ഭാവാഭിനയത്തില്‍ കാലത്തിന്റെ വിഹ്വലതകള്‍

Posted on: January 22, 2016 6:00 am | Last updated: January 22, 2016 at 10:36 am
ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോണോ ആക്ട് മത്സരത്തില്‍ റിഷ ഹുസൈന്റെ വിവിധ ഭാവങ്ങള്‍
ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോണോ ആക്ട് മത്സരത്തില്‍ റിഷ ഹുസൈന്റെ വിവിധ ഭാവങ്ങള്‍

തിരുവനന്തപുരം: ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോണോ ആക്ട് മത്സരത്തില്‍ പ്രതിഫലിച്ചത് പുതിയ കാലത്തിന്റെ വിഹ്വലതകളും ഭീതിജനകമായ ചുറ്റുപാടും. മനുഷ്യത്വവും ആര്‍ദ്രതയും അനുകമ്പയും തമസ്‌കരിക്കപ്പെട്ട വര്‍ത്തമാന കാലത്തെ ഭാവാഭിനയത്തിലൂടെ കൃത്യമായി അടയാളപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിച്ചതായി വിധികര്‍ത്താക്കള്‍ ചൂണ്ടിക്കാട്ടി. മത്സരത്തില്‍ പങ്കെടുത്ത 19 പേരില്‍ ഒരാള്‍ക്ക് ഒഴികെ മറ്റെല്ലാവര്‍ക്കും എ ഗ്രേഡുണ്ട്. പതിവ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായി, അപ്പീലുകളുടെ അതിപ്രസരമില്ലാതെ, സമയക്രമം പാലിച്ചാണ് മത്സരം പൂര്‍ത്തിയായത്.
അവകാശങ്ങള്‍ നേടിയെടുക്കാന്‍ പെണ്‍പിളൈ ഒരുമ പോലുള്ള കൂട്ടായ്മകള്‍ക്ക് മാത്രമേ കഴിയുകയുള്ളൂവെന്ന് ചമ്പല്‍ക്കാട്ടിലെ ഫൂലന്‍ ദേവിയെ കഥാപാത്രമാക്കി അവതരിപ്പിച്ച പാലക്കാട് മണ്ണാര്‍ക്കാട് എച്ച് എസ് എസിലെ അജിഷ മനോജ് മത്സരത്തില്‍ നിറഞ്ഞുനിന്നു. അട്ടപ്പാടിയിലെ ആദിവാസി ജനങ്ങള്‍ അനുഭവിക്കുന്ന നിത്യജീവിത ദുരിതങ്ങളാണ് മത്സരത്തില്‍ റിഷ ഹുസൈന്‍ അവതരിപ്പിച്ചത്. മലപ്പുറം മഞ്ചേരി എച്ച് എം വൈ എച്ച് എസ് എസിലെ എട്ടാം തരം വിദ്യാര്‍ഥിനിയാണ് റിഷ. ആര്‍ ശങ്കര്‍ ഫൗണ്ടേഷന്റെ പുരസ്‌കാരവും പൂന്താനം കലാ സാഹിത്യവേദിയുടെ പുരസ്‌കാരവും നേടി സാഹിത്യലോകത്ത് ശ്രദ്ധേയയായ റിഷ ഹുസൈന്‍ മത്സരത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കി.
കലാപ രാഷ്ട്രീയവും തെരുവ്‌നായ്ക്കളുടെ പരാക്രമവും ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ നടക്കുന്ന ചാറ്റിംഗും അവതരിപ്പിച്ച ബിസ്മിത ഷാജഹാനും പ്രേക്ഷകരുടെ കൈയടി നേടി. ഇടുക്കി മുതലക്കൂടം എസ് എച്ച് ജി എച്ച് എസിലെ വിദ്യാര്‍ഥിനിയാണ് ബിസ്മിത.