ഖത്വര്‍ എയര്‍വേയ്‌സ് വീഡിയോ ഹിറ്റായി; ഇതിനകം കണ്ടത് 40 ദശലക്ഷം പേര്‍

Posted on: January 20, 2016 7:31 pm | Last updated: January 22, 2016 at 8:36 pm
SHARE
ബാഴ്‌സ താരങ്ങള്‍ പരസ്യത്തില്‍
ബാഴ്‌സ താരങ്ങള്‍ പരസ്യത്തില്‍

ദോഹ: വിമാന സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ഫുട്‌ബോള്‍ മൈതാനത്തിന്റെ പശ്ചാത്തലത്തില്‍ എഫ് സി ബാഴ്‌സലോണ താരങ്ങളെ അണിനിരത്തി ചിത്രീകരിച്ച ഖത്വര്‍ എയര്‍വേയ്‌സ് വീഡിയോ വന്‍ ഹിറ്റ്. ഡിസംബറില്‍ വീഡിയോ പുറത്തിറക്കി ഇതുവരെ നാനൂറു ലക്ഷം ആളുകലാണ് വീഡിയോ കണ്ടത്. ഖത്വര്‍ എയര്‍വേയ്‌സ് ന്യൂ ബ്രാന്‍ഡ് കാംപയിന്റെ ഭാഗമായാണ് വീഡിയോ പുറത്തിറക്കിയത്.
ഓണ്‍ലൈനിലും ടി വിയിലുമായി 300 ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു. പത്തു ലക്ഷം പേര്‍ വിമാനയാത്രക്കിടയിലും കണ്ടു. ബാഴ്‌സലോണ താരങ്ങളായ മെസ്സി, നെയ്മര്‍, സുവാരസ്, പീക്വേ, റാക്ടിക് എന്നിവരാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. കളിക്കാര്‍ പിച്ചിലേക്കു വരുന്നതിന്റെയും മറ്റും പശ്ചാത്തലത്തിലാണ് വിമാനത്തിലെ ഓരോ സുരക്ഷാ നിര്‍ദേശങ്ങളും നല്‍കുന്നത്. ഈ വീഡിയോ ഇനി മുതല്‍ ഖത്വര്‍ എയര്‍വേയ്‌സ് വിമാനങ്ങളിലും ഉപയോഗിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുവഴി കൂടുതല്‍ പേരിലേക്ക് വീഡിയോ എത്തും.
വിമനയാത്രക്കാര്‍ക്ക് വ്യത്യസ്തമായ അനുഭവങ്ങളുണ്ടാക്കുന്നതിന് നേരത്തേയും തങ്ങള്‍ സ്വന്തം സര്‍ഗാത്മകതകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അതുപോലെ സ്വീകാര്യത ലഭിച്ച ഒന്നായി പുതിയ വീഡിയോ മാറുകയാണെന്നും ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാക്കിര്‍ പറഞ്ഞു. വിമാനത്തിന് സുരക്ഷ അതിപ്രധാനമായതിനാല്‍ പുതിയ വീഡിയോ യാത്രക്കാരിലേക്ക് സുരക്ഷാ സന്ദേശം കൂടുതല്‍ ഫലവത്തായി എത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.