ജോലി നഷ്ടം പെരുകുമ്പോള്‍ തൊഴിലാളികള്‍ക്ക് ‘എന്‍ ഒ സി’ ഭീതി

Posted on: January 21, 2016 9:29 pm | Last updated: January 23, 2016 at 3:07 pm
SHARE

QatarLabor_Conweekദോഹ : ചെലവു ചുരുക്കലിന്റെ ഭാഗമായി രാജ്യത്ത് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി നഷ്ടപ്പെടുന്നതു വര്‍ധിപ്പിക്കുമ്പോള്‍ പുതിയ ജോലി കണ്ടെത്തുന്നതിന് വിദേശികള്‍ക്ക് തടസം സൃഷ്ടിച്ച് എന്‍ ഒ സി. വിസ റദ്ദാക്കുന്ന തൊഴിലാളികള്‍ക്ക് എന്‍ ഒ സി നല്‍കാന്‍ മിക്ക കമ്പനികളും തയാറുകുന്നില്ല. ഇതു സംബന്ധിച്ച് നിലനില്‍ക്കുന്ന തെറ്റിദ്ധാരണയാണ് മിക്ക കമ്പനികളുടെയും എച്ച് ആര്‍ വിഭാഗം എന്‍ ഒ സി നിഷേധിക്കുന്നതിന് കാരണം.
എണ്ണവിലയിടിവ് ഉണ്ടാക്കിയ സാമ്പത്തിക നിയന്ത്രണം നിര്‍മാണ പദ്ധതികളിലും മന്ദാവസ്ഥ കൊണ്ടുവരുമ്പോള്‍ മാന്‍പവര്‍ സപ്ലേ കമ്പനികളില്‍ പലതും പുതിയ പ്രൊജക്ടുകള്‍ ലഭിക്കാത്ത സാഹചര്യം നേരിടുന്നുണ്ട്. ഇത്തരം കമ്പനികളിലെ ജീവനക്കാരോട് പിരിഞ്ഞു പോകാവുന്നതാണെന്ന സന്ദേശം ഏതാനും കമ്പനികള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു. നിലവിലുള്ള പ്രൊജക്ടുകള്‍ അവസാനിച്ചാല്‍ പുതിയ പ്രൊജക്ടുകളില്ലാത്ത പ്രതിസന്ധി അഭിമൂഖീകരിക്കുന്ന കമ്പനികളുമുണ്ട്. മാന്‍പവര്‍ സപ്ലേക്കു പുറമേ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, കാറ്ററിംഗ്, മെറ്റീരിയല്‍ സപ്ലേ, ബില്‍ഡിംഗ് വേസ്റ്റ് നീക്കം ചെയ്യല്‍ തുടങ്ങിയ രംഗങ്ങളും പ്രൊജക്ട് നഷ്ടത്തിന്റെ പ്രതിസന്ധികള്‍ നേരിടുന്നു.
ജോലി നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ പുതിയ ജോലി നോക്കുന്നതിനും സുരക്ഷിത മേഖലകളിലേക്കു മാറുന്നതിനും ജീവനക്കാര്‍ ശ്രമിക്കുന്നുണ്ട്. അപ്പോഴാണ് എന്‍ ഒ സി പ്രശ്‌നം വിലങ്ങുതടിയാകുന്നത്. എന്‍ ഒ സി തരില്ലെന്ന് കമ്പനി അറിയിച്ചതായി പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമതിച്ച ഒരു മലയാളിയായ തൊഴിലാളി പറഞ്ഞു. മലയാളി ഉടമസ്ഥതയിലുള്ള കമ്പനികളാണ് എന്‍ ഒ സി നല്‍കാന്‍ മടിക്കുന്നത്.
രണ്ടു വര്‍ഷത്തെ കരാറിനാണ് തൊഴിലാളികളെ നിയമിക്കുന്നതെന്നും എന്‍ ഒ സി ആവശ്യപ്പെട്ട് ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്നും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി എച്ച് ആര്‍ പ്രതിനിധി ശ്രീകുമാര്‍ പറഞ്ഞു. എന്‍ ഒ സി കൊടുക്കില്ലെന്നൊരു നിലപാടെടുത്തിട്ടില്ല. എന്നാല്‍, എന്‍ ഒ സി കൊടുക്കുന്നത് കമ്പനിക്ക് തുടര്‍ന്ന് വിസ ലഭിക്കുന്നതിന് തടസം സൃഷ്ടിക്കുമെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജോലി നഷ്ടപ്പെട്ട് എന്‍ ഒ സി ലഭിച്ചില്ലെങ്കില്‍ തിരിച്ചു വരാന്‍ രണ്ടു വര്‍ഷം കഴിയണമെന്നതാണ് തൊഴിലാളികളെ സങ്കടത്തിലാക്കുന്നത്. 47 വയസ്സായ തനിക്ക് ഡ്രൈവര്‍ ജോലി വേറെ കിട്ടാനുണ്ടെന്നും എന്നാല്‍ എന്‍ ഒ സി കിട്ടിയില്ലെങ്കില്‍ മകളുടെ വിവാഹമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പ്രയാസത്തിലാകുമെന്നും പിരിച്ചുവിടല്‍ ഭീഷണിയില്‍ കഴിയുന്ന ഒരു മലയാളി ജീവനക്കാരന്‍ പറഞ്ഞു. ലേബര്‍ ക്യാമ്പില്‍ ജീവിക്കുന്ന വിവിധ കമ്പനികളുടെ ഒരുപാട് പേര്‍ പിരിച്ചുവിടല്‍ ഭീഷണിയുടെ മുഖത്ത് എന്‍ ഒ സി പ്രതിസന്ധി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വന്‍കിട കമ്പനികളും പൊതുമേഖലാ സ്ഥാപനങ്ങളും എന്‍ ഒ സി നല്‍കാന്‍ വിസമ്മതിക്കുന്നു. അടുത്ത് നൂറു കണക്കിനാളുകളെ പരിച്ചുവിട്ട പ്രമുഖ സ്ഥാപനം എന്‍ ഒ സി നല്‍കിയിട്ടില്ല. അതേസമയം, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നും പരിയേണ്ടി വന്നവര്‍ എന്‍ ഒ സി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

എന്‍ ഒ സി നല്‍കുന്നത് വിസക്ക് തടസ്സമാകില്ല
ദോഹ: നിയമാനുസൃതം വിസ റദ്ദാക്കി പോകുന്ന ജീവനക്കാരന് എന്‍ ഒ സി നല്‍കുന്നത് കമ്പനിക്ക് തുടര്‍ന്ന് വിസ ലഭിക്കുന്നതിന് തടസങ്ങളിലെന്ന് വിസ സേവന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. വിസ റദ്ദാക്കി പോകുന്നവര്‍ തിരിച്ചു വന്ന് ഇതേ സ്വഭാവത്തിലുള്ള മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതു ഭയപ്പെടുന്നവരാണ് എന്‍ ഒ സി നല്‍കാന്‍ മടിക്കുന്നത്. മാനേജര്‍, മാര്‍ക്കറ്റിംഗ്, സെയില്‍സ് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഇതു ബാധിക്കുന്നത്. എന്നാല്‍ നിര്‍മാണ, കരാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാധാരണ തൊഴിലാളികള്‍ വിപണിയില്‍ വെല്ലുവിളി സൃഷ്ടിക്കാത്തതിനാല്‍ എന്‍ ഒ സി പ്രതിസന്ധിയല്ല. കമ്പനികള്‍ തെറ്റിദ്ധാരണ കൊണ്ടാണ് എന്‍ ഒ സി നിഷേധിക്കുന്നതെന്ന് വിസ സര്‍വീസ് സ്ഥാപനമായ ക്ലിക്ക് ഇന്റര്‍നാഷനല്‍ പ്രതിനിധി സഈദ് പറഞ്ഞു.
എന്നാല്‍, തനാസുല്‍ എന്ന പേരില്‍ അറിയപ്പെടുന്ന വിസ മാറ്റം (നഖല്‍ കഫാല) നടത്തുന്നത് കമ്പനികള്‍ക്ക് പുതിയ വിസ എടുക്കുന്നതിന് പലപ്പോഴും തടസമാകാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരനെ ആവശ്യമില്ലാത്തതു കൊണ്ടാണല്ലോ മാറ്റം അനുവദിച്ചതെന്നാണ് തൊഴില്‍ മന്ത്രാലയം പരിഗണിക്കുന്നത്. എന്നാല്‍, കരാര്‍ കാലാവധി പൂര്‍ത്തിയാക്കി വിസ റദ്ദാക്കുന്നവരുടെ കാര്യത്തില്‍ ഇങ്ങനെ പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here