അഭയാര്‍ഥി വിരുദ്ധ ബില്‍ യു എസ് സെനറ്റ് തള്ളി

Posted on: January 22, 2016 6:00 am | Last updated: January 21, 2016 at 11:52 pm
SHARE

Senate_in_sessionവാഷിംഗ്ടണ്‍: അഭയാര്‍ഥികളുടെ പ്രവേശത്തിന് കടുത്ത നിയന്ത്രണം ശിപാര്‍ശ ചെയ്യുന്ന ബില്‍ യു എസ് സൈനറ്റ് റദ്ദാക്കി. ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്ന അഭയാര്‍ഥികളെ ലക്ഷ്യം വെച്ചായിരുന്നു ബില്‍ അവതരിപ്പിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ് ബില്‍ അവതരിപ്പിച്ചതെങ്കിലും ഡെമോക്രാറ്റുകള്‍ എതിര്‍ത്ത് വോട്ട് ചെയ്തതോടെയാണ് ബില്‍ പരാജയപ്പെട്ടത്.
60 പേരുടെ പിന്തുണ വേണ്ടിയിരുന്നെങ്കിലും 100 അംഗങ്ങളുള്ള സെനറ്റില്‍ 55 വോട്ടുകള്‍ മാത്രമാണ് അനുകൂലമായി ലഭിച്ചത്. 43 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് രണ്ട് പേരും ബില്ലിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മുഴുവന്‍ അംഗങ്ങളും അനുകൂലിച്ചു.
അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള അഭയാര്‍ഥികള്‍ക്ക് ഉന്നത യു എസ് ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരിക്കണമെന്നാണ് ബില്ലില്‍ ശിപാര്‍ശ ചെയ്തിരുന്നത്. യുദ്ധം തകര്‍ത്ത രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് വരുന്നവരെ സഹായിക്കുന്ന ദീര്‍ഘ പാരമ്പര്യത്തിന് എതിരാണ് ബില്ലെന്ന് ഡെമോക്രാറ്റിക് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
ബില്‍ വളരെ അസ്വസ്ഥയുണ്ടാക്കുന്നതാണെന്നും മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ അപേക്ഷിച്ച് അഭയാര്‍ഥികള്‍ക്ക് മാത്രം കൂടുതല്‍ ദുരിതം ഉണ്ടാക്കുന്നതിനാണ് ഈ ബില്‍ ലക്ഷ്യമിടുന്നതെന്നും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തവര്‍ വിലയിരുത്തുന്നു. എന്നാല്‍ അഭയാര്‍ഥികള്‍ മൂലമുള്ള ആക്രമണങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി ശക്തമായ പരിശോധനകളിലൂടെ മാത്രമേ ഇവരെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കാവൂ എന്ന് ബില്ലിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അഭയാര്‍ഥികളെ ആക്രമിക്കുക മാത്രമാണ് ഈ ബില്ലിന്റെ ലക്ഷ്യമെന്ന് ഡമോക്രാറ്റിക് പാര്‍ട്ടി പ്രതികരിച്ചു.
കോണ്‍ഗ്രസില്‍ ഈ ബില്ലിന് അംഗീകാരം ലഭിക്കുകയാണെങ്കില്‍ ഇതിനെ വീറ്റോ ചെയ്യുമെന്ന് നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ പതിനായിരത്തോളം സിറിയന്‍ അഭയാര്‍ഥികളെ രാജ്യം ഏറ്റെടുക്കുമെന്ന് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഒബാമ ഉറപ്പ് നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here