ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ: പ്രക്ഷോഭം ശക്തം; കൂടുതല്‍ നേതാക്കള്‍ ക്യാമ്പസില്‍

Posted on: January 21, 2016 6:00 am | Last updated: January 21, 2016 at 11:46 am
SHARE

ഹൈദരാബാദ്: ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ന്യായീകരണവുമായി രംഗത്ത് വന്നതോടെ പ്രക്ഷോഭം ആളിക്കത്തി. ഹൈദരാബാദ് സര്‍വകലാശാലാ ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ സ്മൃതി ഇറാനിയുടെ കോലം കത്തിച്ചു. ദളിത് വിദ്യാര്‍ഥികള്‍ക്കെതിരായ നടപടികള്‍ പിന്‍വലിക്കുക, വൈസ് ചാന്‍സലര്‍ രാജിവെക്കുക, രോഹിത് വെമുലയുടെ കുടുംബത്തിന് അഞ്ച് കോടി നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭകര്‍ മുന്നോട്ട് വെക്കുന്നത്. രോഹിതിന്റെ ബന്ധുവിന് സര്‍വകലാശാലയില്‍ ജോലി നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സമരം പടരുകയാണ്.
അതിനിടെ, പ്രക്ഷോഭ വേദിയിലേക്ക് നിരവധി രാഷ്ട്രീയ പ്രമുഖര്‍ എത്തി. പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് എല്ലാവരും മടങ്ങിയത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം സമരക്കാരായ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച് എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ക്യാമ്പസില്‍ എത്തിയത്.
സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബി എസ് പി നേതാവ് മായാവതി എന്നിവരാണ് ഇന്നലെ ക്യാമ്പസ് സന്ദര്‍ശിച്ച പ്രമുഖര്‍. ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്‍, മന്ത്രി രാം വിലാസ് പാസ്വാന്റെ സഹോദരന്‍ രാമചന്ദ്ര പാസ്വാന്‍ എന്നിവരും ക്യാമ്പസിലെത്തി. രോഹിതിന്റെ കുടുംബത്തെയും അവര്‍ സന്ദര്‍ശിച്ചു.
കഴിഞ്ഞ പാര്‍ലിമെന്റ് സമ്മേളനത്തിലാണ് പട്ടിക ജാതി, വര്‍ഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിന്റെ പരിഷ്‌കരിച്ച രൂപം പാസ്സാക്കിയത്. ഇത് പ്രകാരമുള്ള കുറ്റകൃത്യമാണ് സ്മൃതി ഇറാനിയും ദത്താത്രേയയും ചെയ്തത്. അതുക്കൊണ്ടുതന്നെ ഇവര്‍ക്കെതിരെ എത്രയും വേഗം കേസെടുക്കണം. യൂനിവേഴ്‌സിറ്റി വി സി രാജിവച്ചൊഴിയണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. സര്‍വകലാശാലയിലെത്തി വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂവര്‍ക്കുമെതിരെ കൃത്യമായ അന്വേഷണം നടത്തി അറസ്റ്റ് ചെയ്യണം. രോഹിത് വെമുലയുടെ ഫെല്ലോഷിപ്പ് തടഞ്ഞുവച്ച നടപടി നീതീകരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് സമരക്കാരെയും രോഹിതിന്റെ കുടുംബത്തെയും സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി തൃണമുല്‍ കോണ്‍ഗ്രസ് എം പി ദീരക് ഒബ്രീന്‍, പ്രദിമ മണ്ഡല്‍ എന്നിവര്‍ രണ്ട് മണിക്കൂര്‍ നേരം ക്യാമ്പസില്‍ ചെലവഴിച്ചിരുന്നു. എ ബി വി പിക്കാരുടെ പരാതിയില്‍ രോഹിതിനൊപ്പം പുറത്താക്കപ്പെട്ട നാല് ദളിത് വിദ്യാര്‍ഥികളുമായി അവര്‍ സംസാരിച്ചു.
വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് വൈ എസ് ജഗ്‌മോഹന്‍ റെഡ്ഢി, എം ഐ എം നേതാവ് അസദുദ്ദീന്‍ ഉവൈസി, ജനതാദള്‍ യുനൈറ്റഡ് നേതാക്കള്‍ തുടങ്ങിയവരും ക്യാമ്പസില്‍ എത്തി വിദ്യാര്‍ഥികളോട് സംസാരിക്കുകയും രോഹിതിന്റെ അമ്മയേയും സഹോദരനേയും സന്ദര്‍ശിക്കുകയും ചെയ്തു.