സി ബി എസ് ഇ പത്തും പന്ത്രണ്ടും ക്ലാസ് പരീക്ഷ മാര്‍ച്ച് ഒന്ന് മുതല്‍

Posted on: January 20, 2016 4:15 pm | Last updated: January 20, 2016 at 4:15 pm

cbseഷാര്‍ജ:ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ സി ബി എസ് ഇ വാര്‍ഷികപ്പരീക്ഷ മാര്‍ച്ച് ഒന്നിന് ആരംഭിക്കും. ഒന്നര മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന പരീക്ഷ ഏപ്രില്‍ 16നു അവസാനിക്കും. പത്തും പന്ത്രണ്ടും ക്ലാസ് പരീക്ഷയാണ് ഒന്നും ആരംഭിക്കുക. പന്ത്രണ്ടാം തരം പരീക്ഷ ഒന്നിനും പത്താം തരം പരീക്ഷ രണ്ടിനുമാണ് തുടങ്ങുക. പരീക്ഷാ ടൈംടേബിളുകള്‍ സ്‌കൂള്‍ അധികൃതര്‍ പ്രസിദ്ധീകരിക്കുകയും വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇംഗ്ലീഷ് എലക്ടീവ് സി പരീക്ഷയോടെയാണ് പന്ത്രണ്ടാം തരത്തിന്റെ തുടക്കം. പത്താം തരം പരീക്ഷ സയന്‍സ് വിഷയത്തോടെയും തുടങ്ങും. മാര്‍ച്ച് രണ്ട്, മൂന്ന്, എട്ട്, പത്ത്, 15, 19,26 എന്നീ തിയ്യതികളിലാണ് പത്താം തരം പരീക്ഷ. യഥാക്രമം സയന്‍സ്, ഫ്രഞ്ച്, ഹിന്ദികോ സി ബി, സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, മലയാളം, അറബിക് എന്നിവയാണ് വിഷയങ്ങള്‍. ഏഴ് ദിവസമാണ് നീണ്ടുനില്‍ക്കുക. ദിവസങ്ങള്‍ ഇടവിട്ടാണ് പരീക്ഷ. ചില വിദ്യാലയങ്ങളില്‍ വിഷയങ്ങളിലും തീയതിയിലും മാറ്റമുണ്ടാകും.
അതേസമയം, മാര്‍ച്ച് ഒന്ന്, മൂന്ന്, അഞ്ച്, ഒമ്പത്, പന്ത്രണ്ട്, പതിനാല്, പതിനേഴ്, 21, 26, 31, ഏപ്രില്‍ രണ്ട്, പന്ത്രണ്ട്, പതിനാറ് എന്നീ ദിവസങ്ങളിലാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ. യഥാക്രമം ഇംഗ്ലീഷ് എലക്ടീവ് സി, ബിസിനസ് സ്റ്റഡീസ്, ഫിസിക്‌സ്, കെമിസ്ട്രി, എഞ്ചനീയറിംഗ് ഗ്രാഫിക്‌സ്, മാത്തമാറ്റിക്‌സ്, എക്കൗണ്ടന്‍സി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്, സൈക്കോളജി, ഹോം സയന്‍സ് എന്റര്‍പ്രണര്‍ഷിപ്പ് തുടങ്ങിയവയാണ് പരീക്ഷാ വിഷയങ്ങള്‍. ഓരോ പരീക്ഷക്കും നാലും അഞ്ചും ദിവസത്തെ വിടവുണ്ട്. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കു പഠിക്കാനും ഏറെ സമയം ലഭിക്കും. 13 ദിവസമാണ് പരീക്ഷയുള്ളതെങ്കിലും ഒന്നര മാസത്തിലധികമാണ് നീണ്ടുനില്‍ക്കുക. വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ച ഇത്തവണ മിക്ക വിദ്യാലയങ്ങളിലും പരീക്ഷയില്ല. കഴിഞ്ഞ വര്‍ഷം വരെ ഈ ദിവസങ്ങളിലും പരീക്ഷയുണ്ടായിരുന്നു. പരീക്ഷ കാലയളവില്‍ രണ്ടു വെള്ളിയാഴ്ചയെങ്കിലും പരീക്ഷ ഉണ്ടാകാറുണ്ടായിരുന്നു പതിവ്. എന്നാല്‍ മറ്റൊരു അവധിദിനമായ ശനിയാഴ്ച പരീക്ഷ നടക്കുന്നുണ്ട്. ആറ് ശനിയാഴ്ചകളിലാണ് ഈ വര്‍ഷം പരീക്ഷയുള്ളത്. ഗള്‍ഫില്‍ എല്ലായിടത്തും ഒരേ ദിവസം തന്നെയാണ് പരീക്ഷ തുടങ്ങുക. ഇന്ത്യയിലെ സി ബി എസ് ഇ പരീക്ഷകളും അന്ന് തന്നെ തുടങ്ങും. യു എ ഇയിലെ പരീക്ഷാ കേന്ദ്രങ്ങള്‍ എവിടെയൊക്കെയാണെന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഷാര്‍ജ ഇന്ത്യന്‍സ്‌കൂള്‍ പരീക്ഷാ കേന്ദ്രങ്ങളിലൊന്നായി നിശ്ചയിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 20 ഓളം കേന്ദ്രങ്ങളാണുണ്ടായിരുന്നത്. പത്തും പന്ത്രണ്ടും ക്ലാസുകളിലെ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയിരുന്നത്. ഇത്തവണയും കേന്ദ്രങ്ങളുടെ എണ്ണം കൂടാന്‍ സാധ്യതയില്ല. പരീക്ഷയുമായി ബന്ധപ്പെട്ട് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ഒട്ടേറെ മാറ്റങ്ങള്‍ സി ബി എസ് ഇ അധികൃതര്‍ വരുത്തിയിട്ടുണ്ട്. പരീക്ഷാര്‍ഥികള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും ഗുണകരമാകുന്ന രീതിയിലാണ് മാറ്റങ്ങള്‍. പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ വിദ്യാര്‍ഥികള്‍ ആരംഭിച്ചുകഴിഞ്ഞു. സ്‌കൂള്‍ അധികൃതരും ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
ഇത്തരം ക്ലാസുകളിലെ പരീക്ഷകള്‍ മാര്‍ച്ച് ആദ്യവാരത്തോടെ ആരംഭിക്കും. ഈ പരീക്ഷ മേല്‍നോട്ടം വഹിക്കുന്നത് സ്‌കൂള്‍ അധികൃതര്‍ തന്നെയാണ്. ഓരോ ക്ലാസിലേക്കുമുള്ള ചോദ്യപേപ്പറുകളും മറ്റും തയ്യാറാക്കുന്ന നടപടികള്‍ അടുത്തദിവസങ്ങളില്‍ തുടങ്ങും. ഇതിന്റെ ഒരുക്കങ്ങള്‍ക്കും തുടക്കം കുറിച്ചു. ഏപ്രില്‍ ആദ്യവാരത്തിലാണ് പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നത്.