വാടക വര്‍ധന: ശൂറ കൗണ്‍സില്‍ ശിപാര്‍ശ പരിശോധിക്കാന്‍ മന്ത്രിസഭാ നിര്‍ദേശം

Posted on: January 21, 2016 9:31 pm | Last updated: January 21, 2016 at 9:31 pm

ദോഹ: രാജ്യത്തെ കെട്ടിട വാടക വര്‍ധന സംബന്ധിച്ച് ശൂറ കൗണ്‍സിലിന്റെ ശിപാര്‍ശ കൂടുതല്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് മന്ത്രിസഭ ആവശ്യപ്പെട്ടു. വാണിജ്യ കെട്ടിടങ്ങളുടെ വാടക വര്‍ധനക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും പാര്‍പ്പിട വാടക വര്‍ധനയില്‍ നിയന്ത്രണം വേണ്ടെന്നുമായിരുന്നു ശൂറ കൗണ്‍സില്‍ ശിപാര്‍ശ.
പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. പാര്‍പ്പിടേതര ആവശ്യങ്ങള്‍ക്കായി പാട്ടത്തിനെടുത്ത സ്ഥലങ്ങളുടെ പാട്ട കാലാവധി നീട്ടിക്കൊടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമത്തിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കി.
നിയമം അനുസരിച്ച് പാട്ടത്തിനെടുത്ത സ്ഥലങ്ങള്‍ അടുത്ത ഒരു വര്‍ഷത്തേക്ക് നീട്ടിക്കിട്ടും. ഇതു വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഗുണകരമാകും. പാട്ടകാലാവധി ഇനിയും അവശേഷിക്കാത്തവര്‍ക്കും പാട്ടം പുതുക്കി നല്‍കാന്‍ സാധ്യതയില്ലാത്തവര്‍ക്കുമാണ് നിയമം സഹായകമാകുക.
ഖത്വറും മെക്‌സിക്കോയും തമ്മില്‍ ഊര്‍ജ മേഖലയില്‍ സഹകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ ഒപ്പുവെച്ച ധാരണ മന്ത്രിസഭ അംഗീകരിച്ചു. ഇരു ഗവണ്‍മെന്റുകളും തമ്മില്‍, സാംസ്‌കാരികം, കായികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയില്‍ സഹകരിക്കുന്നതിനുള്ള ധാരണയും മന്ത്രിസഭ അംഗീകരിച്ചു. ക്യൂബന്‍ റിപ്പബ്ലിക്കും ഖത്വറും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരിക്കുന്നതിനായി ഉണ്ടാക്കിയ കരാറുകള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്ത് അംഗീകരിച്ചു.
രാജ്യത്തെ ഭീകരവിരുദ്ധ സമിതിയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് മന്ത്രിസഭ പരിശോധിച്ചു. ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ നിലവില്‍ വന്ന കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ആശയങ്ങളും യോഗം ചര്‍ച്ച ചെയ്തു. യു എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് രാജ്യത്തും പുറത്തും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങളും ചര്‍ച്ചക്കുവന്നു. രാജ്യത്തെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടും മന്ത്രിസഭയുടെ പരിഗണനക്കു വന്നു. കഴിഞ്ഞ വര്‍ഷത്തെ ആദ്യ ആറു മാസത്തെ റിപ്പോര്‍ട്ടാണ് പരിശോധിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പാരീസില്‍ നടന്ന സമ്മേളനത്തിലെ രാജ്യത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടും മന്ത്രിസഭ പരിശോധിച്ചു.