Connect with us

Articles

പഴയ പോലെ ഈയം ഉരുക്കി ഒഴിക്കാന്‍ കഴിയാത്തതിനാല്‍

Published

|

Last Updated

രോഹിത് വെമുല

രോഹിത് വെമുല

ഒടുവില്‍, അവര്‍ രോഹിത് വെമുല ദളിതല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. യഥാര്‍ഥത്തില്‍, ദളിത് പീഡനത്തെ ഒരു സാങ്കേതിക പ്രശ്‌നമായി സമീപിക്കുന്ന രീതി തന്നെ മനുഷ്യത്വ വിരുദ്ധമാണ്. ഇന്ത്യയില്‍ അടിച്ചമര്‍ത്തപ്പെട്ട ആയിരക്കണക്കിന് ജാതികളുണ്ട്. ഇവരില്‍ ചിലരെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും ചിലരെ ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്തതിന്റെ ഉത്തരവാദിത്വം ഒരിക്കലും ഈ പീഡിത ജാതി സമൂഹത്തിനല്ല. മറിച്ച് സര്‍ക്കാറുകളുടെ ജനാധിപത്യവിരുദ്ധ സമീപനത്തിന്റെ ഭാഗമായിട്ടാണ് അനിവാര്യമായും ഈ പട്ടികയില്‍ ഉള്‍പ്പെടേണ്ടിയിരുന്നവര്‍ ഇപ്പോഴും പുറത്ത് നില്‍ക്കുന്നത്. രോഹിതിന്റെ കാര്യത്തില്‍ സാങ്കേതികതയുടെ പുകമറകള്‍ സൃഷ്ടിച്ച് ബഹുജന പ്രക്ഷോഭത്തില്‍ നിന്നു രക്ഷപ്പെടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അത് 2016ല്‍ സംഘ്പരിവാര്‍ സര്‍ക്കാര്‍ ആദ്യമായി നടത്തുന്ന ഒന്നല്ല. മറിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ജാതിമേല്‍ക്കോയ്മ എത്രയോ സഹസ്രാബ്ദങ്ങളായി നിര്‍വഹിച്ച് കൊണ്ടിരിക്കുന്ന കീഴാള പീഡനത്തിന്റെ പുതിയ തുടര്‍ച്ചയാണ്. ആയിരത്താണ്ടുകള്‍ക്കു മുമ്പ് തന്നെ ഇന്ത്യന്‍ സവര്‍ണത എറ്റവും പ്രധാനമായി രണ്ട് തരത്തിലുള്ള മര്‍ദനരൂപങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഒന്ന് ദളിത് സമൂഹങ്ങളെ പൂര്‍ണമായി പിന്തള്ളുകയും അവരെ ഉന്മൂലനം നടത്തുകയും ചെയ്യുക. രണ്ടാമത്തേത്, അവരില്‍ നിന്നുള്ള ചില പ്രതിഭാശാലികളെ തങ്ങളുടെ അധികാരവലയത്തില്‍ ഉള്‍പ്പെടുത്തി അവരുടെ ദളിത് സ്വത്വത്തെ തന്നെ മരവിപ്പിക്കുക. അതിന്റെ തുടര്‍ച്ച തന്നെയാണ് സത്യത്തില്‍, ഇന്ത്യയില്‍ പിന്നീട് നടന്നുകൊണ്ടിരുന്ന ദളിത് പീഡനങ്ങള്‍.
ഇപ്പോഴത്തെ രോഹിതിന്റെ വിഷയവും രോഹിതില്‍ തുടങ്ങി രോഹിതില്‍ അവസാനിക്കുന്ന ഒന്നല്ല. അത് ഒരുപക്ഷേ, ഇതിഹാസ പുരാണങ്ങളില്‍ നിന്ന് തുടങ്ങി, നമ്മുടെ കാലത്തും പുതിയ രീതിയില്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതാണ്. ഇന്നിപ്പോള്‍ പഴയതുപോലെ വേദം കേള്‍ക്കുന്ന ശൂദ്രന്റെ കാതില്‍ ഈയം ഉരുക്കി ഒഴിക്കാനോ വേദം ഉരുവിടുന്ന ശൂദ്രന്റെ നാവ് പിഴുതെടുക്കണമെന്ന കല്‍പ്പന നടപ്പിലാക്കാനോ ആരുവിചാരിച്ചാലും അതേപോലെ കഴിയില്ല. ശൂദ്രര്‍, സഞ്ചരിക്കുന്ന ശ്മശാനങ്ങളെന്നും വിവരം കെട്ടവരെന്നും വൃത്തിയില്ലാത്തവരെന്നുമൊക്കെ പല തവണ സൈദ്ധാന്തിക ഗ്രന്ഥങ്ങളില്‍ തന്നെ ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അതേപോലെ അതൊന്നും ആവര്‍ത്തിക്കാനാകില്ല. പക്ഷേ, ഇതേ കാര്യം തന്നെയാണ് പരോക്ഷമായി ഇന്ത്യയില്‍ നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
ദളിത് സമൂഹം അല്ലെങ്കില്‍ അധഃസ്ഥിത സമൂഹം, ആ അധഃസ്ഥിത സമൂഹത്തിന്റെ തുടര്‍ച്ച തന്നെയാണ് ഇന്ത്യയിലെ മുസ്‌ലിംകളും ക്രിസ്ത്യാനികളും ബുദ്ധമതക്കാരും ഒക്കെ. ഇന്ത്യയില്‍ യഥാര്‍ഥത്തില്‍ ഒരു മേല്‍ത്തട്ടും അടിത്തട്ടുമാണ്. സാമൂഹികമല്ല. ആ മേല്‍ത്തട്ട് സവര്‍ണ സമൂഹത്തിന്റെ നിയന്ത്രണത്തിലും അതിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുമാണ് നിലകൊള്ളുന്നത്. ഒരു സാമൂഹിക വിമര്‍ശകനെന്ന നിലയില്‍ ഞാന്‍ നോക്കിക്കാണുന്നത് ഇന്ത്യയില്‍ എത്രയോ വര്‍ഷങ്ങളായി, മുഗുളന്മാര്‍ ഭരിക്കുമ്പോഴും അതിന് മുമ്പും ബ്രിട്ടീഷുകാര്‍ ഭരിക്കുമ്പോഴും അതിന് ശേഷവും ഇപ്പോഴും ഒരു അദൃശ്യഭരണകൂടം പ്രവര്‍ത്തിക്കുന്നുണ്ട്. ആ അദൃശ്യ ഭരണകൂടം എന്ന് പറയുന്നത് ജാതിമേല്‍ക്കോയ്മയുടെ നേതൃത്വത്തിലുള്ള അസംഘടിതമെങ്കിലും ഏറ്റവും സുസംഘടിതമായ അദൃശ്യ സമാന്തര ഭരണകൂടമാണ്. അതിന് സ്വന്തമായി പട്ടാളമുണ്ട്. പോലീസ് സ്റ്റേഷനുണ്ട്. ഭരണഘടനയുണ്ട്. ഇന്ത്യയുടെ പ്രധാനപ്പെട്ട എല്ലാഅധികാര കേന്ദ്രങ്ങളുടേയും നേതൃത്വം ജാതിമേല്‍ക്കോയ്മയുടെ പിടിയില്‍ തന്നെയാണ്. അതിനെതിരെ ഏതെങ്കലും തരത്തിലുള്ള പ്രതികരണമുണ്ടാകുമ്പോള്‍ ജാതിമേല്‍ക്കോയ്മ ആ പ്രതികാരത്തെ പൂര്‍ണമായി ഇല്ലാതാക്കാന്‍ ശ്രമിക്കും.
രോഹിതിന്റെ രക്തസാക്ഷിത്വം, ആ വാക്കാണ് ഞാന്‍ ഉപയോഗിക്കുന്നത്, അത് പത്രങ്ങളില്‍ വന്നതിനേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. അതിലേറ്റവും പ്രധാനം 2016 ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന നരേന്ദ്ര മോദി സര്‍ക്കാറിന്റെ രാഷ്ട്രീയ അജന്‍ഡയുടെ ഇരയാണ് രോഹിത്. ഇന്ത്യയിലെ അധഃസ്ഥിത സമൂഹങ്ങള്‍ അവരെ അടിച്ചമര്‍ത്തുന്നതിനെതിരെ പലതരം പ്രതികരണങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. ആ പ്രതികരണങ്ങളുടെ പ്രചോദന പ്രവര്‍ത്തികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജ്യോതീ ബുഫുലയെപ്പോലെ, അംബേദ്കറെ പോലെ, ഇ വി ആറിനെപോലെയുള്ള ഇന്ത്യയിലെ കീഴാള നവോത്ഥാന നേതാക്കളാണ്. ഈ കീഴാള കരുത്താണ് സത്യത്തില്‍ എത്ര തന്നെ അടിച്ചമര്‍ത്തുമ്പോഴും അതിനെതിരെ കലഹിക്കാന്‍ കീഴാളതയെ ഒരു പരിധിവരെ കരുത്തുള്ളവരാക്കിത്തീര്‍ക്കുന്നത്. അവരെ പ്രലോഭിപ്പിച്ചും പീഡിപ്പിച്ചും സംഘ്പരിവാറിലേക്ക് റിക്രൂട്ട് ചെയ്യുക എന്ന ഒരു അജന്‍ഡയാണ് നേരത്തെ ഉള്ളതിനേക്കാള്‍ വളരെ കൂടുതലിപ്പോള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ പശ്ചാത്തലത്തിലാണ് ക്യാമ്പസിലൊക്കെ എ ബി വി പിക്കാര്‍ ദളിത് വിദ്യാര്‍ഥികളെ പ്രത്യേകം ലക്ഷ്യം വെച്ച് അവരെ പ്രലോഭിപ്പിച്ചും അതിന് വഴങ്ങാത്തവരെ പീഡിപ്പിച്ചും തങ്ങളുടെ സംഘടനകളിലേക്ക് ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അതൊരര്‍ഥത്തിലും ജനാധിപത്യപരമായ ഉള്‍പ്പെടുത്തലല്ല, അതായത്, നിങ്ങള്‍ക്ക് വേണ്ടത് ഞങ്ങള്‍ തരാം, നിങ്ങളെന്തിനാണ് മറ്റൊരു സംഘടനയുമായി കൂട്ടുകൂടുന്നത് എന്നാണ് ചോദ്യം. ഹിന്ദു എന്ന ഒരു വിചാരം ഉത്പാദിപ്പിച്ചിട്ട് ആ വൈകാരികതയെ ചൂഷണം ചെയ്ത് ജാതിമേല്‍ക്കോയ്മയുടെ അജന്‍ഡകള്‍ നടപ്പിലാക്കുക. ആ ദൗത്യം നിറവേറ്റുന്നതിന് തടസ്സം നില്‍ക്കുന്നത് അംബേദ്കറുടെ ആശയങ്ങളും അടിച്ചമര്‍ത്തപ്പെട്ട ദളിതുകളുടെ ചെറുത്ത് നില്‍പ്പുമാണ്. ആ ചെറുത്ത് നില്‍പ്പിന് നേതൃത്വം നല്‍കുന്ന നല്‍കുന്ന പ്രതിഭാശാലികളെ ഒന്നുകില്‍ സ്ഥാനമാനങ്ങളൊക്കെ നല്‍കി സ്വന്തം അധികാര ഘടനയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട്, “കോപ്റ്റ്” ചെയ്തുകൊണ്ട് ഇവര്‍ അവരുടെ ഭാഗമാക്കുന്നു. ഈ “കോപ്ഷന്” വഴങ്ങാത്തവരെ പലതരം പീഡനങ്ങള്‍ക്ക് വിധേയമാക്കുന്നു. ഹൈദരാബാദ് ഉള്‍പ്പെടെയുള്ള കേന്ദ്രയൂനിവേഴ്‌സിറ്റികള്‍ ഇവരുടെ പ്രത്യക്ഷ പ്രവര്‍ത്തനത്തിന്റെ ഒരു മേഖലയായിരുന്നു. നേരത്തെ നടന്നുകൊണ്ടിരുന്ന ഈ പ്രവര്‍ത്തനം 2014 ല്‍ മോദി ഭരണത്തോടെ കൂടുതല്‍ ശക്തമായി. അതായത് വിദ്യാഭ്യാസ രംഗത്തെ കാഴ്ചപ്പാടുകള്‍ വികസിപ്പിച്ചെടുക്കാന്‍ ദീനാനാഥ് ദത്രയെപ്പോലുള്ള, ഇന്ത്യയില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത, അക്കാഡമീഷ്യന്മാര്‍ക്കാര്‍ക്കും പരിചയമില്ലാത്ത ഒരു ആര്‍ എസ് എസുകാരന്‍ ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ നേതൃത്വമായിപ്പോയത്. അതിന്റെ തുടര്‍ച്ചയിലാണ് ദളിത് വിദ്യാര്‍ഥികളെ എ ബി വി പിക്കകത്തേക്ക് ഉള്‍പ്പെടുത്തുക എന്ന ഇവരുടെ അജന്‍ഡ പ്രവര്‍ത്തിക്കുന്നത്. ആ അജന്‍ഡയെ ഏറ്റവും ധീരമായി ചെറുത്തുനിന്ന വിദ്യാര്‍ഥികളുടെ നേതാവായിരുന്നു രോഹിത്. അതാണ് രോഹിതിനെ പ്രത്യേകം ടാര്‍ഗറ്റ് ചെയ്യാനുള്ള കാരണം. ആ ഒരു പീഡനത്തിന്റെ പാരമ്യതയിലാണ് വേണമെങ്കില്‍ ഒരു പിന്തിരിയല്‍ എന്ന് തോന്നുന്ന മുന്നോട്ടേക്കുള്ള ചുവടുവെപ്പ് രോഹിത് നടത്തിയിരിക്കുന്നത്. കാരണം രോഹിതിന്റെ ആത്മഹത്യ തീര്‍ച്ചയായിട്ടും വലിയ പ്രതീക്ഷയുള്ള വലിയൊരു ജീവിതത്തിന്റെ നഷ്ടം തന്നെയാണ്. പക്ഷേ, അതേസമയം പീഡിതമായ ഒരു ജനതയെ സംബന്ധിച്ചിടത്തോളം അവരനുഭവിക്കുന്ന പീഡനത്തിന്റെ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് വെക്കാനുള്ള ഒരു സന്ദര്‍ഭമായി ഈ മരണം മാറുകയാണ്.
“കൊലക്കും ആത്മഹത്യക്കുമിടയിലൂടെ ആര്‍ത്തനാദം പോലെ പായുന്ന ജീവിതം” എന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പഴയ ഒരു കവിത യഥാര്‍ഥത്തില്‍ രോഹിതിന്റെ ആത്മഹത്യയിലൂടെ പുതിയ അര്‍ഥങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കാരണം ഒരു അഭയാര്‍ഥിയുടെ ആര്‍ത്തനാദത്തേക്കാള്‍ ഒരു പോരാളിയുടെ വിയോജനക്കുറിപ്പാണ് രോഹിതിന്റെ മരണം. സത്യത്തില്‍ രോഹിത് ഒരു അഭയാര്‍ഥി തന്നെയാണ്. പിറന്ന രാജ്യത്ത് പ്രവാസികളായി കഴിയുന്നവരാണ് പീഡിത ദളിത് സമൂഹം. ആ ദളിത് സമൂഹത്തിന്റെ ഉജ്ജ്വലനായ ധൈഷണിക പ്രതിനിധി എന്നര്‍ഥത്തില്‍ തീര്‍ച്ചയായും സര്‍വകലാശാലയില്‍ പഠിക്കുമ്പോഴും ഈ പീഡനത്തിന്റെ പശ്ചാത്തലത്തില്‍ രോഹിത് ഒരു പാതി പ്രവാസിയായിരുന്നു. അതുകൊണ്ട് തന്നെ അഭയാര്‍ഥിത്വത്തിന്റെ വല്ലാത്തൊരവസ്ഥയും രോഹിതിന് ഉണ്ടായിരുന്നിരിക്കാം. അതിനാലാണ് തന്റെ ജീവിതം കൊണ്ടുള്ളതിനേക്കാള്‍ തന്റെ ആത്മഹത്യകൊണ്ട് തന്റെ പ്രവാസത്തെ ഒരു പ്രക്ഷോഭമാക്കി തിരുത്തിയെഴുതുക വഴി ഈ ആത്മഹത്യ വെറുമൊരു ആത്മഹത്യല്ലാതെ ഒരു രക്തസാക്ഷിത്വമായി വളര്‍ന്നു കഴിഞ്ഞിരിക്കുകയാണ്. അതുകൊണ്ടാണ് ജീവിച്ചിരിക്കുന്ന രോഹിതും ആത്മഹത്യ ചെയ്ത രോഹിതും ഇന്ത്യന്‍ ഫാസിസത്തിന് കനത്ത ആഘാതമേല്‍പ്പിച്ചിരിക്കുന്നത്.
യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലും ഡല്‍ഹിയിലുമൊക്കെ ദലിത് വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിരോധ സമരങ്ങളില്‍ സജീവമായി പങ്കെടുത്ത ആളാണ് രോഹിത്. അതിനോട് സംഘ്പരിവാറിന് സ്വാഭാവികമായും ഉണ്ടാകാവുന്ന വെറുപ്പ്. രണ്ടാമത്തേത് ഏറ്റവും ഭീതിതമായിട്ടുള്ള ഒന്നാണ് രണ്ടായിരത്തി രണ്ടിലെ മുസാഫര്‍ നഗര്‍ കലാപം. മുസാഫര്‍ നഗര്‍ കാലാപത്തിനെതിരെയുള്ള ഒരു ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കുകയും അതോടനുബന്ധിച്ച് നടന്ന ഒരു സംവാദത്തിന് നേതൃത്വം നല്‍കുകയും ചെയ്തയാളാണ് രോഹിത്. അത് സംഘ്പരിവാറിനെ വല്ലാതെ പേടിപ്പിച്ചിട്ടുണ്ട്. അതുപോലെ ബീഫ് രാഷ്ട്രീയത്തിനെതിരെ അല്ലെങ്കില്‍ ബീഫ് നിരോധത്തിനെതിരെ ഏറ്റവും വലിയ പ്രക്ഷോഭം ഇന്ത്യയില്‍ ആദ്യമായി തുടങ്ങിയത് ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലും ഉസ്മാനിയ യൂനിവേഴ്‌സിറ്റിയിലുമൊക്കെയാണ്. ഇത് സംഘ്പരിവാറിനെ ചൊടിപ്പിച്ചിട്ടുണ്ട്. അതിലും ദളിത് വിദ്യാര്‍ഥികള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ സംഘ്പരിവാര്‍ വികസിപ്പിക്കുന്ന സാസ്‌കാരിക ദേശീയതയുടെ അര്‍ഥശൂന്യതയും അചരിത്രപരതയും ഏറ്റവും നന്നായി അവതരിപ്പിക്കുന്നതില്‍ രോഹിത് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ ശക്തമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇതൊക്കെയാണ് രോഹിതിന് നേരെയുള്ള ആക്രമണത്തിന് പ്രത്യക്ഷമായി നിമിത്തമാകുന്നത്. എന്നാല്‍ പരോക്ഷമായി മറ്റൊരു കാരണമുണ്ട്. ഇന്ത്യയില്‍ മാറിമാറി വന്ന സര്‍ക്കാറുകളും നേരത്തെ പറഞ്ഞ ഭരണകൂടങ്ങളും തമ്മില്‍ യോജിച്ചും വിയോജിച്ചുമാണ് നിലനിന്നിരുന്നത്. അതായത് സര്‍ക്കാറും അദൃശ്യഭരണകൂടവും തമ്മില്‍ ചില വൈരുധ്യങ്ങളുണ്ടായിരുന്നു. എന്നാല്‍ ആ വൈരുധ്യങ്ങളൊക്കെ പരിഹരിക്കപ്പെട്ട് അദൃശ്യഭരണകൂടവും നിലവിലുള്ള സംഘ്പരിവാര്‍ സര്‍ക്കാര്‍ സംവിധാനവും സമന്വയിക്കപ്പെട്ടിരിക്കുകയാണ്. അത്‌കൊണ്ട് തന്നെ മുമ്പത്തെ ഒരു ദളിത് ആത്മഹത്യയുടെ തുടര്‍ച്ചയായിട്ട് ഇതിനെ കാണാന്‍ പറ്റില്ല. അതിനേക്കാള്‍ കൂടിയ അര്‍ഥം ഈ ഒരു ആത്മഹത്യയില്‍ അടങ്ങുന്നുണ്ട്.

തയ്യാറാക്കിയത്- സഫ്‌വാന്‍ ചെറൂത്ത്
safvancherooth@gmail.com

Latest