വെള്ളാപ്പള്ളിക്ക് എസ് എന്‍ ഡി പി സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല: സുധീരന്‍

Posted on: January 21, 2016 9:33 am | Last updated: January 21, 2016 at 9:33 am
SHARE

sudheeranതൃശൂര്‍: മൈക്രോ ഫൈനാന്‍സ് അഴിമതിയില്‍ അണികളെയാണ് വെള്ളാപ്പള്ളി കബളിപ്പിച്ചതെന്നും അദ്ദേഹത്തിന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും കെ പി സി സി പ്രസിഡന്റ് വി—എം സുധീരന്‍. തൃശൂരില്‍ ജന രക്ഷായാത്രയുമായി ബന്ധപ്പെട്ട് എത്തിയ അേദ്ദഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ഏത് വിഷയവും രാഷ്ട്രീയവും നിയമപരവുമായി നേരിടുമെന്ന് പറയുന്ന സി പി എം നേതൃത്വം എന്തുകൊണ്ടാണ് പിണറായി വിജയനെതിരായ ലാവ്‌ലിന്‍ കേസില്‍ അങ്ങനെ പറയാത്തതെന്ന് അദ്ദേഹം ചോദിച്ചു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ലാവ്‌ലിന്‍ കേസ് സജീവമാക്കിയത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹവും മിണ്ടുന്നില്ല. സി പി എമ്മിന്റെ മൗനം കുറ്റസമ്മതമായി കണക്കാക്കേണ്ടിവരുമെന്ന് സുധീരന്‍ പറഞ്ഞു. ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ എന്തിന് ഹര്‍ജി നല്‍കിയെന്ന വിചിത്ര ചോദ്യമാണ് സി പി എം ഉന്നയിക്കുന്നത്. സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ ഇടപാടില്‍ കോടതിയില്‍ പോകാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. കോടതിയിലും ജനങ്ങളോടും മറുപടി പറയാന്‍ സി പി എമ്മിന് ഉത്തരവാദിത്തമുണ്ട്- അദ്ദേഹം പറഞ്ഞു.
ഡി സി സി പ്രസിഡന്റ് ഒ അബ്ദുര്‍റഹ്മാന്‍ കുട്ടി, കെ പി സി സി ഭാരവാഹികളായ പത്മജ വേണുഗോപാല്‍, അഡ്വ. ജോണ്‍സണ്‍ എബ്രഹാം, അഡ്വ. ബിന്ദുകൃഷ്ണ, എം എം നസീര്‍ എന്നിവരും സുധീരനൊപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here