കതിരൂര്‍ മനോജ് വധം:പി ജയരാജനെ പ്രതി ചേര്‍ത്തു

Posted on: January 21, 2016 12:41 pm | Last updated: January 22, 2016 at 10:50 am

p-jayarajanകണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സിബിഐ പ്രതി ചേര്‍ത്തു. കേസില്‍ 25ാം പ്രതിയാണ് പി ജയരാജന്‍. യുഎപിഎയിലെ 18 ാം വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.  കഴിഞ്ഞ ദിവസമാണ് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ജയരാജനെ പ്രതിചേര്‍ത്ത റിപ്പോര്‍ട്ട് സി.ബി.ഐ തലശ്ശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ജയരാജനെതിരെ കേസില്‍ യു.എ.പി.എ കുറ്റം ചുമത്തിയിട്ടുണ്ട്. നേരത്തെ 24 പ്രതികളെയാണ് പട്ടികയില്‍ ചേര്‍ത്തിരുന്നത്.
ജയരാജന്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പ്രതിചേര്‍ത്തിട്ടില്ലെന്ന നിലപാടാണ് സി.ബി.ഐ സ്വീകരിച്ചിരുന്നത്. ജയരാജനെതിരൊയ തെളിവുകള്‍ നല്‍കാനും സി.ബി.ഐ തയ്യാറായിരുന്നുല്ല. അതുകൊണ്ടുതന്നെ ജയരാജന് മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്ന് കണ്ട് കോടതി ഹര്‍ജി തള്ളുകയായിരുന്നു.
കേസില്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെല്ലാം ജയരാജനുമായി ബന്ധമുണ്ടെന്നും അവരെ സംരക്ഷിച്ചത് ജയരാജനാണെന്നും സി.ബി.ഐ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു. ഒന്നാം പ്രതിയും പി ജയരാജന്റെ മുന്‍ െ്രെഡവറുമായ വിക്രമന് ഒളിത്താവളം ഒരുക്കാന്‍ ജയരാജന്റെ നിര്‍ദ്ദേശമുണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയരാജനെ പ്രതിചേര്‍ത്തത്.
കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയശേഷം ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കണ്ണൂര്‍ എ.കെ.ജി ആസ്പത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ഒരാഴ്ചത്തെ പൂര്‍ണവിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. യു.എ.പി.എ.പ്രകാരം അറസ്റ്റിലാകുന്ന ഒരാളെ കുറ്റപത്രം നല്കുന്നതിന് മുമ്പ് 180 ദിവസം ജാമ്യമില്ലാതെ തടവിലാക്കാം. മനോജ് വധക്കേസില്‍ നേരത്തെ അറസ്റ്റിലായവരെല്ലാം ഇങ്ങനെ തടവിലാക്കപ്പെട്ടവരാണ്. മൂന്നുപ്രതികള്‍ക്ക് മാത്രമാണ് 180 ദിവസം പൂര്‍ത്തിയാകുന്നതിനുമുമ്പ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

2014 സെപ്റ്റംബര്‍ ഒന്നിന് രാവിലെ കിഴക്കെ കതിരൂരിലെ വീട്ടില്‍ നിന്നും തലശേരിയിലേക്ക് വാന്‍ ഓടിച്ചു വരികയായിരുന്ന മനോജിനെ കതിരൂര്‍ ഉക്കാസ്‌മെട്ടയില്‍ വാനിന് ബോംബ് എറിഞ്ഞതിന് ശേഷം വാഹനത്തില്‍ നിന്നു വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 1999 ല്‍ പി ജയരാജനെ വീട്ടില്‍കയറി വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ചാം പ്രതിയായിരുന്നു കൊല്ലപ്പെട്ട മനോജ്.