സരിതയുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചതായി വ്യക്തമായിട്ടില്ല: ഹേമചന്ദ്രന്‍

Posted on: January 21, 2016 9:21 am | Last updated: January 21, 2016 at 9:21 am

hemachandran ipsകൊച്ചി: സോളാര്‍ കേസിലെ മുഖ്യ പ്രതി സരിത എസ്. നായരുമായി പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെ ഫോണില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സംസാരിച്ചതായി തന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടില്ലെന്ന് പ്രത്യേകാന്വേഷണ സംഘത്തലവനായ എ ഡി ജി പി. എ ഹേമചന്ദ്രന്‍ ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. തന്റെ പേഴ്‌സനല്‍ സ്റ്റാഫിന്റെ ഫോണ്‍ വഴി മുഖ്യമന്ത്രി സരിതയുമായി സംസാരിക്കുകയോ സരിത തിരിച്ച് മുഖ്യമന്ത്രിയെ ഈ ഫോണുകള്‍ വഴി വിളിക്കുകയോ ചെയ്തിട്ടില്ലെന്നാണ് മനസ്സിലാകുന്നത്. സോളാര്‍ തട്ടിപ്പുമായി മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍, മറ്റ് മന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, എം എല്‍ എമാര്‍ തുടങ്ങിയവര്‍ക്കുള്ള ബന്ധത്തെക്കുറിച്ചന്വേഷിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയിരുന്നില്ലെന്നും എ ഡി ജി പി വ്യക്തമാക്കി.
ടെലിഫോണ്‍ രേഖകള്‍ കുറ്റകൃത്യം സംബന്ധിച്ച് ബന്ധമുള്ളതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനു ബോധ്യപ്പെട്ടാല്‍ മാത്രമേ ബന്ധപ്പെട്ട ടെലിഫോണ്‍ കമ്പനികളില്‍ നിന്ന് വിശദാംശങ്ങള്‍ തേടുകയുള്ളൂ. 2014, 15 വര്‍ഷങ്ങളില്‍ 10131 ചതി, വഞ്ചനാ കേസുകളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. ഇതില്‍ 1199 കേസുകളില്‍ മാത്രമാണ് ടെലിഫോണ്‍ രേഖകള്‍ തെളിവായി സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ പ്രധാന പ്രതികളുമായി ബന്ധമുള്ളവരെ കുറിച്ച് സഭയില്‍ എം എല്‍ എമാര്‍ ഉന്നയിച്ചിരുന്ന ആരോപണത്തെ കുറിച്ച് അന്വേഷിച്ചിരുന്നോ എന്ന കമ്മീഷന്റെ ചോദ്യത്തിനുള്ള വിശദീകരണത്തിലാണ് എ ഡി ജി പി ഇക്കാര്യങ്ങള്‍ പറഞ്ഞത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സമഗ്രമായി അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്ന കാര്യം നേരത്തെ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ എ ഡി ജി പിയുടെ ശ്രദ്ധയില്‍പെടുത്തി. സംഭവത്തിലെ ക്രിമിനല്‍ വശം മാത്രമല്ലേ പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചുള്ളൂ. അന്വേഷണം എല്ലാ മേഖലകളിലേക്കും എത്തിയോ എന്ന സംശയമുണ്ടെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.
കേസിലെ പ്രസക്തമായ ടെലിഫോണ്‍ രേഖകളാണ് പ്രധാനമായും പരിശോധിച്ചതെന്ന് എ ഡി ജി പി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫായ ജിക്കുമോന്‍ ജോസഫ്, ടെനി ജോപ്പന്‍, ഗണ്‍മാനായിരുന്ന സലീംരാജ് എന്നിവര്‍ക്ക് തട്ടിപ്പ് കേസിലെ പ്രധാന പ്രതികളിലൊരാളായ സരിത എസ്. നായരുമായി ബന്ധമുണ്ടായിരുന്നു. ഇവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പദവിക്ക് നിരക്കാത്ത രീതിയിലുള്ള അശ്ലീല സംഭാഷണങ്ങളാണ് സലിംരാജും ജിക്കുമോനും സരിതയുമായി ചെയ്തിരുന്നതെന്ന് ബോധ്യമായി. പക്ഷേ സോളാര്‍ തട്ടിപ്പുമായി ടെനി ജോപ്പനു മാത്രമേ ബന്ധമുണ്ടായിരുന്നുള്ളു. ഇയാളുടെ കാര്യത്തില്‍ മറ്റു സാക്ഷി മൊഴികള്‍ കൂടി കണക്കിലെടുത്തിട്ടുണ്ട്. ഇക്കാര്യങ്ങള്‍ തന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സലിംരാജ്, ജിക്കുമോന്‍ എന്നിവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി നിയമസഭയില്‍ ആവര്‍ത്തിച്ചു പറഞ്ഞ പ്രകാരം സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതികളെയും ഉത്തരവാദികളെയും ശിക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടുണ്ട്. അന്വേഷണ സംഘത്തെ കുറിച്ചോ ഉദ്യോഗസ്ഥരെ കുറിച്ചോ ആരും ഒരു പരാതിയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജോപ്പനെ തുടര്‍ച്ചയായി 30 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത നടപടിയില്‍ അസാധാരണത്വമുണ്ട് എന്ന വസ്തുത ശരിയാണ്. റിമാന്‍ഡ് റിപ്പോര്‍ട്ട് എഴുതിയ പോലീസുദ്യോഗസ്ഥന് പറ്റിയ പിശക് മൂലമാകാം ഇങ്ങനെ സംഭവിച്ചത്. സാധാരണഗതിയില്‍ ഒരു പ്രതിയെ 15 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്യാറുള്ളത്. എന്നാല്‍ ജോപ്പനെമാത്രം 30 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത് ജോപ്പന്‍ കാര്യങ്ങളുടെ സത്യാവസ്ഥ മാധ്യമങ്ങളോട് തുറന്നുപറയുമെന്ന ഭയം കൊണ്ടായിരിക്കാന്‍ സാധ്യതയില്ലെന്നും ഹേമചന്ദ്രന്‍ പറഞ്ഞു.