Connect with us

Qatar

ഉരീദുവിനെതിരെ കൂടുതലും ബില്‍ പരാതി; വോഡാഫോണിനെതിരെ സംഭാഷണം മുറിയലും

Published

|

Last Updated

ദോഹ: രാജ്യത്തെ ടെലികോം കമ്പനികളെ സംബന്ധിച്ച് കമ്യൂനിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി (സി ആര്‍ എ)ക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 1135 പരാതികള്‍. രാജ്യത്തെ ടെലികോം സര്‍വീസ് നല്‍കുന്ന കമ്പനികളായ ഉരീദു, വോഡഫോണ്‍ എന്നിവക്കെതിരെ പ്രതിമാസം ശരാശരി നൂറ് പരാതികളാണ് ലഭിച്ചത്. ഉരീദുവിനെതിരായ പരാതികളില്‍ 30 ശതമാനവും ബില്ലിനെ കുറിച്ചായിരുന്നു. 20 ശതമാനം നെറ്റ്‌വര്‍ക് കവറേജിനെ കുറിച്ചും. സംഭാഷണം മുറിഞ്ഞുപോകലാണ് വോഡാഫോണ്‍ ഉപഭോക്താക്കളുടെ 30 ശതമാനം പരാതികള്‍. ബില്ലിംഗ് വിഷയത്തില്‍ 20 ശതമാനം പരാതികളാണ് ഉണ്ടായത്. ഇവയില്‍ 90 ശതമാനവും പരിഹരിച്ചിട്ടുണ്ട്. പത്ത് ശതമാനം പരാതികളില്‍ അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ടെലികോം ഉപഭോക്താക്കളില്‍ നിന്ന് 1985 അന്വേഷണങ്ങളാണ് ഉണ്ടായത്.
സുതാര്യതയുടെ ഭാഗമായാണ് ഈ കണക്കുകള്‍ പുറത്തുവിടുന്നതെന്ന് സി ആര്‍ എ ഉപഭോക്തൃകാര്യ മാനേജര്‍ അമല്‍ സലീം അല്‍ ഹനാവി പറഞ്ഞു. ഫോണ്‍ സംഭാഷണം മുറിഞ്ഞുപോകല്‍, സേവന വ്യവസ്ഥകളിലെ കാലതാമസം, റിഫണ്ട്, കൃത്യമല്ലാത്ത ബില്‍, ഇന്റര്‍നെറ്റ് വേഗതക്കുറവ്, മോശം ബ്രോഡ്ബാന്‍ഡ്, സര്‍വീസ് ആക്ടീവ് ആകാതിരിക്കുകയോ മുറിഞ്ഞുപോകുകയോ ചെയ്യുക, ഉയര്‍ന്ന റോമിംഗ് നിരക്ക്, ഡബിള്‍ ഡെബ്റ്റ്, കുറവുകള്‍ പരിഹരിക്കാതിരിക്കുക, സിം കാര്‍ഡുകള്‍ ആക്ടീവ് ആകാതിരിക്കുക തുടങ്ങിയവയാണ് പൊതുവായ പരാതികള്‍. ഉരീദുവിന്റെ ലാന്‍ഡ് ലൈന്‍ പരാതികളില്‍ 53 ശതമാനവും ഇന്‍സറ്റലേഷന്‍, ആക്ടിവേഷന്‍ എന്നിവയുടെ വൈകലിനെയും 32 ശതമാനം സംഭാഷണം മുറിഞ്ഞുപോകലിനെയും കുറിച്ചുള്ളതായിരുന്നു.
ടെലികോം കമ്പനികള്‍ക്ക് പരാതി നല്‍കി 30 ദിവസത്തിന് ശേഷവും പരിഹരിക്കപ്പെട്ടില്ലെങ്കിലോ പരിഹാരത്തില്‍ അതൃപ്തനാണെങ്കിലോ കമ്യൂനിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റിയെ സമീപിക്കാം. അതോറിറ്റിയുടെ 103 ഫോണ്‍നമ്പര്‍, അര്‍സല്‍ എന്ന ആപ്പ്, @CRAqatar ട്വിറ്റര്‍ അക്കൗണ്ട് എന്നിവ ഉപയോഗിച്ച് പരാതി നല്‍കാം.

Latest