Connect with us

Ongoing News

വാപ്പക്കായി വായിച്ചു; സുവര്‍ണനേട്ടം ആവര്‍ത്തിച്ച് അല്‍ത്താഫ്‌

Published

|

Last Updated

അല്‍ത്താഫ്‌

തിരുവനന്തപുരം: തന്റെ പ്രകടനം കാണാന്‍ വാപ്പക്ക് നേരിട്ടു വരാനാകില്ലല്ലോ എന്ന സങ്കടം ഉള്ളിലൊതുക്കിയാണ് അല്‍ത്താഫ് റഹ്മാന്‍ വയലിനുമായി വേദിയിലേക്ക് കയറിയത്. ബീഥോവന്റെ സിംഫണിയായ വിവാല്‍ഡിയില്‍ വിരല്‍ തൊടുമ്പോള്‍ അല്‍ത്താഫിന്റെ ഉള്ളില്‍ വാപ്പ അബ്ദുല്‍ നജാമായിരുന്നു. എന്നാല്‍ കിലോമീറ്ററുകള്‍ക്കപ്പുറം തൊട്ടടുത്ത ജില്ലയില്‍ രണ്ടു കാലിനും രണ്ടു കൈക്കും സ്വാധീനശേഷിയില്ലാത്ത അബ്ദുല്‍ നജാം അപ്പോള്‍ മകനുവേണ്ടിയുള്ള പ്രാര്‍ഥനയിലായിരുന്നു. വാപ്പയുടെ പ്രാര്‍ഥനയും അല്‍ത്താഫിന്റെ സാധനയും ഒത്തുചേര്‍ന്നപ്പോള്‍ വീണ്ടും വിജയം അല്‍ത്താഫിനൊപ്പം നിന്നു.
ചവറ ജി ബി എച്ച് എസ് എസില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന അല്‍ത്താഫ് ഹൈസ്‌കൂള്‍ പാശ്ചാത്യ വിഭാഗം വയലിന്‍ മത്സരത്തില്‍ ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് എ ഗ്രേഡ് കരസ്ഥമാക്കി തന്റെ നേട്ടം ആവര്‍ത്തിച്ചത്. കൈക്കും കാലിനും സ്വാധീന ശക്തിയില്ലെങ്കിലും പതറാത്ത മനസാന്നിദ്ധ്യം കൊണ്ട് പിതാവ് അബ്ദുല്‍ നജാം നടത്തുന്ന എയര്‍ടിക്കറ്റിംഗ്, ഫോട്ടോസ്റ്റാറ്റ് സ്ഥാപത്തിന്റെ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്.
ചവറ, ഇടപ്പള്ളിക്കോട്ടയില്‍ കാളീടയ്യത്ത് വീട്ടില്‍ നിന്ന് മകന്റെ പ്രകടനം തിരുവനന്തപുരം വരെ പോയി കാണാന്‍ കഴിയാത്തതിന്റെ വിഷമം ഉള്ളിലൊതുക്കുമ്പോഴും മകന്റെ മികച്ച പ്രകടനത്തില്‍ സന്തുഷ്ടനാണ് അബ്ദുല്‍ നജാം. പ്രത്യേകം തയ്യാറാക്കിയ വീല്‍ചെയറില്‍ ഇരുന്നാണ് അബ്ദൂല്‍ നജാം സഞ്ചരിക്കുന്നത്. നജാമിന്റെ മനസറിയുന്ന ഭാര്യ ഫസീലയുടെ സ്‌നേഹം നിറഞ്ഞ കരുതല്‍ കൂടിയാണ് കുടുംബത്തിന്റെ മുന്നോട്ടു പോക്കിന് കരുത്തേകുന്നത്. അല്‍ത്താഫിന്റെ ഡിഗ്രിക്ക് പഠിക്കുന്ന സഹോദരി അലീഫത്ത് തസ്‌നിയും കലോത്സവത്തില്‍ തന്റെ കലാഭിരുചി പ്രകടിപ്പിച്ചിട്ടുണ്ട്. സബ്ജില്ലാ തലത്തില്‍ കഥാപ്രസംഗത്തില്‍ ഒരു കൈ നോക്കിയിട്ടുണ്ടെങ്കിലും പിന്നീട് അലീഫത്ത് പഠനത്തിനായി കലയെ മാറ്റി നിര്‍ത്തി. ഇന്ന് സഹോദരന്റെ നേട്ടത്തില്‍ അഭിമാനിക്കാനാണ് അലീഫത്തിനുമിഷ്ടം.
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി സംസ്ഥാന കലോത്സവ മത്സരങ്ങളുടെ പരിശീലന കളരിയില്‍ നിറഞ്ഞു നില്‍ക്കുന്ന ബി എന്‍ ജയരാജാണ് അല്‍ത്താഫിന്റെ വയലിന്‍ ഗുരു.

Latest