Connect with us

International

ബില്‍ഗേറ്റ്‌സ് ഫൗണ്ടേഷനില്‍ വന്‍ ക്രമക്കേട്; ഗ്ലോബല്‍ ജസ്റ്റീസിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്‌

Published

|

Last Updated

ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്ത ഗേറ്റ്‌സും

ന്യൂയോര്‍ക്ക്: ലോകത്തുള്ള മാരകമായ രോഗങ്ങളെ നിര്‍മാര്‍ജനം ചെയ്യാനും പാവപ്പെട്ടവരെ സഹായിക്കാനും വിദ്യാഭ്യാസം നല്‍കാനുമെന്ന പേരില്‍ ബില്‍ഗേറ്റ്‌സ് സ്ഥാപിച്ച ഫിലന്ത്രോപിക് (ലോകോപകാരപ്രദമായ) ഫൗണ്ടേഷന്‍ ഇതിന്റെ പേരില്‍ നടത്തുന്നത് ഞെട്ടിക്കുന്ന പ്രവര്‍ത്തികളെന്ന് കണ്ടെത്തല്‍. ഈ സംഘടനയുടെ ദുഷ്പ്രവര്‍ത്തികളെ കണ്ടെത്തുന്ന അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ നിശ്ശബ്ദരാക്കാന്‍ വരെ ഈ സംഘടനയുടെയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മറവില്‍ ബില്‍ഗേറ്റ്‌സ് ശ്രമിക്കുന്നതായി ഗ്ലോബല്‍ ജസ്റ്റിസ് എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. ഇതിനായി ബില്യണ്‍ കണക്കിന് ഡോളറുകളാണ് ഈ സംഘടനയിലൂടെ ബില്‍ഗേറ്റ്‌സും അദ്ദേഹത്തിന്റെ ഭാര്യ മെലിന്ത ഗേറ്റ്‌സും ചെലവഴിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.
കോര്‍പറേറ്റ് ആഗോളവത്കരണത്തിലൂടെയും നവഉദാരവത്കരണ പദ്ധതികളിലൂടെയും കൃഷി, ആരോഗ്യം തുടങ്ങിയ മേഖലകളിലെ വലിയ ബിസിനസുകളില്‍ നിന്ന് വന്‍ ലാഭം കൊയ്യുന്ന ഏര്‍പ്പാടാണ് ഇത്. ലോകത്തെ പ്രശ്‌നങ്ങള്‍ക്ക് മുഴുവന്‍ പരിഹാരമാണ് ഫിലന്ത്രോപിക് ഫൗണ്ടേഷന്‍ എന്ന മിഥ്യാധാരണയിലാണ് ലോകം. എന്നാല്‍ ലോകത്തെ തന്നെ തെറ്റായ ദിശയിലേക്കാണ് ഇത് നയിച്ചുകൊണ്ടിരിക്കുന്നത്. ഈ ഫൗണ്ടേഷന്റെ തെറ്റായ നീക്കങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ പലരും പെട്ടുപോയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള വികസന വിദഗ്ധരെ നിശ്ശബ്ദരാക്കാനും ഈ ഫൗണ്ടേഷന്റെ നടപടികളെ വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്താനും ഗേറ്റ്‌സ് ഫൗണ്ടേഷന്‍ വന്‍തോതില്‍ പണം എറിയുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക നേതാക്കളുമായി ബന്ധമുള്ളതു കൊണ്ടും നൂറുകണക്കിന് യൂനിവേഴ്‌സിറ്റികള്‍ക്കും അന്താരാഷ്ട്ര സംഘടനകള്‍ക്കും എന്‍ ജി ഒകള്‍ക്കും വ്യക്തിപരമായി ബേങ്കുകള്‍ വഴി കാശ് നല്‍കുന്നത് കൊണ്ടും അന്താരാഷ്ട്ര തലത്തില്‍ വികസനത്തിന്റെ വക്താവായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. പോളിയോ, മലേറിയ തുടങ്ങിയ മാരക രോഗങ്ങളെ തുടച്ചുനീക്കുക എന്നതാണ് ലക്ഷ്യമെന്ന് ഇവര്‍ ഉറക്കെ പറയുന്നുണ്ടെങ്കിലും ഫിലന്ത്രോപിക് ഫൗണ്ടേഷന്‍ ഗണ്യമായ രീതിയില്‍ സ്വകാര്യ ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും പണമിറക്കുന്നു. മനുഷ്യരുടെ പ്രാഥമിക ആവശ്യങ്ങളെ പോലും വിപണിവത്കരിക്കുകയാണ് ഇതിലൂടെ ഇവര്‍ ചെയ്യുന്നത്. ഇന്റര്‍നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷനും ഫിലന്ത്രോപിക് ഫൗണ്ടേഷനും തമ്മില്‍ ആഴത്തിലുള്ള ബന്ധവും പരസ്പര സഹകരണവുമുണ്ട്. ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് പോലും വന്‍ വില ഈടാക്കുന്നതിന്റെ വിമര്‍ശം ഏറ്റുവാങ്ങുന്ന കമ്പനികളാണ് ഇന്റന്‍നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പറേഷന്‍. വില കുറഞ്ഞ മരുന്നുകള്‍ക്ക് പകരം വില കൂടിയ മരുന്നുകള്‍ ഉത്പാദിപ്പിക്കാന്‍ ഫിലന്ത്രോപിക് ഫൗണ്ടേഷന്റെ സ്വാധീനം അവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ ചെറുകിട കര്‍ഷകരുടെ ആവശ്യങ്ങളും താത്പര്യങ്ങളും അവഗണിക്കുന്ന രീതിയിലാണ് ഈ ഫൗണ്ടേഷന്റെ നിലപാടുകള്‍. വ്യവസായിക കൃഷി, വിലയേറിയ കീടനാശിനികള്‍ എന്നിവയെ ഈ സംഘടന പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പ്രാദേശിക അറിവുകളെ വരെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനമാണ് ഈ ഫൗണ്ടേഷന്‍ വഴി പുരോഗമിക്കുന്നതെന്നും പുരോഗമിച്ചുകൊണ്ടിരിക്കുന്ന ലോകത്തെ കര്‍ഷകര്‍ക്ക് വലിയ ഭീഷണിയാണ് ഇവര്‍ സൃഷ്ടിക്കുന്നതെന്നും ഗ്ലോബല്‍ ജസ്റ്റിസ് എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. ബില്‍ഗേറ്റ്‌സിന്റെ ഈ ഫൗണ്ടേഷനെ കുറിച്ച് ഉന്നത തലത്തിലുള്ള അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ തങ്ങളുടെ ഫൗണ്ടേഷനെ കുറിച്ചുള്ള ഈ റിപ്പോര്‍ട്ട് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ലോകത്തെ പാവപ്പെട്ടവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇതിനോടുള്ള പ്രതികരണത്തില്‍ ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടി.

Latest