കയ്യൊടിഞ്ഞിട്ടും മനം പതറാതെ സിവിക് ചാക്കോ ദഫ് മുട്ടി

Posted on: January 20, 2016 9:31 pm | Last updated: January 20, 2016 at 9:31 pm
SHARE

chakkoതിരുവനന്തപുരം: ബൈക്കില്‍ സഞ്ചരിക്കവെ ടയര്‍ പൊട്ടി അപകടത്തില്‍പ്പെട്ട് സിവിക് വി ചാക്കോയുടെ കൈയിന്റെ എല്ലും താടയെല്ലും പൊട്ടി. പ്ലാസ്റ്ററിട്ടിരുന്ന കൈ ദഫ്മുട്ട് മത്സരത്തിനായി അഴിപ്പിച്ച് പോരാട്ടത്തിന് ഒരുങ്ങി. വേദിയില്‍ വിധികര്‍ത്താക്കളുടെയും കാഴ്ചക്കാരുടെയും സഹ മത്സരാര്‍ഥികളുടെയും നെഞ്ചിടിപ്പ് വര്‍ധിച്ചു. വേദിയില്‍ മത്സരം മുഴുകി. ദഫ് കഴിയുന്നത് വരെ ഏവരും ശ്വാസം അടക്കിപിടിച്ചിരുന്നു. മത്സരം കഴിഞ്ഞതോടെ ചടുല താളങ്ങളുമായി മുന്നേറിയ ഈ മിടുക്കന് ആശംസാപ്രവാഹം.

കോട്ടയം സി എം എസ് കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം വര്‍ഷ സയന്‍സ് വിദ്യാര്‍ഥിയാണ് സിവിക് വി ചാക്കോ. ഇക്കഴിഞ്ഞ ഞായറാഴ്ച നാട്ടില്‍ നടന്ന പള്ളി പെരുന്നാളില്‍ പങ്കെടുക്കാനായി ബൈക്കില്‍ പോകുന്നതിനിടെയാണ് സിവികിന് അപകടം സംഭവിച്ച് കൈയിലെ എല്ല് പൊട്ടിയത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച് പ്ലാസ്റ്ററിട്ടത്. ഇതോടെ കൂടെയുള്ള സഹമത്സരാര്‍ഥികള്‍ ആകെ വിഷമത്തിലായെങ്കിലും ഇതൊന്നും സിവികിനെ ബാധിച്ചില്ല. തുടര്‍ന്ന് പരിശീലനത്തിന് എത്തിയില്ലെങ്കിലും സംസ്ഥാന കലോത്സവ മത്സരത്തില്‍ മാറ്റുരക്കാന്‍ ഇവന്‍ മുന്നിട്ടിറങ്ങി. ഇത് ടീമംഗങ്ങള്‍ക്കും ആവേശം നല്‍കി. മുറുകിയ പോരില്‍ എ ഗ്രേഡ് നേടാനും ടീമിനായി. ഇതിന്റെ സന്തോഷത്തിലാണ് സ്‌കൂള്‍ അധികൃതര്‍. മത്സരത്തിന് ശേഷം വീണ്ടും പ്ലാസ്റ്ററിട്ടിരിക്കുകയാണ്.