കേരള വികസന പ്രതിസന്ധി മുറിച്ചുകടക്കാന്‍

Posted on: January 21, 2016 6:30 am | Last updated: January 20, 2016 at 8:57 pm

-Vizhinjam-‘കേരളവികസനമാതൃക’യെന്ന പോലെ കേരളത്തിന്റെ വികസന പ്രതിസന്ധിയും വിശ്വവിഖ്യാതമാണ്. അര നൂറ്റാണ്ടിലേറെക്കാലത്തെ കേരളരാഷ്ട്രീയത്തെയും വികസനാനുഭവങ്ങളെയും വിലയിരുത്തി മാ്രതമേ വര്‍ത്തമാനവികസനപ്രതിസന്ധിയെ അതിജീവിക്കാനുള്ള രാഷ്ട്രീയ സമീപനം രൂപപ്പെടുത്താന്‍ കഴിയൂ.

വിവാദങ്ങളുയര്‍ത്തിക്കൊണ്ട് വികസന ആലോചനകളെയും രാഷ്ട്രീയ സംവാദങ്ങളെയും അസാധ്യമാക്കുന്ന സവിശേഷമായ ഒരു സാഹചര്യം കേരളത്തില്‍ രൂപപ്പെട്ടുവന്നിട്ടുണ്ട്. എന്താണ് വികസനം? അതിന്റെ പരിഗണനകള്‍ എന്തെല്ലാമായിരിക്കണം? വികസനത്തിന് രാഷ്ട്രീയമുണ്ടോ? തുടങ്ങി നാനാവശങ്ങള്‍ ഇന്ന് ഗൗരവാവഹമായ ചര്‍ച്ചക്ക് വിധേയമാകുന്നുണ്ട്. വര്‍ത്തമാന ലോകത്തില്‍ ആധിപത്യം വഹിക്കുന്ന മൂലധനതാത്പര്യങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്താനും സര്‍വരുടെയും ക്ഷേമവും ജീവിതസുരക്ഷിതത്വവും ഉറപ്പുവരുത്താനും പ്രാപ്തമായ നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ടുള്ള വികസനചര്‍ച്ചകള്‍ക്കേ ഇന്നത്തെ പ്രതിസന്ധികളെയും ദുരിതങ്ങളെയും മറികടക്കാന്‍ കഴിയൂ. ഭരണാധികാരികളുടെയും അക്കാദമിക് വിദഗ്ധന്മാരുടെയും മാധ്യമ ബുദ്ധിജീവികളുടെയും ചര്‍ച്ചാവിഷയമെന്നതിന്‍ നിന്ന് മാറി വികസന ചര്‍ച്ചകള്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിവരികയെന്നത് പ്രധാനമാണ്. മറ്റിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുവ്യത്യസ്തമായി കേരളത്തില്‍ ഇടതുപക്ഷശക്തികളുടെ ഇടപെടല്‍ മൂലം വികസന ചര്‍ച്ചകള്‍ എന്തെല്ലാം പരിമിതികള്‍ ഉണ്ടെങ്കിലും ബഹുജനങ്ങള്‍ക്കിടയില്‍ ഇറങ്ങിവരുന്നുണ്ട്.
കേരളത്തിന്റെ വികസനത്തിന് തടസ്സമായിനില്‍ക്കുന്നത് മൂലധന അപര്യാപ്തതയും ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ സമീപനങ്ങളുമാണെന്നാണ് യു ഡി എഫ് നേതൃത്വവും വലതുപക്ഷബുദ്ധിജീവികളും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്തരം പ്രചാരണങ്ങള്‍ യാഥാര്‍ഥ്യങ്ങളെ മറച്ചുപിടിക്കാനുള്ള മൂലധനശക്തികളുടെ മറുവിദ്യയാണെന്നതാണ് വസ്തുത. പൊതുമേഖലയെ വിറ്റഴിച്ചുകൊണ്ടും പൊതുവിതരണസമ്പ്രദായവും തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ആനുകൂല്യങ്ങള്‍ ഇല്ലായ്മചെയ്തുകൊണ്ടും ദുര്‍ബ്ബലവിഭാഗങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ക്ഷേമപദ്ധതികള്‍ നിര്‍ത്തലാക്കിക്കൊണ്ടും സര്‍ക്കാര്‍ എല്ലാവിധ സാമൂഹിക ഉത്തരവാദിത്തങ്ങളില്‍ നിന്നും പിന്മാറണമെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്.
കൃഷിയെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ട് വ്യവസായവത്കരണ സാധ്യതകള്‍ രൂപപ്പെടുത്തുകയെന്നത് കേരളത്തിന്റെ ആധുനികവത്കരണത്തില്‍ താത്പര്യമുള്ള എല്ലാവരുടെയും ഉത്തരവാദിത്വമാണ്. പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനവും നവീകരണവും, ഐ ടി വ്യവസായമടക്കമുള്ള ആധുനിക വ്യവസായങ്ങള്‍ കൊണ്ടുവരലും കേരളത്തിന്റെ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പ്രശ്‌നത്തിന് പരിഹാരം തേടുന്ന എല്ലാവരുടെയും നിര്‍ദേശമായി കഴിഞ്ഞിട്ടുണ്ട്. ഭൂസ്വത്ത് വിപണിയില്‍ നിക്ഷേപിക്കുന്ന നവസമ്പന്നവര്‍ഗങ്ങളും വിദേശമൂലധന സംരംഭകരും ഉയര്‍ത്തുന്ന ഭീഷണിയെ അതിജീവിച്ചു വ്യവസായത്തിനു കൂടി ഭൂമി ലഭ്യമാകുന്ന തരത്തില്‍ ശാസ്ത്രീയമായൊരു ഭൂവിനിയോഗ നയം കേരളീയ വ്യവസായവത്കരണത്തിന് അനിവാര്യമായിത്തീര്‍ന്നിരിക്കയാണ്. കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയുള്ള പാവപ്പെട്ട കൃഷിക്കാരന്റെ ഭൂമി ഒഴിപ്പിച്ചെടുക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതിയുടെ പശ്ചാത്തലത്തില്‍ ഇത് അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. വ്യവസായങ്ങള്‍ക്കാവശ്യമായ സംവിധാനങ്ങള്‍ സര്‍ക്കാരിന്റെയും സഹകരണപ്രസ്ഥാനങ്ങളുടെയും മുന്‍കൈയില്‍ വികസിപ്പിക്കാനും സ്വകാര്യ മൂലധനത്തെ സാമൂഹിക നിയന്ത്രണത്തില്‍ കൊണ്ടുവന്ന് ഉപയോഗപ്പെടുത്താനുള്ള സമീപനവും ഇച്ഛാശക്തിയുമാണ് ഇതിന് വേണ്ടത്.
നാല്‍പ്പത് ലക്ഷത്തിലധികം തൊഴില്‍രഹിതരുള്ള കേരളത്തില്‍ പുതിയ തൊഴില്‍ സാധ്യതകള്‍ വികസിപ്പിക്കാനുള്ള പ്രക്ഷോഭം വളര്‍ത്തിയെടുത്തുകൊണ്ടും കേന്ദ്ര സര്‍ക്കാറിന്റെ കൂടുതല്‍ നിക്ഷേപവും പദ്ധതികളും നേടിയെടുത്തുകൊണ്ടും വികസന പദ്ധതികള്‍ക്ക് ധനാഗമനമാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഐ ടി, ബി ടി, ടൂറിസം മേഖലകളില്‍ ഊന്നുമ്പോഴുള്ള നിഷേധാത്മകമായ ഫലങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തിക്കൊണ്ട് ഈ മേഖലകളില്‍ കേരളത്തിന്റെ സവിശേഷത കണക്കിലെടുത്തുകൊണ്ടുള്ള വികസന പദ്ധതികള്‍ നടപ്പാക്കണം. ഇടതുപക്ഷ ഭരണകാലത്തെ സ്മാര്‍ട്ട്‌സിറ്റി മാതൃകയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ തീറെഴുതാതെ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള കൂടുതല്‍ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കണം. ഐ ടി, ബി ടി രംഗങ്ങളില്‍ പഠനപ്രാവീണ്യം നേടിവരുന്നവരെ അന്താരാഷ്ട്ര തൊഴില്‍വിപണിയിലെ ഭാഗ്യാനേ്വഷണങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കാതെ അവരുടെ കഴിവും സേവനവും ഒരു പരിധിവരെയെങ്കിലും ഇവിടെത്തന്നെ ഉപയോഗപ്പെടുത്താന്‍ പര്യാപ്തമായ സാഹചര്യം സംജാതമാക്കണം.
ടൂറിസം വ്യവസായം തന്നെ വിനാശകരമാണെന്ന ധാരണ കേരളത്തില്‍ തീവ്രമാണ്. മുതലാളിത്തം ഇന്ന് ടൂറിസവ്യവസായത്തിലെ മുഖ്യ ആകര്‍ഷണമാക്കി ലൈംഗികതയും മദ്യവും ചൂതാട്ടവും മാറ്റിയിട്ടുണ്ട്. ആഗോളതലത്തില്‍ തന്നെ സെക്‌സ് ടൂറിസം സൃഷ്ടിക്കുന്ന അനാശാസ്യമായ പ്രവണതകളെയും എയ്ഡ്‌സ് വ്യാപനത്തെയുമെല്ലാം മനഷ്യസമൂഹമിന്ന് ഭീതിയോടെയാണ് നോക്കിക്കാണുന്നത്. ടൂറിസം അപകടമാണെന്ന തീവ്രമായ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായി, തായ്‌ലണ്ട് മോഡല്‍ വികസനത്തില്‍ നിന്ന് വ്യത്യസ്തമായി, ഒരു വിനോദസഞ്ചാരവ്യവസായത്തെ കേരളത്തിന്റെ പാരിസ്ഥിതികവും സാംസ്‌കാരികവുമായ സവിശേഷതകളെകൂടി പരിഗണനയിലെടുത്തുകൊണ്ട് രൂപപ്പെടുത്തണം. സഞ്ചാരികള്‍ക്ക് വിനോദസഞ്ചാരത്തിന് വാതില്‍ തുറന്നുകൊടുക്കുമ്പോള്‍ ജീര്‍ണതകള്‍ അവരോടൊപ്പം കടന്നുവരാതിരിക്കാനുള്ള ജാഗ്രത നമ്മള്‍ പുലര്‍ത്തുക എന്നത് വളരെ പ്രധാനമാണ്. അതോടൊപ്പം തന്നെ കേരളത്തിന്റെ കാര്‍ഷികഘടനയെ തകര്‍ക്കുന്നരീതിയില്‍ തോട്ടങ്ങളും തണ്ണീര്‍തടങ്ങളും ടൂറിസം വികസനത്തിന്റെ മറവില്‍ റിസോര്‍ട്ട് മാഫിയകള്‍ക്ക് കൈയടക്കാന്‍ സൗകര്യം ഒരുക്കിക്കൊടുക്കുന്ന ഭൂപരിഷ്‌കരണത്തിലെയും തണ്ണീര്‍തട സംരക്ഷണ നിയമത്തിലെയും ഭേദഗതികള്‍ ഉള്‍പ്പെടെയുള്ളവക്കെതിരെ ജാഗ്രതപുലര്‍ത്തേണ്ടതുണ്ട്. അത്തരം നീക്കങ്ങളെ എതിര്‍ത്തുതോല്‍പ്പിക്കേണ്ടതുണ്ട്.
വല്ലാപാടം ടെര്‍മിനല്‍, പുതുവൈപ്പ് പദ്ധതി, വിഴിഞ്ഞം തുറമുഖം പദ്ധതികളിലൂടെ പുതിയ തൊഴില്‍ സാധ്യതകള്‍ വികസിച്ചുവരുന്നതിനും ഊര്‍ജപ്രതിസന്ധി പരിഹാരത്തിനും പുതിയ സാധ്യതകളാണ് തുറന്നുകിട്ടുക. നിര്‍ഭാഗ്യവശാല്‍ ഇത്തരം പദ്ധതികളെല്ലാം ഇന്ന് സ്തംഭനത്തിലാണ്. അദാനിമാര്‍ക്ക് ഇത്തരം വികസനസാധ്യതകള്‍ റിയല്‍എസ്റ്റേറ്റ് വ്യാപാരതാല്പര്യങ്ങള്‍ക്കായി അടിയറവെക്കുന്ന യു ഡി എഫ് നയം വലിയ സാമൂഹിക പ്രതിസന്ധിക്ക് കാരണമാകുമെന്ന കാര്യത്തില്‍ സംശയമില്ല. സ്വകാര്യ മൂലധനത്തെ മുഖ്യമായും ആശ്രയിക്കാതെ ദേശീയ മൂലധനസാധ്യതകളുറപ്പിച്ചുകൊണ്ടുള്ള വികസനമാണ് കേരളത്തില്‍ രൂപപ്പെടുത്തിയെടുക്കേണ്ടത്. വിവിധതരം ടാക്‌സുകളും കുടിശ്ശികകളും മറ്റും പിരിച്ചെടുത്തുകൊണ്ടും കേന്ദ്ര വിഹിതവും നിക്ഷേപപദ്ധതികളും നേടിയെടുത്തുകൊണ്ടും വിദേശമലയാളികളിലൂടെ കേരളത്തിലൊഴുകിയെത്തുന്ന പണവും കേരളത്തിലെ ബേങ്കുകളിലൂടെ സമാഹരിക്കപ്പെടുന്ന പണനിക്ഷേപവും ഒരു നിശ്ചിതഭാഗമെങ്കിലും കേരളവികസനത്തിനുള്ള മൂലധനനിക്ഷേപമായി സമാഹരിച്ചുകൊണ്ടുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം. ഈ ദിശയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യമായ രാഷ്ട്രീയ സാഹചര്യം ഉറപ്പുവരുത്തുക എന്നത് ഇന്നത്തെ പ്രതിസന്ധിയെ മുറിച്ചുകടക്കുന്നതിനുള്ള മുന്നുപാധിയാണ്.
പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ.എം എ ഉമ്മന്‍ ഒരഭിമുഖത്തില്‍ ചൂണ്ടിക്കാട്ടിയത്, കേരളത്തിന്റെ നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും സ്രോതസ്സ് വിദേശപണത്തിന്റെ ഒഴുക്കാണെന്നാണ്. 2004-05-ല്‍ ഏഴ് ബില്യണ്‍ (1 ബില്യണ്‍ = 100 കോടി) കേരളത്തില്‍ എത്തിയിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ മതിപ്പ്. 1981-ല്‍ മൊത്തം സര്‍ക്കാര്‍ ചെലവിന്റെ 16 ശതമാനം മൂലധനചെലവായിരുന്നു. 2004-05-ല്‍ അത് നാല് ശതമാനത്തില്‍ താഴെയായി. കഴിഞ്ഞ 25 വര്‍ഷക്കാലം വര്‍ഷംതോറും 5.49 ശതമാനം കണക്കിന് മൂലധനചെലവുകള്‍ കുറഞ്ഞു. എം എ ഉമ്മന്‍ ഒരു ഏകദേശകണക്ക് അവതരിപ്പിച്ചുകൊണ്ട് സൂചിപ്പിക്കുന്നത് കഴിഞ്ഞ അര നൂറ്റാണ്ടില്‍ കേരളത്തില്‍ നാല്‍പ്പത്തിഒന്നായിരം കോടി ചെലവഴിക്കുകയുണ്ടായി. ഇത് ശരാശരി വാര്‍ഷിക കണക്ക് നോക്കുമ്പോള്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ അഞ്ച് ശതമാനം മാത്രമാണ്. ഇത് ഒരു വന്‍തുകയല്ലെങ്കിലും തന്ത്രപ്രധാനമായി നോക്കുമ്പോള്‍ നമ്മുടെ ആസൂത്രണം ഫലപ്രദമായിരുന്നുവെന്നോ എന്ന ചര്‍ച്ചയിലേക്കാണ് ഇത് ശ്രദ്ധ ക്ഷണിക്കുന്നത്. ഇത്തരം നിരീക്ഷണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ പ്രവാസികള്‍ ജോലിചെയ്യുന്ന രാജ്യങ്ങളിലെ പ്രതിസന്ധികളും സ്വദേശിവത്കരണവും പുതിയ പ്രതിസന്ധികള്‍ സമ്പദ്ഘടനയില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിലെ തൊഴില്‍സേനയുടെ 15 ശതമാനത്തിലേറെ ഗള്‍ഫ് മേഖലയിലാണല്ലോ. ഔദ്യോഗിക കണക്കനുസരിച്ച് സംസ്ഥാന വരുമാനത്തിന്റെ മൂന്നിലൊന്നോളം തുക ഗള്‍ഫില്‍ നിന്ന് എല്ലാവര്‍ഷവും കേരളത്തിലേക്ക് ഒഴുകുന്നുണ്ട്. 32 ലക്ഷത്തോളം മലയാളികള്‍ കേരളത്തിനു പുറത്ത് പണിയെടുത്ത് ഇവിടുത്തേക്ക് പണമയക്കുന്നു. ഇതില്‍ 22 ലക്ഷം വിദേശരാജ്യങ്ങളിലും 10 ലക്ഷത്തോളം പേര്‍ ഇതര സംസ്ഥാനങ്ങളിലുമാണ്. ജനസംഖ്യയുടെ 10-ല്‍ ഒരാള്‍ കേരളത്തിന് പുറത്താണ് തൊഴിലെടുക്കുന്നത്. അധ്വ്വാനശേഷിയുടെ വലിയൊരു ചോര്‍ച്ച തന്നെയാണ് ഇതിലൂടെ കാണുന്നത്. സമീപകാലത്ത് കേരളസമ്പദ്ഘടനനേരിടുന്ന മറ്റൊരു പ്രവണത ഇതര സംസ്ഥാനതൊഴിലാളികളുടെ കേരളത്തിലേക്കുള്ള വരവാണ്. 25 ലക്ഷത്തിലേറെ അന്യസംസ്ഥാനതൊഴിലാളികള്‍ കേരളത്തില്‍ പണിയെടുക്കുന്നു. ചില കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇതര സംസ്ഥാനതൊഴിലാളികള്‍ കേരളത്തില്‍ നിന്നും 14,000 കോടിരൂപയിലധികം പ്രതിവര്‍ഷം അവരുടെ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നുവെന്നാണ്. ഇതുസംബന്ധമായി ഗുലാനി ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ പഠനം കേരളവികസനചര്‍ച്ചയില്‍ സവിശേഷ പരിഗണന ആവശ്യപ്പെടുന്നതാണ്.
എല്ലാറ്റിനെയും കമ്പോളത്തിനും മത്സരത്തിനും വിടുന്ന നവലിബറല്‍ പരിഷ്‌കാരങ്ങള്‍ ആസൂത്രണത്തെതന്നെ അപ്രസക്തമാക്കിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ കേരളത്തിന്റെയും ഇന്ത്യയുടെയും ഭാവി ഉല്‍പ്പാദനപരമായ പദ്ധതികളുടെ ആസൂത്രണത്തിലൂടെയാണെന്ന തിരിച്ചറിവ് സാമൂഹിക ഉത്പാദനശക്തികളുടെ വളര്‍ച്ചക്കും ആധുനീകരണത്തിനും വേണ്ടിയുള്ള രാഷ്ട്രീയസമരങ്ങളെ പ്രസക്തമാക്കുന്നുണ്ട്. കോര്‍പറേറ്റ് വല്‍ക്കരണത്തെയും അമേരിക്കന്‍ മൂലധനാധിപത്യത്തെയും പ്രതിരോധിക്കുന്ന രാഷ്ട്രീയ കര്‍മപദ്ധതികളില്‍ തദ്ദേശീയമായ വ്യവസായവല്‍ക്കരണത്തിനും ജനാധിപത്യവല്‍ക്കരണത്തിനുംവേണ്ടിയുള്ള വികസന അജന്‍ഡ പ്രമുഖമാണെന്ന് മറ്റ് പല മൂന്നാംലോക രാജ്യങ്ങളുടെയും വികസനാനുഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
സാമൂഹ്യനീതിയും വികസനവും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ പ്രയോഗത്തില്‍കൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്ന് കോര്‍പറേറ്റ് മൂലധനവും ഹിന്ദുത്വ വര്‍ഗീയതയും ചേര്‍ന്ന് സൃഷ്ടിച്ചിട്ടുള്ളത്. ജനാധിപത്യരാഷ്ട്രീയത്തിനുപകരം മതരാഷ്ട്രവാദത്തിന്റെയും വംശീയവിദേ്വഷത്തിന്റെയും പ്രത്യയശാസ്ത്രവല്‍ക്കരണത്തിലൂടെ വികസനപ്രക്രിയകളില്‍ നിന്നും രാഷ്ട്രീയ സംവാദങ്ങളില്‍ നിന്നും ജനസമൂഹത്തെയാകെ അകറ്റിനിര്‍ത്താനുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്. നാടിന്റെ വിമോചനം, പുതിയൊരു സാമൂഹ്യവ്യവസ്ഥക്കായുള്ള പ്രവര്‍ത്തനം, വികസനം തുടങ്ങി ഭാവിയെ രൂപപ്പെടുത്താനുള്ള എല്ലാ സാമൂഹ്യപ്രക്രിയകളില്‍നിന്നും ജനങ്ങളെ അകറ്റിനിര്‍ത്തുന്ന വര്‍ഗീയവല്‍ക്കരണവും അരാഷ്ട്രീയവല്‍ക്കരണവും അസഹനീയമായ മാനങ്ങള്‍ കൈവരിച്ചിരിക്കുകയാണ്. ഈയൊരു സാഹചര്യം ഇടതുപക്ഷത്തോട് ആവശ്യപ്പെടുന്നത് വികസനത്തിനായുള്ള രാഷ്ട്രീയസംവാദങ്ങളും സാമൂഹ്യപുരോഗതിക്കായുള്ള പരിവര്‍ത്തനോന്മുഖമായ പ്രവര്‍ത്തനങ്ങളും ജനജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സജീവമാക്കിയെടുക്കാനാണ്.