സല്‍വീന്ദര്‍ സിംഗിന്റെ വീടുള്‍പ്പെടെ ആറിടത്ത് എന്‍ ഐ എ റെയ്ഡ്‌

Posted on: January 22, 2016 6:00 am | Last updated: January 21, 2016 at 11:44 pm
SHARE

ന്യൂഡല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഐ എസ് ഐ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഗുരുദാസ്പൂര്‍ എസ് പി സല്‍വീന്ദര്‍ സിംഗിന്റെ വീട്ടില്‍ ഉള്‍പ്പെടെ പഞ്ചാബില്‍ ആറ് കേന്ദ്രങ്ങളില്‍ എന്‍ ഐ എ സംഘം പരിശോധന നടത്തി. ഗുരുദാസ്പൂരിലെ നാല് സ്ഥലത്തും അമൃത്‌സറിലെ രണ്ടിടത്തുമാണ് റെയ്ഡ്.
സംശയത്തെ തുടര്‍ന്ന് അഞ്ച് ദിവസം തുര്‍ച്ചയായി ചോദ്യം ചെയ്തതിന് പിന്നാലെ കഴിഞ്ഞ ദിവസം സല്‍വീന്ദര്‍ സിംഗിനെ നുണപരിശോധനക്ക് വിധേയമാക്കിയിരുന്നു. നുണപരിശോധയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. സല്‍വീന്ദര്‍ സിംഗിനൊപ്പം ഭീകരര്‍ തട്ടിക്കൊണ്ടുപോയ സുഹൃത്ത് രാജേഷ് വര്‍മയുടെയും സഹായി മദന്‍ ഗോപാലിന്റെയും വീടുകളിലും എന്‍ ഐ എ റെയ്ഡ് നടത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതനിടെ സല്‍വീന്ദര്‍ നല്‍കിയ മൊഴികളിലെ വൈരുധ്യത്തെ തുടര്‍ന്ന് കൂടിയാണ് റെയ്ഡ് നടത്തുന്നത്.
ചോദ്യം ചെയ്യലിന് പിന്നാലെ തുടര്‍ച്ചയായ രണ്ടു ദിവസം സല്‍വീന്ദറിനെ നുണപരിശോധനക്ക് വിധേയനാക്കിയിരുന്നു. അന്വേഷണത്തില്‍ വഴിത്തിരിവാകാവുന്ന വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിച്ചോ എന്ന് വ്യക്തമാക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. കേസിന്റെ തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാലാണത്രേ ഇത്. അദ്ദേഹത്തിനു മേലുള്ള പരിശോധനകള്‍ തുടരുമെന്നാണ് സംഘം സൂചന നല്‍കുന്നത്.
ഇതിന്റെ ഭാഗമായി സല്‍വീന്ദറിനെ പെരുമാറ്റ പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയനാക്കുമെന്നു ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു. മനഃശാസ്ത്രജ്ഞര്‍ ഉള്‍പ്പെടുന്ന ഒരു സംഘത്തിന് മുന്നില്‍ സല്‍വീന്ദറിനെ പെരുമാറ്റ പരിശോധനക്ക് വിധേയനാക്കുക എന്നാണ് സൂചന. ഇയാളുടെ സ്വഭാവ സവിശേഷതകളെ ശാസ്ത്രീയമായി വിലയിരുത്തുന്നതിനാണിത്. ‘ബിഹേവിയറല്‍ അനലിസ്റ്റും’ മനഃശാസ്ത്രജ്ഞരും ഉള്‍പ്പെട്ട സംഘമാണ് സല്‍വീന്ദറിനെ പരിശോധനക്ക് വിേധയനാക്കുക.
എസ് പി സഞ്ചരിച്ചിരുന്ന നീല ബീക്കണ്‍ ഘടിപ്പിച്ച വാഹനം തട്ടിയെടുത്ത് ഇതിലാണ് ഭീകരര്‍ വ്യോമസേനാ താവളത്തിലെത്തിയത്. എസ് പിയുടെ മൂന്നു മൊബൈല്‍ ഫോണുകളില്‍ രണ്ടെണ്ണം തീവ്രവാദികള്‍ കൈക്കലാക്കിയിരുന്നു. രക്ഷപ്പെട്ടശേഷം മൂന്നാമത്തെ മെബൈലില്‍ നിന്നാണ് എസ് പി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചത്. പതിവായി പോകാറുള്ള ആരാധനാലയത്തില്‍ പോകുന്നതിനാലും രാത്രിയായതിനാലും റിവോള്‍വര്‍ എടുക്കുകയോ സുരക്ഷാ ഗാര്‍ഡിനെ കൂടെകൂട്ടുകയോ ചെയ്തില്ല എന്നാണ് സല്‍വീന്ദര്‍ മൊഴിനല്‍കിയിരുന്നത്. എന്നാല്‍ പഠാന്‍കോട്ടെ ആരാധനാലയത്തിലെ സ്ഥിരം സന്ദര്‍ശകനാണ് താനെന്ന എസ് പിയുടെ വാദം ആരാധനാലയ അധികൃതര്‍ നിഷേധിച്ചിരുന്നു. കൂടാതെ, രാജേഷ് വര്‍മയും മദന്‍ഗോപാലും ഇവരെ തട്ടികൊണ്ട് പോയ ദിവസം രാവിലെയും ഇതേ ആരാധനാലയം സന്ദര്‍ശിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ 13 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എസ് പി രണ്ടര മണിക്കൂറിലേറെയെടുത്തുവെന്ന കണ്ടെത്തലും സംശയത്തിനിടയാക്കുകയായിരുന്നു.