Connect with us

International

കാബൂളിലെ യു എസ് സൈനിക ക്യാമ്പ് ഇപ്പോള്‍ പ്രശസ്തമായ ലഹരി വിമുക്ത കേന്ദ്രം

Published

|

Last Updated

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ വിശാലമായ യു എസ് സൈനിക ക്യാമ്പ് ലഹരി വിമുക്ത (ഡിഅഡിക്ഷന്‍) കേന്ദ്രങ്ങളാക്കി പ്രവര്‍ത്തനം തുടരുന്നു. അഫ്ഗാന്‍ ദൗത്യം അവസാനിപ്പിച്ച് ഭൂരിപക്ഷം യു എസ് സൈനികരും രാജ്യം വിട്ടതോടെയാണ് ഇവര്‍ ഉപയോഗിച്ചിരുന്ന ബൃഹത്തായ സൈനിക കേന്ദ്രങ്ങള്‍ ലഹരി വിമുക്ത കേന്ദ്രങ്ങളാക്കി മാറ്റിയത്. ഹെറോയിന്‍ ഉള്‍പ്പെടെ നിയമവിരുദ്ധ ലഹരിമരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലക്ക് ലഭിക്കുന്ന പ്രധാന രാജ്യങ്ങളില്‍ ഒന്നാണ് അഫ്ഗാനിസ്ഥാന്‍.
രാജ്യത്തെ ഏറ്റവും വലിയ ലഹരി വിമുക്ത കേന്ദ്രവും കാബൂളിലെ ഈ മുന്‍ യു എസ് സൈനിക കേന്ദ്രമാണ്. നിലവില്‍ 600ലധികം രോഗികള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇവരില്‍ ഭൂരിപക്ഷവും ഭവനരഹിതരായ ആളുകളാണ്. മരുന്നുകള്‍ക്കൊപ്പം കൗണ്‍സിലിംഗും മൂന്ന് നേരവും ഭക്ഷണവും ആവശ്യമായ വസ്ത്രവും ഇവിടെ വിതരണം ചെയ്യുന്നതായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.
ലഹരിവിമുക്ത കേന്ദ്രത്തിലെത്തിയ നിരവധി പേര്‍ ഇപ്പോള്‍ മദ്യവും ലഹരിമരുന്നും പൂര്‍ണമായി ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. 22 വര്‍ഷമായി താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും ആ ഇരുണ്ട ജീവിതം മടുത്ത് ഇപ്പോള്‍ പുതിയ ജീവിതം ആരംഭിച്ചതായും ഇവിടുത്തെ ഒരു അന്തേവാസിയായ സയ്യിദ് വാലിദ് സാക്ഷ്യപ്പെടുത്തി. നിലവിലെ ജീവിതവുമായി തന്റെ മുന്‍ ജീവിതത്തെ താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴാണ് താനൊരു മനുഷ്യനായതെന്ന് തോന്നുന്നതായി മുഹമ്മദ് അസദ് എന്ന മറ്റൊരാള്‍ തിരിച്ചറിയുന്നു.
45 ദിവസം നീണ്ടുനില്‍ക്കുന്ന ചികിത്സയാണ് ഇവിടെ നല്‍കുന്നതെന്നും ഇതിനകം നിരവധി പേര്‍ ഇവിടെ ചികിത്സ തേടിയെത്തിയതായും ഇവിടുത്തെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഓപിയം ഉത്പാദനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് അഫ്ഗാനിസ്ഥാനാണ്. കഴിഞ്ഞ വര്‍ഷം 3,300 ടണ്‍ ഓപിയം രാജ്യത്ത് ഉത്പാദിപ്പിച്ചതായി കണക്കുകള്‍ പറയുന്നു. രാജ്യത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം 24 ലക്ഷത്തോളം വരുമെങ്കിലും ആകെയുള്ള ലഹരി വിമുക്ത കേന്ദ്രങ്ങള്‍ 123എണ്ണം മാത്രമാണ്. പതിറ്റാണ്ടുനീണ്ടുനിന്ന അഫ്ഗാന്‍ ഇടപെടലിന് ശേഷം അടുത്തിടെ യു എസ് ഇവിടെ നിന്ന് പിന്‍വാങ്ങിയിരുന്നു.