് ഒരു ക്ലസ്റ്ററില്‍. ഇങ്ങനെ ഏഴ് ക്ലസ്റ്ററുകളാണ് കേരളനടനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒന്നാമത്തെ ക്ലസ്റ്ററിലുള്ള അടൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൃഷ്ണഗാഥ, ആലപ്പുഴ താമരക്കുളം വിവി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അനഘ എന്നിവരെ മത്സരം ആരംഭിച്ചപ്പോള്‍ തന്നെ പുറത്താക്കി. ഇവര്‍ ലോട്ട് എടുക്കുവാന്‍ അഞ്ച് മിനുട്ട് വൈകിയെന്ന് ആരോപിച്ചായിരുന്നു പുറത്താക്കല്‍.
നാലാമത്തെ ക്ലസ്റ്ററില്‍ ഉണ്ടായിരുന്ന മൂന്ന് കുട്ടികളെ രണ്ടാമത്തെ ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് ഇന്നലെ മത്സരം തുടങ്ങും മുന്‍പ് പ്രോഗ്രാം കമ്മിറ്റി എഴുതിയുണ്ടാക്കി. ഈ വിവരം മത്സരാര്‍ഥികളെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. താമസിച്ചാണ് വിവരം അറിഞ്ഞതെങ്കിലും വളരെ വേഗം മേക്കപ്പ് പൂര്‍ത്തിയാക്കി മറ്റ് മൂന്ന് പേരായ പാലക്കാട് ചാത്തന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അനുശ്രീ, ഷൊര്‍ണ്ണൂര്‍ സെന്റ്. തെരാസസ് സ്‌കൂളിലെ കെ വി വര്‍ഷ, കിളിമാനൂര്‍ കടുവയില്‍ കെ ടി സി ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അനുഗ്രഹ ബിനു എന്നിവര്‍ വേദിയില്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇവര്‍ക്കും വിലക്കുണ്ടായി. ഈ അഞ്ച് പേരും ജില്ലാ കലോത്സവത്തില്‍ പിന്തള്ളപ്പെട്ടതോടെ ഹൈക്കോടതിയില്‍ അപ്പീലുമായി പോയി അനുകൂല വിധി വാങ്ങി സംസ്ഥാന കലോത്സവത്തിനെത്തിയവരാണ്. അപ്പീലിലൂടെ എത്തുന്നവര്‍ ജേതാക്കളാകുന്നത് തടയാന്‍ മനഃപൂര്‍യം തങ്ങളെ ഒഴിവാക്കുകയാണെന്നാണ് കുട്ടികള്‍ കണ്ണീരോടെ പറയുന്നത്.
രാവിലെ മുതല്‍ വേഷം കെട്ടി ചിലങ്കയണിഞ്ഞ് വേദിക്ക് പിന്നിലിരുന്ന കുട്ടികളെ ഉച്ചയോടെ ഡിപിഐയെ കണ്ട് സങ്കടമറിയിക്കാന്‍ രക്ഷിതാക്കള്‍ കൊണ്ടുപോയി. ഡി പി ഐ കുട്ടികളെ ഡി ഡിക്കരികിലേക്ക് പറഞ്ഞയച്ചു. ഡി ഡി വൈകുന്നേരത്തോടെ വേദിയിലെത്തി പ്രശ്‌നം പരിഹരിക്കാമെന്ന് ഇവര്‍ക്ക് ഉറപ്പ് നല്‍കിയത്രെ. നൃത്തം ചെയ്യാന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിച്ച കുട്ടികള്‍ വൈകുന്നേരം അഞ്ച് വരെ കാത്തിരുന്നു.
ഒടുവില്‍ സഹികെട്ട് വേദി ഉപരോധിക്കുകയായിരുന്നു. പോലീസെത്തി അനുനയിപ്പിച്ച് കുട്ടികളെ വേദിക്ക് പുറത്തിറക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. ഒരു മണിക്കൂറോളം മത്സരം നിര്‍ത്തിവച്ചു. ഒടുവില്‍ ഫോര്‍ട്ട് എസിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തി കുട്ടികളെ വേദിക്ക് പുറത്തിറക്കി മത്സരം തുടരുകയായിരുന്നു. വേദിക്ക് പുറത്തിറങ്ങിയ ശേഷവും പൊട്ടിക്കരഞ്ഞുകൊണ്ട് കുട്ടികള്‍ നൃത്തവേഷത്തില്‍ തന്നെ മത്സരസ്ഥലത്ത് കുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here