Connect with us

Ongoing News

കുഞ്ചന്‍ നമ്പ്യാരെ തിരുത്തി നീഹാരികയുടെ മോണോ ആക്ട്

Published

|

Last Updated

തിരുവനന്തപുരം: ചാക്യാര്‍ക്കൂത്ത് വേദിയില്‍ മിഴാവ് വായിച്ച് ഉറങ്ങിപ്പോയ കുഞ്ചന്‍ നമ്പ്യാരെ നമുക്കെല്ലാമറിയാം. എന്നാല്‍, എനിക്ക് ഇനി അങ്ങനെയുറങ്ങാകില്ലെന്ന് വിളിച്ചുപറഞ്ഞ ഒരു കുഞ്ചന്‍നമ്പ്യാരെ ഇന്നലെ മോണോ ആക്ട് വേദിയില്‍ കണ്ടു. കണ്ണൂര്‍ ചൊക്ലി രാമവിലാസം എച്ച് എസ് എസിലെ പത്താം തരം വിദ്യാര്‍ഥിനി നിഹാരിക എസ് മോഹനാണ് കുഞ്ചന്‍നമ്പ്യാരെ കഥാപാത്രമാക്കി സമൂഹത്തിന്റെ പുഴുക്കുത്തുകള്‍ വിളിച്ചുപറഞ്ഞത്. സമൂഹത്തില്‍ നടമാടുന്ന അനഭിലഷണീയമായ പ്രവണതകളെല്ലാം മോണോ ആക്ടില്‍ പ്രതിപാദ്യവിഷയമായി. വര്‍ഗീയ വേര്‍തിരിവുകളും ലിംഗ വിവേചനവുമൊക്കെ മോണോ ആക്ടില്‍ കടന്നുവന്നു. ചരിത്രത്തിലെ കുഞ്ചന്‍ നമ്പ്യാര്‍ പേവിഷയേറ്റാണ് മരണത്തിന് കീഴടങ്ങിയതെങ്കില്‍ നിഹാരിക അവതരിപ്പിച്ച കുഞ്ചന്‍ നമ്പ്യാര്‍ സമൂഹത്തിലെ നെറികെട്ട അനുഭവങ്ങളില്‍ ഭ്രാന്ത് വന്നാണ് മരണത്തിലേക്ക് നടന്നടുക്കുന്നത്. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് മുരുകേഷ് കാകൂര്‍ ആണ് നിഹാരികയുടെ ഗുരു. നാടക പ്രവര്‍ത്തകനും ബേങ്ക് മാനേജരുമായ പിതാവ് മോഹനന്‍ നീഹാരികക്ക് എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുള്ള നിഹാരിക മലാലയെക്കുറിച്ചുള്ള “മലാല ആക്ഷരങ്ങളുടെ മലാല” എന്ന ഏകപാത്ര നാടകത്തിലൂടെ ശ്രദ്ധേയയാണ്. മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ ബോധവത്കരണ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്.