ചിരിച്ചവര്‍ അറിഞ്ഞില്ല, ഷിഫ്‌നയുടെ ഉള്ളുരുകുന്നത്…

Posted on: January 22, 2016 6:00 am | Last updated: January 23, 2016 at 9:59 am
SHARE

Shifna Mariyam Story- Rameshanതിരുവനന്തപുരം: മിമിക്രി കേട്ട് കൈയടിച്ചവരൊന്നും അറിഞ്ഞില്ല ഷിഫ്‌ന മറിയത്തിന്റെ ഉള്ളുരുകുകയാണെന്ന്. ജന്മനാ അന്ധയും അപൂര്‍വ രോഗത്തിന് വിധേയയുമായ ഷിഫ്‌നാ മറിയം ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മിമിക്രി മത്സരത്തില്‍ പങ്കെടുക്കാനെത്തിയത് ആശുപത്രി കിടക്കയില്‍ നിന്നാണ്. പട്ടം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ഥിനിയാണ് ഷിഫ്‌ന.
രോഗത്തിന്റെ അവശതകളെയെല്ലാം അതിജീവിച്ചാണ് ശബ്ദാനുകരണ കലയില്‍ ഷിഫ്‌ന മിന്നുന്ന പ്രകടനം കാഴ്ച വെച്ചത്. മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഗതിവിഗതികളെ മാറ്റി മറിച്ചുകൊണ്ടിരിക്കുന്ന ഡയലര്‍ ടോണിന്റെയും ബിസി ടോണിന്റെയും ശബ്ദാനുകരണം മികവാര്‍ന്ന രീതിയില്‍ അവതരിപ്പിച്ച് ഷിഫ്‌ന കാണികളുടെ കൈയടി നേടി. 2014 ജനുവരിയിലാണ് ഷിഫ്‌നയെ രോഗം ബാധിച്ചത്. അറ്റോണിക് ബ്ലാഡര്‍ ഫൗളേഴ്‌സ് സിന്‍ഡ്രം എന്ന അപൂര്‍വ രോഗമാണ് ഈ കലാകാരിയെ ബാധിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയെങ്കിലും ചികിത്സയെക്കുറിച്ച് ഡോക്ടര്‍മാര്‍ക്ക് ഇന്നും അറിവില്ല. സ്വന്തമായി മൂത്രമൊഴിക്കാന്‍ സാധിക്കാത്ത രോഗമാണിത്. ട്യൂബ് വഴിയാണ് മൂത്രം പുറത്തെടുക്കുന്നത്. സ്‌കൂളിലെത്തിയാലും മൂത്രമൊഴിക്കുന്നത് ട്യൂബിന്റെ സഹായത്തില്‍. തിരുവനന്തപുരത്തെ പ്രമുഖ ആശുപത്രികളിലെല്ലാം ചികിത്സ നടത്തിയിട്ടും ഈ രോഗത്തിന് പ്രതിവിധി കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. എട്ട് മാസമായി പോത്തന്‍കോട് സ്വകാര്യാശുപത്രിയില്‍ ഷിഫ്‌നയെ കിടത്തിചികിത്സിച്ച് ഈ രോഗത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ നിരീക്ഷണം നടത്തിവരികയാണ്. ഇതിനിടയിലാണ് മിമിക്രി മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്.
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരും എസ് എ ടി ആശുപത്രി അധികൃതരും കൈവിട്ട ഈ രോഗത്തിന് ഇനി ചികിത്സ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ മാത്രമാണ്. 14 ലക്ഷം രൂപയാണ് ചികിത്സാ ചെലവായി കണക്കാക്കിയിട്ടുള്ളത്. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് ഷിഫ്‌നയുടേത്. പിതാവ് ഉപേക്ഷിച്ചുപോയ ഷിഫ്‌ന ഇപ്പോള്‍ മാതാവിന്റെ തണലിലാണ് ജീവിതം മുന്നോട്ട് കൊണ്ടുപപോകുന്നത്. ചികിത്സാ സഹായം ലഭിക്കുന്നതിനായി അധികൃതരുടെ കനിവ് കാത്ത് നില്‍ക്കുകയാണ് ഈ കുടുംബം.
കലാരംഗത്തെ പോലെ പഠനത്തിലും മിടുക്കിയാണ് ഈ കലാകാരി. കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ ഷിഫ്‌നക്ക് സെക്കന്‍ഡ് എ ഗ്രേഡ് ലഭിച്ചിരുന്നു. കോഴിക്കോട്ടെ കലാസദന്‍ പ്രദീപ് ലാലാണ് ഗുരു. ഗസല്‍, വീണ, വയലിന്‍ എന്നിവയും ഷിഫ്‌നക്ക് വഴങ്ങും. ഇപ്പോള്‍ മിമിക്രിയില്‍ മാത്രമാണ് മത്സരം. പോത്തന്‍കോട് തോണിക്കടവിലെ ബിസ്മി മന്‍സിലിലാണ് ഷിഫ്‌നയും കുടുംബവും താമസിക്കുന്നത്. മുഹമ്മദ് അല്‍ഷിഫാന്‍ ഏക സഹോദരനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here