Connect with us

Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ പുതുക്കിയ ശമ്പള സ്‌കെയില്‍ അടുത്ത മാസം മുതല്‍

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പുതുക്കിയ ശമ്പളവും അലവന്‍സും അടുത്തമാസം മുതല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 2014 ജൂലായ് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തിലായിരിക്കും ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക. ശമ്പള കുടിശ്ശിക രണ്ടര വര്‍ഷം കൊണ്ട് ഗഡുക്കളായി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പത്താം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് ഭേദഗതികളോടെ നടപ്പാക്കും. ഭേദഗതികളിലൂടെ 8122 കോടിയുടെ ബാധ്യത 7,222 കോടിയായി കുറച്ചുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മിനിമം വേതനം 16,500 രൂപയാക്കി ഉയര്‍ത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചുരുങ്ങിയ വര്‍ധന 2000 രൂപയും കൂടിയ വര്‍ധന 12000 രൂപയുമാണ്. പെന്‍ഷകാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ലഭിക്കും. കമ്മീഷന്‍ ശിപാര്‍ശ ചെയ്ത ബത്തകള്‍ അതേപടി നല്‍കും. പെന്‍ഷന്‍ നിര്‍ണയത്തിനുള്ള ശുപാര്‍ശകളും അംഗീകരിച്ചു. സര്‍വകലാശാലകളിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം ശമ്പളം ലഭിക്കും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്ര ജീവനക്കാരുടേതിന് തുല്യമായ ശമ്പളവും മറ്റാനുകൂല്യങ്ങളും ശുപാര്‍ശ ചെയ്യുന്ന ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ പത്താം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിന്റെ നടപടി. ശമ്പള പരിഷ്‌ക്കരണത്തിന് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു. ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേലുള്ള മന്ത്രിസഭാ ഉപസമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു.

പുതുക്കിയ ശമ്പളം ചില പ്രധാന തസ്തികകളുടേത്

എല്‍ഡി ക്ലര്‍ക്ക് 19,000 രൂപ (നിലവില്‍ 9940 രൂപ)

പൊലീസ് കോണ്‍സ്റ്റബിള്‍ 22,200 രൂപ (നിലവില്‍ 10,480 രൂപ)

എല്‍പി/യുപി ടീച്ചര്‍ 25,200 രൂപ (നിലവില്‍ 13,210)

ഹൈസ്‌കൂള്‍ ടീച്ചര്‍ 29.200 രൂപ (നിലവില്‍ 15,380 രൂപ)

അസിസ്റ്റന്റ് ടീച്ചര്‍ 39,500 രൂപ (നിലവില്‍ 20,740)

അസിസ്റ്റന്റ് സര്‍ജന്‍ 51,600 രൂപ (നിലവില്‍ 27140 രൂപ)

സ്റ്റാഫ് നഴ്‌സ് 27,800 രൂപ (നിലവില്‍ 13,900 രൂപ)