Connect with us

Ongoing News

ദഫ്മുട്ടില്‍ ആര് ജയിച്ചാലും സന്തോഷം കോയ കാപ്പാടിന്‌

Published

|

Last Updated

Koya kappad with team

ഹയര്‍സെക്കന്‍ഡറി വിഭാഗം ഡഫ് മുട്ടില്‍ എ ഗ്രേഡ് നേടിയ കോഴിക്കോട് തിരുവങ്ങൂര്‍ എച്ച് എസ്സ് എസ്സില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പരിശീലകന്‍ കോയ കാപ്പാടിനൊപ്പം

തിരുവനന്തപുരം: മാപ്പിളകലകളില്‍ ഏറ്റവും ശ്രദ്ധേയമായ ദഫ്മുട്ടില്‍ ഇത്തവണയും കോയ കാപ്പാടിന്റെ ശിഷ്യര്‍ക്ക് ആധിപത്യം. കോയ കാപ്പാട് പരിശീലിപ്പിച്ച 90 കുട്ടികളാണ് ഇത്തവണ സംസ്ഥാന കലോത്സവത്തില്‍ ദഫ്മുട്ടില്‍ പങ്കെടുത്തത്. കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലാണ് കോയ കാപ്പാടിന്റെ ശിഷ്യര്‍ അരങ്ങില്‍ മാറ്റുരക്കുന്നത്. ദഫ്മുട്ട് കൂടാതെ അറബനയിലും ഇദ്ദേഹത്തിന്റെ കുട്ടികള്‍ മത്സരിക്കുന്നുണ്ട്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇദ്ദേഹത്തിന്റെ കീഴില്‍ പരിശീലനം നേടിയ കൊണ്ടോട്ടി കൊട്ടുകര സ്‌കൂള്‍ ടീമാണ് വിജയകൊടി പാറിച്ചത്.

കോയ കാപ്പാട്

കോയ കാപ്പാട്

കഴിഞ്ഞ 25 വര്‍ഷമായി ദഫ്മുട്ട് കലാ രംഗത്ത് നിറസാന്നിധ്യമാണ് കോയ കാപ്പാട്. ദഫില്‍ ഈണത്തിനും താളത്തിനും കൃത്യതയും പഴമയുടെ ഭംഗിയും നിലനിര്‍ത്തിയാണ് അദ്ദേഹം ടീമുകളെ പരിശീലിപ്പിക്കുന്നത്. പഴയ ബൈത്തുകള്‍ തന്നെയാണ് ഇന്നും ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. പിതാവ് ആലസ്സം വീട്ടില്‍ അഹമ്മദ് മുസ്‌ലിയാരുടെ പാത പിന്തുടര്‍ന്നാണ് കോയ കാപ്പാട് ദഫ്മുട്ടില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയത്. ബാപ്പയുടെ പിതൃ സഹോദരനും വിഷ ചികിത്സകനുമായ സയ്യിദ് അഹമ്മദ് മുസ്‌ലിയാര്‍ 1885ല്‍ തുടങ്ങി വെച്ച കാപ്പാട് സംഘത്തിന് ഇന്ന് നേതൃത്വം നല്‍കുന്നത് കോയ കാപ്പാടാണ്. 1994 മുതല്‍ സംസ്ഥാന കലോത്സത്തില്‍ മത്സരാര്‍ഥികളെ പങ്കെടുപ്പിക്കാനും വിജയികളെ സൃഷ്ടിക്കുന്നതിനും ഇവര്‍ക്കായി. തന്റെ ശിഷ്യ ഗണങ്ങളില്‍ ആര് മത്സരിച്ച് വിജയിച്ചാലും ആലസ്സം വീട്ടില്‍ കോയ കപ്പാടിന് സന്തോഷം മാത്രം.

ബിഹാറിലെ മുസഫിര്‍പൂര്‍ അബേദ്കര്‍ യൂനിവേഴ്‌സിറ്റിയിലെ സൂഫിസത്തില്‍ പി എച്ച് ഡി ചെയ്തു വരികയാണ്. ഈ മാസത്തോടെ കോഴ്‌സ് പൂര്‍ത്തീകരിക്കും. ആസ്‌ത്രേലിയ ബ്രിസ്ബണ്‍, ഫിജി തുടങ്ങിയ രാജ്യങ്ങളില്‍ ഇദ്ദേഹത്തിന് കീഴില്‍ ദഫ്മുട്ടിന് ശാഖകളുണ്ട്. കോഴിക്കോട് മര്‍ക്കസില്‍ ദഫ് ക്ലാസിന് നേതൃത്വം നല്‍കുന്നതും എസ് എസ് എഫ് സാഹിത്യോത്സത്തില്‍ ജഡ്ജിംഗ് പാനലിലെ സ്ഥിരാംഗവുമാണ്. ഭാര്യ: സൗദ. മക്കള്‍: ജുവൈരിയ, ജുനൈദ്.