Connect with us

Ongoing News

അച്ഛന്‍ പഠിപ്പിച്ചു, ഗീതുവിന് എ ഗ്രേഡ്

Published

|

Last Updated

ഗീതുവും അച്ചന്‍ ഗോപാലകൃഷ്ണനും

തിരുവനന്തപുരം: അച്ഛന്‍ പഠിപ്പിച്ച് നല്‍കിയ പാഠങ്ങളുമായി അച്ഛന്റെ കൈപിടിച്ചാണ് ഗീതു കൃഷ്ണന്‍ പുത്തരിക്കണ്ടത്തെ കലോല്‍സവ വേദിയിലെത്തിയത്. തമിഴ് പദ്യം ചൊല്ലലായിരുന്നു മത്സര ഇനം. മത്സരത്തില്‍ ഗീതു പതിവ് പോലെ എ ഗ്രേഡ് തന്നെ നേടി. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലും ഇതേ ഇനത്തില്‍ എ ഗ്രേഡ് തന്നെയായിരുന്നു ഗീതുവിന്.
പത്തനംതിട്ട കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൗണ്ട് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ഗീതുവിന് അച്ഛന്‍ തന്നെയാണ് ഗുരുവും മാര്‍ഗദര്‍ശിയുമെല്ലാം. അച്ഛന് തമിഴ് ഭാഷയോടുള്ള ആഭിമുഖ്യമാണ് ഗീതുവിനെയും തമിഴ് പദ്യം ചൊല്ലലിന്റെ പാതയിലെത്തിച്ചത്.
ഗീതുവിന്റെ അച്ഛന്‍ കൊടുമണ്‍ ഗോപാലകൃഷ്ണന്‍ നാടക കൃത്തും സംവിധായകനും നടനും കൂടിയാണ്. 19 വര്‍ഷമായി നാടകരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല ഇദ്ദേഹത്തിന്റെ ശിഷ്യന്മാരായ 40 കുട്ടികളാണ് വിവിധ മത്സരങ്ങളിലായി കലോല്‍സവത്തില്‍ മാറ്റുരക്കാനെത്തുന്നത്. ഇദ്ദേഹം രചനയും സംവിധാനവും നിര്‍വഹിച്ച രണ്ട് നാടകങ്ങള്‍ ഇക്കുറി മേളയില്‍ മത്സരത്തിനുണ്ട്. നാടകത്തിന് പുറമേ മോണോ ആക്ടും മിമിക്രിയും പഠിപ്പിക്കുന്നുണ്ട്. ഈ ഇനത്തിലും കുട്ടികള്‍ മത്സരിക്കുന്നുണ്ട്.
450 വേദികളില്‍ ഷേക്‌സ്പിയര്‍ കഥാപാത്രങ്ങളെ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. സംസ്‌കൃത നാടകങ്ങളാണ് ഏറ്റവും കൂടുതല്‍ അവതരിപ്പിക്കുന്നത്. 90 നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. പത്ത് നാടകങ്ങള്‍ പുസ്തകങ്ങളായും മാറ്റിയിട്ടുണ്ട്. ഏഴോളം പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഗീതുവിന്റെ സഹോദരന്‍ ഗോകുല്‍ കൃഷ്ണന്‍ ഇന്ന് നടക്കുന്ന മിമിക്രി മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. അഞ്ചാം വര്‍ഷമാണ് ഗോകുലിന് സംസ്ഥാന സ്‌കൂള്‍ കലോല്‍സവ വേദിയിലേക്ക് അവസരം ലഭിക്കുന്നത്. പ്ലസ് ടു വിദ്യാര്‍ഥിയായ ഗോകുലിനും അച്ഛന്‍ തന്നെയാണ് ഗുരു. നിഷയാണ് ഗീതുവിന്റെയും ഗോകുലിന്റെയും അമ്മ.