സ്മൃതി ഇറാനിയെ എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തണം- കെജ്‌രിവാള്‍

Posted on: January 22, 2016 6:00 am | Last updated: January 21, 2016 at 11:46 pm
SHARE

arvind-kejriwal-ഹൈദരാബാദ്: ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട എഫ് ഐ ആറില്‍ മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ പേരും ഉള്‍പ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. ഹൈദരാബാദ് സര്‍വകാലാശാലാ ക്യാമ്പസിലെ വിദ്യാര്‍ഥികളുടെ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.
തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന സ്മൃതി ഇറാനി രാജ്യത്തോട് മാപ്പ് പറയണം. എഫ് ഐ ആറില്‍ ഉള്‍പ്പെട്ട കേന്ദ്ര മന്ത്രി ബന്ധാരു ദത്താത്രേയ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യണം. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തുകയും വേണമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. രോഹിതിനെയും മറ്റ് നാല് ദളിത് വിദ്യാര്‍ഥികളെയും സസ്‌പെന്‍ഡ് ചെയ്തത് സര്‍വകാലാശാലയിലെ അക്കാദമിക് കൗണ്‍സില്‍ തീരുമാനപ്രകാരമാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി സ്മൃതി ഇറാനി പറഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ച് 10 ദളിത് അധ്യാപകര്‍ തങ്ങളുടെ അഡ്മിനിസ്‌ട്രേറ്റീവ് പദവികള്‍ ഉപേക്ഷിച്ചിട്ടുണ്ട്.
എ ബി വി പി പ്രവര്‍ത്തകരും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരും ഏറ്റുമുട്ടിയതിന് ഒരു തെളിവുമില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു. എന്നിട്ടും കൃത്യമായി എ ബി വി പി യൂനിറ്റ് അധ്യക്ഷന്‍ സുശീല്‍ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയത് ആസൂത്രിതമാണ്. കുമാറിന് പരുക്കു പറ്റിയെന്നതിനും തെളിവില്ല. എത്ര വേഗമാണ് ദത്താത്രേയ ഇതില്‍ ചാടി വീഴുന്നതും ഇറാനിക്ക് കത്തെഴുതുന്നതും. ഇവയൊക്കെ വ്യക്തമായ ദളിത് വിവേചനമാണ് കാണിക്കുന്നത്- കെജ്‌രിവാള്‍ പറഞ്ഞു.
സമരപ്പന്തലിന് ചുറ്റും നൂറ് കണക്കിന് പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സി പി ഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ഡി രാജ എന്നിവരും ഇന്നലെ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ലോക്‌സത്ത പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എന്‍ ജയപ്രകാശ് നാരായണനും ഹൈദരാബാദിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here