വിമാന ടിക്കറ്റ് തട്ടിപ്പ്: ഫലസ്തീനിക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ

Posted on: January 20, 2016 6:52 pm | Last updated: January 20, 2016 at 6:52 pm

indian-jails1ദോഹ: വിമാന ടിക്കറ്റ് തട്ടിപ്പ് നടത്തിയ ഫലസ്തീനിക്ക് ദോഹ ക്രിമിനല്‍ കോടതി മൂന്ന് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. തട്ടിപ്പില്‍ പങ്കാളികളായ ഫലസ്തീനികളായ മറ്റ് എട്ടുപേര്‍ക്ക് അഞ്ച് വര്‍ഷം ജയില്‍ശിക്ഷയുണ്ട്. ഇവര്‍ രാജ്യത്തിന് പുറത്താണ്. തങ്ങളുടെ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയിലൂടെ 35 ശതമാനം ഇളവില്‍ ടിക്കറ്റ് ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ട്രാഫിക് പിഴയില്‍ ഇളവ് ലഭ്യമാക്കാമെന്നും പറഞ്ഞും ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
ഐ ഡി കോപ്പി, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ മോഷ്ടിച്ച് ഓണ്‍ലൈന്‍ ആയി വിമാന ടിക്കറ്റ് വാങ്ങിയെന്ന ഖത്വരി പൗരന്റെ പരാതിയെ തുടര്‍ന്നാണ് വിഷയം അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. പണം തട്ടിയതിന്റെ ബേങ്ക് സ്റ്റേറ്റ്‌മെന്റും ഹാജരാക്കിയിരുന്നു. വിമാനടിക്കറ്റ് ഇളവ് പ്രഖ്യാപിച്ച് ഇവര്‍ ഓണ്‍ലൈന്‍ പരസ്യം നല്‍കിയിരുന്നു. വാട്ട്‌സ്ആപ്പിലൂടെയാണ് തങ്ങളുടെ ഉപഭോക്താക്കളെ ഇവര്‍ ബന്ധപ്പെട്ടിരുന്നത്. റഷ്യന്‍ വെബ്‌സൈറ്റിലൂടെയാണ് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയത്.
ട്രാഫിക് പിഴ അടക്കാനും വിമാനടിക്കറ്റ് വാങ്ങാനും ഈ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗപ്പെടുത്തുകയായിരുന്നു.