Connect with us

Kerala

മൂന്നാറിലെ വ്യാജ പട്ടയങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: മൂന്നാറിലെ വ്യാജ പട്ടയങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് നാലര വര്‍ഷം കഴിഞ്ഞിട്ടും നടപടികളൊന്നുമെടുത്തില്ലെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് കുറ്റപ്പെടുത്തി.
മൂന്നാറില്‍ ഭൂമി കൈവശമുള്ളവരെല്ലാം തട്ടിപ്പിലൂടെയാണ് ഭൂമി കൈവശപ്പെടുത്തിയതെന്ന സര്‍ക്കാര്‍ നിലപാട് അപഹാസ്യമാണെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ നിലപാട് നാടകമാണെന്നും കോടതി പറഞ്ഞു. കൈവശഭൂമിക്ക് പട്ടയം ലഭിച്ചിട്ടില്ലെന്ന കാരണത്താല്‍ തട്ടിപ്പിലൂടെയാണ് ഭൂമി കൈവശപ്പെടുത്തിയതെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കുടിയേറ്റ കര്‍ഷകരുടെ ദുരിതങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാറെന്നും ഇവര്‍ മണ്ണിന്റെ മക്കളാണെന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്നും കോടതി പറഞ്ഞു. മൂന്നാര്‍ സ്വദേശി സിസിലി സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. സിസിലിയുടെ കുടുംബം 1918 മുതല്‍ കൈവശം വെച്ച ഭൂമിക്ക് പട്ടയം നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാണ് ഹര്‍ജിയിലെ പരാതി. 40 സെന്റ് കൈവശ ഭൂമിയില്‍ 30 സെന്റിന് നേരത്തെ പട്ടയം നല്‍കിയിരുന്നു.
എന്നാല്‍ ഇത് അഡീ. തഹസില്‍ദാര്‍ എം ഐ രവീന്ദ്രന്‍ നല്‍കിയ വ്യാജ പട്ടയമാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്നും തട്ടിപ്പിലൂടെ ഭൂമി കൈവശപ്പെടുത്തിയവര്‍ക്ക് പട്ടയം നല്‍കാനാകില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.