ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന്‌

Posted on: January 21, 2016 5:56 am | Last updated: January 20, 2016 at 11:57 pm
SHARE

High-Court-of-Keralaതിരുവനന്തപുരം: അധ്യാപക പാക്കേജ് സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അധ്യാപകനിയമനത്തിന്റെ കാര്യത്തില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് അധ്യാപകനിയമനം നടത്തണമെന്നാണ് കോടതി നിര്‍ദേശം.
2015-16 അധ്യയനവര്‍ഷംകൂടി ഹൈക്കോടതി നിര്‍ദേശമനുസരിച്ച് നിയമനം നടത്തും. നടപ്പ് അധ്യയനവര്‍ഷംകൂടി കോടതി നിര്‍ദേശം ബാധകമാക്കുന്നതിലൂടെ രണ്ട് മൂന്ന് വര്‍ഷമായി നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ പരാതികള്‍ക്ക് പരിഹാരമാകും.
വരുംവര്‍ഷങ്ങളില്‍ ഹൈക്കോടതി നിര്‍ദേശം ബാധകമാക്കുകയാണെങ്കില്‍ സര്‍ക്കാരിന് അധികബാധ്യതയുണ്ടാകും. സര്‍ക്കാര്‍ അപ്പീല്‍ പോവുന്നതിന്റെ പേരില്‍ അധ്യാപകര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല. അപ്പീലിന്മേലുള്ള തീരുമാനപ്രകാരമായിരിക്കും സര്‍ക്കാരിന്റെ തുടര്‍നടപടികള്‍. ഹൈക്കോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ച് മാനേജ്‌മെന്റ് പ്രതിനിധികളുമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അപ്പീല്‍ പോകാതിരിക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഹൈക്കോടതി നിര്‍ദേശപ്രകാരം അധ്യാപക- വിദ്യാര്‍ഥി അനുപാതം 1:30, 1:35 എന്ന തരത്തിലാകും നിയമനം നടത്തുക. നേരത്തെ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും അധ്യാപകസംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വാങ്ങിയിരുന്നു. അധികബാധ്യത ചൂണ്ടിക്കാട്ടി ധനവകുപ്പാണ് അപ്പീല്‍ പോവാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍, ധനവകുപ്പിന്റെ കണക്കുകള്‍ പെരുപ്പിച്ചുകാണിക്കുന്നതാണെന്നായിരുന്നു അധ്യാപകസംഘടനകളുടെ നിലപാട്.
2011ലെ തസ്തികനിര്‍ണപ്രകാരം ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ 1:45 എന്ന അധ്യാപക- വിദ്യാര്‍ഥി അനുപാതത്തില്‍ 37,851 അധ്യാപക തസ്തികകളാണുള്ളത്. എന്നാല്‍, 1:30 എന്ന അനുപാതപ്രകാരം ഇത്രയും തസ്തികകളില്‍ 45,419 പേര്‍ ജോലി ചെയ്യുന്നുണ്ട്. ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ 19,957 തസ്തികകളില്‍ 24,368 പേരും ജോലി ചെയ്യുന്നു. ഇതുപ്രകാരം 11,992 പേരാണ് അധികമുള്ളത്. ഏറ്റവും ഒടുവില്‍ തസ്തികനിര്‍ണയം നടന്ന 2011 ജൂണിന് ശേഷം 424 അധികതസ്തികകളാണുണ്ടായത്. 2011ന് ശേഷമുണ്ടായ രാജി, വിരമിക്കല്‍, മരണം ഒഴിവുകളില്‍ 978 പേരെയാണ് നിയമിച്ചത്. 424 അധികതസ്തികകള്‍ കൂടി ചേര്‍ന്നാല്‍ 1402 പേര്‍ക്കാണ് നിയമനാംഗീകാരം ലഭിക്കാനുള്ളത്. വിദ്യാഭ്യാസം, ധനവകുപ്പുകള്‍ പറയുന്നതുപോലെ മൂവായിരത്തിലധികം പേര്‍ക്ക് നിയമനാംഗീകാരം ലഭിക്കാനുണ്ടെന്ന കണക്ക് ശരിയല്ലെന്ന് അധ്യാപകസംഘടനകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ച കണക്കില്‍ വ്യക്തമാക്കുന്നു. അധികബാധ്യതയുണ്ടാവുന്നതിനാല്‍ വരുംവര്‍ഷങ്ങളില്‍ 1:45 എന്ന അനുപാതം പാലിച്ച് നിയമനം നടത്താന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും.

 

LEAVE A REPLY

Please enter your comment!
Please enter your name here