Connect with us

Kozhikode

കുടിവെള്ള വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടു; നടപടിയില്ലെങ്കില്‍ പ്രക്ഷോഭം

Published

|

Last Updated

കോഴിക്കോട്: ജില്ലയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി വഴി കുടിവെള്ള വിതരണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് വ്യക്തമായ ഉറപ്പുകളൊന്നും ലഭിച്ചില്ല. ഉദ്ഘാടനം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും പൈപ്പുകള്‍ സ്ഥാപിച്ച് ജില്ലയില്‍ കുടിവെള്ള വിതരണം ആരംഭിക്കാത്ത സാഹചര്യത്തിലാണ് അടിയന്തിര നടപടിയാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി പി ജോര്‍ജ് മാസ്റ്റര്‍ എന്നിവര്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടത്. ജലസേചന മന്ത്രി പി ജെ ജോസഫ്, തദ്ദേശ ഭരണ മന്ത്രി ഡോ. എം കെ മുനീര്‍ എന്നിവരെയും സംഘം കണ്ട് നിവേദനം സമര്‍പ്പിച്ചു. എന്നാല്‍ കോഴിക്കോട് ജില്ലയെ സംബന്ധിച്ച് ഗൗരവകരമായ വിഷയം സംബന്ധിച്ച് മുഖ്യമന്ത്രിയില്‍ നിന്ന് അനുകൂലമായ മറുപടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ലഭിച്ചില്ല. ഇക്കാര്യത്തില്‍ പരിശോധിക്കാമെന്ന മറുപടി മാത്രമാണ് മുഖ്യമന്ത്രിയില്‍ നിന്ന് കിട്ടിയത്. തദ്ദേശ ഭരണ മന്ത്രി ഡോ. എം കെ മുനീറാകട്ടെ ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ക്കാമെന്നാണ് മറുപടി നല്‍കിയത്. യോഗങ്ങളല്ല വേണ്ടതെന്നും ജില്ലയുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്ന പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കുകയാണ് വേണ്ടതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. ഈ മാസം ആദ്യവും ഇതുസംബന്ധിച്ച് പ്രസിഡന്റ് ബാബു പറശ്ശേരി തിരുവനന്തപുരത്ത്‌വെച്ച് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം 29ന് നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ജപ്പാന്‍ കുടിവെള്ള വിതരണത്തില്‍ കാണിക്കുന്ന അനാസ്ഥ സംബന്ധിച്ച് പ്രമേയം പാസാക്കിയിരുന്നു. ബാബു പറശേരിയായിരുന്നു പ്രമേയം അവതരിപ്പിച്ചത്. കുടിവെള്ള വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതില്‍ നടപടിയുണ്ടായില്ലെങ്കില്‍ പ്രക്ഷോഭത്തിനൊരുങ്ങുമെന്നും പ്രസിഡന്റ് യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭരണ-പ്രതിപക്ഷ കക്ഷികള്‍ പ്രമേയത്തെ പിന്തുണച്ചിരുന്നു. കോടികള്‍ മുടക്കി ആവിഷ്‌കരിച്ച പദ്ധതിയാണ് വര്‍ഷങ്ങളായിട്ടും ലക്ഷ്യത്തിലെത്താത്തത്.നിര്‍ദിഷ്ട സമയ പരിധി കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടിട്ടും പണമടച്ച് കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് വെള്ളം ലഭിച്ചുതുടങ്ങിയിട്ടില്ല. 2013 ജൂലൈയിലായിരുന്നു പദ്ധതി പൂര്‍ത്തിയാകേണ്ടിയിരുന്നതെങ്കിലും ഫെബ്രുവരി 29നാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. 12. 08 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നതിന് പെരുവണ്ണാമൂഴിയില്‍നിന്ന് പ്രതിദിനം 174 ദശലക്ഷം ലിറ്റര്‍ വെള്ളം വിതരണം ചെയ്യാനായിരുന്നു പദ്ധതി. പദ്ധതിക്കായി 806 കോടി രൂപയാണ് ചിലവഴിച്ചത്. 2007ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കോഴിക്കോട്ടെ ജപ്പാന്‍ കുടിവെള്ള പദ്ധതി ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് യാഥാര്‍ത്ഥ്യമായത്. കോഴിക്കോട് കോര്‍പറേഷനിലെയും ബാലുശ്ശേരി, നരിക്കുനി, നന്മണ്ട, കാക്കൂര്‍, ചേളന്നൂര്‍, കക്കോടി, തലക്കുളത്തൂര്‍, കുരുവട്ടൂര്‍, കുന്ദമംഗലം, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി എന്നീ 13 പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്കാണ് പദ്ധതിയില്‍ നിന്ന് വെള്ളം ലഭിക്കേണ്ടത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമാകുമ്പോഴും കോര്‍പ്പറേഷന്‍ പരിധിയില്‍പോലും കുടിവെള്ള വിതരണം പൂര്‍ത്തിയായിട്ടില്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ ഭാഗികമായി മാത്രമാണ് വെള്ളം വിതരണം നടത്തിയത്. 17 ജലസംഭരണികള്‍ പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഇവയിലേക്കുള്ള കണക്ഷന്‍ പൈപ്പുകളുടെ പ്രവൃത്തി നടന്നിട്ടില്ല. പെരുവണ്ണാമൂഴിയില്‍ നിന്നുള്ള വെള്ളം ടാങ്കിലെത്തി നില്‍ക്കുകയുമാണ്. ടാങ്കില്‍ നിറഞ്ഞുനില്‍ക്കുന്ന ശുദ്ധജലം ജനങ്ങളിലെത്തിക്കാന്‍ വിതരണ പൈപ്പ് ലൈന്‍ പ്രവൃത്തി അടിയന്തിരമായി നടക്കണമെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ അടിയന്തിരമായി നടപടിയുണ്ടായില്ലെങ്കില്‍ നേരത്തെ തീരുമാനിച്ച രീതിയില്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ബാബു പറശേരി സിറാജിനോട് പറഞ്ഞു. ഈ മാസം കഴിയുന്നത് വരെ നടപടിയില്‍ കാത്തിരിക്കും. ഇല്ലെങ്കില്‍ അടുത്ത മാസം ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.

Latest