Connect with us

Gulf

നഴ്‌സ്, ഫാര്‍മസിസ്റ്റ് ലൈസന്‍സ്: പ്രവാസികളുടെ മക്കള്‍ക്ക് ഇളവ്‌

Published

|

Last Updated

ദോഹ: നഴ്‌സ്, ഫാര്‍മസിസ്റ്റ്, അലൈഡ് ഹെല്‍ത്ത് പ്രാക്ടീഷനേഴ്‌സ് തുടങ്ങിയവരുടെ ലൈസന്‍സ് നടപടികളില്‍ ഇളവ് വരുത്തി. ഖത്വരികളുടെയോ ഇവിടെ താമസിക്കുന്ന വിദേശികളുടെയോ മക്കളോ ദമ്പതികളോ ആയ വിദേശത്ത് നിന്ന് ഡിഗ്രിയെടുത്തവര്‍ക്കാണ് ഇളവ് നല്‍കുക. ഖത്വര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും ഇളവ് ലഭിക്കും. പുതിയ നിയമം സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തിലെ പെര്‍മനന്റ് ലൈസന്‍സിംഗ് കമ്മിറ്റി അംഗീകരിച്ചു.
ഈ വിഭാഗങ്ങളിലുള്ളവര്‍ക്ക് പ്രവൃത്തി പരിചയം വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ടെന്നും ഖത്വര്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത്‌കെയര്‍ പ്രാക്ടീഷണേഴ്‌സ് (ക്യു സി എച്ച് പി) പുറത്തിറക്കിയ സര്‍ക്കുലര്‍ പറയുന്നു. പരിശോധന, തെറാപ്പി, രോഗികളെ നേരിട്ട് പരിപാലിക്കല്‍, സപ്പോര്‍ട്ട്, സാങ്കേതിക സേവനം തുടങ്ങിയവ ചെയ്യുന്നവരാണ് അലൈഡ് ഹെല്‍ത്ത് പ്രാക്ടീഷനേഴ്‌സ്. ആരോഗ്യരംഗത്തെ പ്രൊഫഷനുകള്‍ക്ക് ഇവര്‍ പ്രധാനപ്പെട്ടതാണ്.
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, പ്രൈമറി ഹെല്‍ത്ത്‌കെയര്‍ കോര്‍പറേഷന്‍, സിദ്‌റ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ തുടങ്ങിയയിടങ്ങളില്‍ ജോലിക്ക് അപേക്ഷിക്കുന്ന നേരത്തെ പറഞ്ഞ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഏറ്റവും ചുരുങ്ങിയ പ്രവൃത്തി പരിചയം ആവശ്യമില്ല. എസ് സി എച്ചിന്റെ മാനദണ്ഡപ്രകാരമുള്ള ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയാല്‍ മതിയാകും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ തുടങ്ങിയ മേഖലകളിലെ മറ്റ് സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സുള്ള ഹെല്‍ത്ത് കെയര്‍ പ്രാക്ടീഷണറുടെ മേല്‍നോട്ടത്തില്‍ ഒരു വര്‍ഷത്തെ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയവരാകണം. ഇവര്‍ക്ക് ട്രെയിനിംഗ് ആരംഭിക്കുന്നതിന് മുമ്പായി ക്യു സി എച്ച് പി ഒരു കത്ത് നല്‍കും.
അതിനിടെ, ആയുര്‍വേദമടക്കമുള്ള പുതിയ ചികിത്സാ രീതികള്‍ രാജ്യത്ത് നിലവില്‍ വരുന്നത് തദ്ദേശീയര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അംഗീകാരം ലഭിച്ച ചികിത്സാ വിഭാഗങ്ങളില്‍ രജിസ്‌ട്രേഷന്‍ നേടുന്നതിന് കൗണ്‍സിലിനെ നിരവധി സ്വദേശികള്‍ സമീപിച്ചിട്ടുണ്ട്. ദിവസവും അനവധി കോളുകള്‍ വരുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

Latest